
ആലപ്പുഴ: 2005ലെ കേരള പേപ്പർ ലോട്ടറിച്ചട്ടത്തിൽ ഭേദഗതി വരുത്തി സംസ്ഥാന സർക്കാർ വിജ്ഞാപനമിറക്കി. ഇതോടെ കേരള ഭാഗ്യക്കുറിയുടെ വിൽപ്പന ഇതര സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലും നിയമവിധേയമാകും. വിൽക്കേണ്ട സംസ്ഥാനങ്ങളെയും വിതരണ ഏജന്റിനെയും സർക്കാർ തീരുമാനിക്കും.
സംസ്ഥാനത്തിന്റെ അധികാരപരിധിക്കുള്ളിൽ അനധികൃതമായി ലോട്ടറി നടത്തിയാൽ രണ്ടുവർഷംവരെ കഠിനതടവും പിഴയും ശിക്ഷയുമുണ്ട്. ടിക്കറ്റുകളോ അതിന്റെ നമ്പരുകളോ ഏതെങ്കിലും കോമ്പിനേഷനിലോ ചിത്രങ്ങൾ ഉൾപ്പെടെ ഏതെങ്കിലും രൂപത്തിലോ ഓൺലൈനായോ സാമൂഹികമാധ്യമം വഴിയോ വിറ്റാൽ ശിക്ഷയുണ്ട് എന്നും ഭേദഗതിയിൽ പറയുന്നു.
നിയമവിധേയമായ സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലും അല്ലാതെ മറ്റെവിടെയും വിൽക്കുന്നില്ലെന്ന് ഏജന്റ് ഉറപ്പാക്കണം. ബാങ്ക് ഗ്യാരന്റിയുടെ അടിസ്ഥാനത്തിൽ ഏജന്റുമാർക്ക് ടിക്കറ്റ് കടം നൽകാനുള്ള വ്യവസ്ഥയും ഭേദഗതിയിൽ ഉൾപ്പെടുത്തി. പുതിയ ഭേദഗതി അനുസരിച്ച് ലോട്ടറി ഓഫീസുകളിൽനിന്ന് പരമാവധി അരലക്ഷംമുതൽ 50 ലക്ഷംവരെ രൂപയുടെ ടിക്കറ്റുകൾ ഏജന്റുമാർക്ക് കടമായി വാങ്ങാം.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ബാങ്ക് ഗ്യാരന്റിയുടെ 90 ശതമാനംവരെയാണു കടം കിട്ടുക. നിശ്ചിത ദിവസത്തിനുമുൻപ് മുഴുവൻ തുകയും തിരിച്ചടയ്‌ക്കുന്നത് വൈകിയാൽ 18 ശതമാനം പലിശയോടെ തുക ബാങ്ക് ഗ്യാരന്റിയിൽനിന്ന് ഈടാക്കും. ലോട്ടറി സംസ്ഥാനത്തിനുപുറത്തു വിൽക്കാൻ ഇതുവരെ അനുമതിയില്ലായിരുന്നു.
എന്നാൽ, അനധികൃത വിൽപ്പന വ്യാപകമായിരുന്നു. ഇതരസംസ്ഥാനത്തെ വിപണനസാധ്യത മുന്നിൽക്കണ്ടാണ് ഭേദഗതി. വൻകിട ഏജന്റുമാർക്ക് അനുകൂലമായ വ്യവസ്ഥകളും ഭേദഗതിയിലുണ്ട്. അസം, അരുണാചൽ പ്രദേശ്, പശ്ചിമ ബംഗാൾ, മേഘാലയ, നാഗാലാൻഡ്, മിസോറം, ഗോവ, മഹാരാഷ്‌ട്ര, മണിപ്പുർ, മധ്യപ്രദേശ്, പഞ്ചാബ്, സിക്കിം എന്നിവിടങ്ങളിലാണ് ലോട്ടറി അംഗീകൃതമായിട്ടുള്ളത്.
പക്ഷെ ഇവിടങ്ങളിലെ സർക്കാരുമായി ധാരണയിലെത്തിയാൽ മാത്രമേ അവിടെ വിൽക്കാനാകൂ. കുത്തകക്കാരെയും കോർപ്പറേറ്റുകളെയും സഹായിക്കുന്നതാണ് പുതിയ ഭേദഗതി എന്നും ഇപ്പോൾത്തന്നെ കേരളത്തിൽ വേണ്ടത്ര ലോട്ടറി ടിക്കറ്റ് സാധാരണ വിതരണക്കാർക്കു കിട്ടുന്നില്ല എന്നും കേരള ലോട്ടറി ഏജന്റ്സ് ആൻഡ് സെല്ലേഴ്സ് അസോസിയേഷൻ പറഞ്ഞു. ഇതരസംസ്ഥാനത്തേക്കു വിൽപ്പന വ്യാപിപ്പിക്കുമ്പോൾ, അവിടത്തെ ലോട്ടറി കേരളത്തിലേക്കും വരാൻ വഴിതുറക്കും എന്നും അവർ ആരോപിക്കുന്നു.