
തേർഡ് ഐ ബ്യൂറോ
റിയാദ്: ഓരോ ദിവസവും രാജ്യത്തിനു പുറത്ത് മരിക്കുന്ന മലയാളികളുടെ എണ്ണം വർദ്ധിക്കുകയാണ്. ദിനംപ്രതിയെന്നോണം മലയാളികളുടെ മരണക്കണക്കാണ് പുറത്തു വരുന്നത്. ഇതിനിടെയാണ് വിദേശത്തു നിന്നും മലയാളികളുടെ നെഞ്ചിടിപ്പ് കൂട്ടുന്ന ഏറ്റവും ഭീതി ജനിപ്പിക്കുന്ന വാർത്ത പുറത്തു വന്നത്. തന്റെ ഭർത്താവ് ഐസിയുവിൽ കൊവിഡ് ബാധിതനായി മരണത്തോടു മല്ലടിക്കുന്നു എന്നറിഞ്ഞ ഭാര്യ, ആറു മാസം പ്രായമുള്ള പിഞ്ചു കുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കി..!
കോഴിക്കോട് വാളേരി സ്വദേശി ബിജുവിന്റെ ഭാര്യയും മകളുമാണ് മരിച്ചത്. മണിപ്പൂരി സ്വദേശിയാണ് ഭാര്യ. മകൾക്ക് ആറുമാസമാണ് പ്രായം. കൊവിഡ് ബാധിച്ച ബിജു ആശുപത്രിയിൽ വെന്റിലേറ്ററിൽ അത്യാസന്നനിലയിൽ തുടരുകയാണ്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇവരുടെ മരണവിവരമറഞ്ഞ ബിജുവിന്റെ അമ്മ ആശുപത്രിയിലായി.ഏതാനും ദിവസങ്ങൾക്കു മുമ്പാണ് ബിജുവിനെ കൊവിഡ് ലക്ഷണങ്ങളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അതിനു ശേഷം വിവരങ്ങളൊന്നും കുടുംബത്തിനു ലഭിച്ചിരുന്നില്ല. പിന്നീട് ബിജുവിന്റെ സഹോദരി നാട്ടിൽ നിന്നും സുഹൃത്തുക്കളെ വിവരമറിയിച്ചതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ബിജു മുവാസാത് ആശുപത്രിയിൽ വെന്റിലേറ്ററിൽ അത്യാസന്ന നിലയിൽ കഴിയുകയാണെന്ന വിവരം അറിയുന്നത്. ഇതോടെയാണ് ഭാര്യ മകളുമായി ആത്മഹത്യ ചെയ്തതെന്നു കരുതുന്നു. രണ്ടു ദിവസം മുമ്ബ് ഭാര്യയും മകളും ആത്മഹത്യ ചെയ്‌തെന്നാണ് ലഭിക്കുന്ന വിവരം.
ഇവർ ഫ്‌ളാറ്റ് അകത്തു നിന്നും പൂട്ടിയിരുന്നു. എഴുപതുകാരിയായ അമ്മ അകത്തു കയറാനാകാതെ പുറത്തു നിൽക്കുകയായിരുന്നു. കഴിഞ്ഞ ദിവസം രാവിലെ മുതൽ ബിജുവിന്റെ അമ്മ ഫ്ളാറ്റിന് പുറത്തു നിൽക്കുന്നത് അയൽവാസികളുടെ ശ്രദ്ധയിൽപ്പെട്ടിരുന്നു. എന്നാൽ, വൈകുന്നേരമായിട്ടും അതേ നിലയിൽ കണ്ടതിനെ തുടർന്ന് കൂടുതൽ ചോദിച്ചപ്പോഴാണ് യുവതി മുറി അകത്തുനിന്നും കുറ്റിയിട്ടെന്നും കയറാൻ കഴിയുന്നില്ലെന്നുമുള്ള വിവരം ‘അമ്മ വെളിപ്പെടുത്തിയത്.
പിന്നീട് പൊലീസെത്തി തുറന്നു പരിശോധിച്ചപ്പോൾ ഇവരെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. തുടർന്നാണ് അമ്മ അവശയായത്. ഇവരെ ആശുപത്രിയിലാക്കിയെന്നും സ്ഥിതി മെച്ചപ്പെട്ടതായും സാമൂഹികപ്രവർത്തകർ പറയുന്നു.നാട്ടിലുള്ള കുടുംബം നടത്തിയ അന്വേഷണത്തിലാണ് ആത്മഹത്യ വിവരം പുറംലോകമറിഞ്ഞത്.എട്ടു വർഷത്തോളമായി മദീന എയർപോർട്ടിൽ ജോലി ചെയ്യുന്ന ബിജുവിനു ഈ അടുത്ത സമയത്ത് ജോലി നഷ്ടപ്പെട്ടിരുന്നു .
മദീന എയർപോർട്ടിൽ വണ്ടർലാ എന്ന കമ്പനിക്ക് കീഴിൽ ബെൽറ്റ് ടെക്നീഷ്യനായി ജോലി ചെയ്തു വരിയായിരുന്നു ഇദ്ദേഹം. നഴ്സിങ് മേഖലയിലുള്ള യുവതി ഇവിടെ ജോലി ശരിപ്പെടുത്താനുള്ള ശ്രമത്തിലായിരുന്നു. സുഹൃത്തുക്കളുമായി അകലം പാലിച്ചിരുന്ന വ്യക്തിയായതിനാൽ തന്നെ അദ്ദേഹത്തിന്റെ കുടുംബവുമായുള്ള കൂടുതൽ വിവരങ്ങൾ സുഹൃത്തുക്കൾക്കും ലഭ്യമല്ല. ഭാര്യയായ മണിപ്പൂരി യുവതിയുടെ വിവരങ്ങളും ബിജുവിന് മാത്രമാണറിയുന്നത്. ബിജു വെന്റിലേറ്ററിൽ കഴിയുന്നതിനാൽ തന്നെ വിവരങ്ങൾ ശേഖരിക്കാൻ കഴിയാത്ത കഴിയാത്ത അവസ്ഥയിലാണ് സുഹൃത്തുക്കൾ.