മാർഗനിർദ്ദേശങ്ങളിൽ വെള്ളം ചേർത്തു, ബാർബർഷോപ്പുകളും ഹോട്ടലുകളും തുറക്കാൻ അനുമതി നൽകിയത് നിർദ്ദേശം ലംഘിച്ച് ; ലോക് ഡൗൺ നിയന്ത്രണ ഇളവുകൾ പിൻവലിച്ചേക്കും : കേരളത്തോട് വിശദീകരണം തേടി കേന്ദ്ര ആഭ്യന്തര മന്ത്രാലയം
സ്വന്തം ലേഖകൻ
ന്യൂഡൽഹി: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്ത് നിലനിൽക്കുന്ന ലോക് ഡൗൺ നിർദ്ദേശങ്ങൾ കേരളം ലംഘിച്ചുവെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ഏപ്രിൽ 15ന് കേന്ദ്രം പുറപ്പെടുവിച്ച മാർഗനിർദേശം കേരളം തെറ്റിച്ചുവെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ചൂണ്ടിക്കാണിച്ചിരിക്കുന്നത്.
ഇതോടെ സംഭവത്തിൽ കേരളത്തോട് വിശദീകരണം തേടി ചീഫ് സെക്രട്ടറിക്ക് കേന്ദ്ര ആഭ്യന്തരമന്ത്രാലയം കത്തയച്ചു. ലോക് ഡൗണിൽ കേരളത്തിൽ ബാർബർഷോപ്പുകളും ഹോട്ടലുകളും തുറക്കാൻ സംസ്ഥാന സർക്കാർ അനുമതി നൽകിയിരുന്നു എന്നാൽ ഇത് രാജ്യത്ത് പ്രഖ്യാപിച്ച ലോക്ക്ഡൗൺ ചട്ടലംഘനമാണെന്നാണ് കേന്ദ്രത്തിന്റെ കണ്ടെത്തൽ.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കൂടാതെ സംസ്ഥാനത്ത് പുസ്തകശാലകളും വർക്ക്ഷോപ്പുകളും തുറന്നതും തെറ്റാണെന്നും കേന്ദ്രം വ്യക്തമാക്കി. കാറിൽ രണ്ട് പിൻസീറ്റ് യാത്രക്കാരെ അനുവദിച്ചത് തെറ്റാണെന്നും കേന്ദ്രം ചൂണ്ടിക്കാട്ടി.
കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച മാർഗ നിർദ്ദേശങ്ങളിൽ കേരളം വെള്ളം ചേർത്തെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. കേരളത്തിന്റെ വിശദീകരണം ലഭിച്ചശേഷം തുടർനടപടികൾ ഉണ്ടാകുമെന്നാണ് സൂചന.
കേരളത്തിൽ ഏഴ് ജില്ലകളിലാണ് ലോക്ക്ഡൗൺ ഇളവുകൾ പ്രഖ്യാപിച്ചിരിക്കുന്നത്. ഗ്രീൻ, ഓറഞ്ച് ബി മേഖലകളിലാണ് ഇന്ന് മുതൽ ഇളവുകൾ പ്രഖ്യാപിച്ചിരിക്കുന്നത്. കോട്ടയം, ഇടുക്കി ജില്ലകളാണ് ഗ്രീൻ മേഖലയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. തിരുവനന്തപുരം, ആലപ്പുഴ, തൃശൂർ, പാലക്കാട്, വയനാട് എന്നീ ജില്ലകളാണ് ഓറഞ്ച് ബി മേഖലയിൽ ഉൾപെടുത്തിയിരിക്കുന്നത്.
അതേ സമയം ഇളവുകൾ ഉള്ള മേഖലയിൽ ജില്ലാ അതിർത്തി കടന്നുള്ള യാത്രകൾ നിരോധിച്ചിട്ടുണ്ട്. മെഡിക്കൽ ആവശ്യങ്ങൾക്കും മാർഗനിർദ്ദേശങ്ങളിൽ വ്യക്തമാക്കിയിട്ടുള്ള കാര്യങ്ങൾക്കും മാത്രമേ ജില്ലാ അതിർത്തിയും സംസ്ഥാന അതിർത്തിയും കടന്നുള്ള യാത്ര അനുവദിക്കൂ.