പതിനയ്യായിരം രൂപ വഴിയിൽ കിടന്നു കിട്ടിയിട്ടും രാജുവിന്റെ കണ്ണ് മഞ്ഞളിച്ചില്ല; പനച്ചിക്കാട് ഓട്ടക്കാഞ്ഞിരത്തിൽ റോഡിൽ കിടന്നു കിട്ടിയ പണം പൊലീസ് സ്റ്റേഷൻ വഴി യഥാർത്ഥ ഉടമയുടെ കൈകളിൽ എത്തിച്ച് രാജു

Spread the love

തേർഡ് ഐ ബ്യൂറോ

ചിങ്ങവനം: റോഡരികിൽ കിടന്നു കിട്ടിയ 15000 രൂപ, തന്റെ പോക്കറ്റിലാക്കാതെ പൊലീസ് സ്റ്റേഷനിൽ എത്തിച്ച രാജു മാതൃകയായി. പൊലീസ് സ്റ്റേഷനിൽ നിന്നും നടത്തിയ അന്വേഷണത്തിന് ഒടുവിൽ പണത്തിന്റെ യഥാർത്ഥ ഉടമയെ കണ്ടെത്തി പണം തിരികെ നൽകുകയും ചെയ്തു.

ചാന്നാനിക്കാട് പലചരക്ക് കടനടത്തുന്ന പീടികയിൽ രാജുവാണ് കഴിഞ്ഞ ദിവസം പനച്ചിക്കാട് ഓട്ടക്കാഞ്ഞിരം ഭാഗത്തു വച്ച് റോഡിൽ കിടന്നു കിട്ടിയ 15000 രൂപ പൊലീസ് സ്റ്റേഷനിൽ എത്തിച്ചത്. കട അടച്ച ശേഷം വീട്ടിലേയ്ക്കു പോകുന്നതിനിടെയാണ് രാജുവിന് റോഡരികിൽ കിടന്ന് പണം കിട്ടിയത്. ഇത് ഉടൻ സ്വന്തം പോക്കറ്റിലേയ്ക്കു മാറ്റാതെ മാന്യത കാട്ടിയ രാജു, പണവുമായി നേരെ ചിങ്ങവനം പൊലീസ് സ്റ്റേഷനിൽ എത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടർന്നു സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ ബിൻസ് ജോസഫിന് പണം കൈമാറി. ഇദ്ദേഹം ഇത് ഭദ്രമായി സൂക്ഷിച്ചു വയ്ക്കുകയും ചെയ്തു. തുടർന്നു പൊലീസ് പണത്തിന്റെ യഥാർത്ഥ ഉടമയെ കണ്ടെത്താൻ അന്വേഷണം നടത്തി.

ഇതിനിടെയാണ, ബജാജ് ഫിൻസെർവ് ജീവനക്കാരനും പനച്ചിക്കാട് ചോഴിയക്കാട് സ്വദേശിയുമായ സനൂപ് പരാതിയുമായി എത്തിയത്. ചിങ്ങവനം ജംഗ്ഷനിലെ എടിഎമ്മിൽ നിന്നും പണം എടുത്ത ശേഷം വീട്ടിലേയ്ക്കു മടങ്ങുന്നതിനിടെ സനൂപിന്റെ പോക്കറ്റിൽ നിന്നും പണം താഴെ വീണ് പോകുകയായിരുന്നുവെന്നു കണ്ടെത്തി. തുടർന്നു, സനൂപ് പൊലീസ് സ്റ്റേഷനിൽ എത്തി കാര്യം ബോധിപ്പിച്ചു. ഞായറാഴ്ച സനൂപും രാജുവും പൊലീസ് സ്റ്റേഷനിൽ നേരിട്ട് എത്തി. രാജു പണം സനൂപിന് കൈമാറി. പൊലീസ് സ്റ്റേഷനിലെ ജിഡി ചാർജ് സീനിയർ സിവിൽ പൊലീസ് ഓഫിസർ എം.ആർ രാജീവിന്റെ സാന്നിധ്യത്തിലാണ് സനൂപ് പണം ഏറ്റുവാങ്ങിയത്.