
സാധാരണക്കാരൻ കാറിനുള്ളിൽ അൽപം അലങ്കാരപ്പണി ചെയ്താൽ ക്രിമിനൽക്കുറ്റം..! പക്ഷേ, തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ചുവപ്പു പുതച്ചു നടക്കുന്ന ഓട്ടോറിക്ഷകൾക്കെതിരെ യാതൊരു നടപടിയുമില്ല; പിണറായിയുടെ ചുവപ്പിനെ തൊടാൻ നട്ടെല്ലില്ലാത്ത മോട്ടോർ വാഹന വകുപ്പ്
തേർഡ് ഐ ബ്യൂറോ
കോട്ടയം: സാധാരണക്കാരൻ കാറിനുള്ളിൽ പാവയോ അലങ്കാരപ്പണികളോ നടത്തിയാൽ ക്രിമിനൽക്കുറ്റമാക്കി മാറ്റുന്ന മോട്ടോർ വാഹന വകുപ്പ്, കൺമുന്നിൽ ചുവപ്പ് പുതച്ചു നടക്കുന്ന തിരഞ്ഞെടുപ്പ് പ്രചാരണ ഓട്ടോറിക്ഷകളെ കണ്ടഭാവം നടിക്കുന്നില്ല. മോട്ടോർ വാഹന വകുപ്പിന്റെ കൺമുന്നിലൂടെയാണ് ഉറപ്പാണ് എൽ.ഡി.എഫ് എന്നെഴുതിയ മുഖ്യമന്ത്രി പിണറായി വിജയന്റെ ചിത്രം സഹിതമുള്ള ഓട്ടോറിക്ഷകളാണ് സംസ്ഥാനത്ത് തലങ്ങും വിലങ്ങും ഓടുന്നത്.
ഓട്ടോറിക്ഷകൾ അടക്കമുള്ള ടാക്‌സി വാഹനങ്ങളിൽ പരസ്യം സ്ഥാപിക്കുന്നതിന് വിലക്കുണ്ട്. ഈ വിലക്ക് നിലനിൽക്കെയാണ് ഓട്ടോറിക്ഷകളെല്ലാം ഇപ്പോൾ ചുവപ്പിൽ മുങ്ങി നിൽക്കുന്നത്. നിലവിലെ സാഹചര്യത്തിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ഇത്തരം വാഹനങ്ങൾ ഓടിക്കുന്നതിനെതിരെ ചില രാഷ്ട്രീയ പാർട്ടികൾ രംഗത്ത് എത്തിയിട്ടുണ്ട്. എന്നാൽ, ഇതൊന്നും വക വയ്ക്കാതെയാണ് സി.പി.എമ്മിന്റെ പ്രചാരണം ഇപ്പോൾ സജീവമായി നടക്കുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഓരോ ജില്ലയിലെയും ഓട്ടോറിക്ഷാ സ്റ്റാൻഡുകൾ കേന്ദ്രീകരിച്ചാണ് ഇത്തരത്തിൽ സിപിഎം ഓട്ടോ ഡ്രൈവർമാരെ കണ്ടെത്തുന്നത്. സി.ഐ.ടി.യു യൂണിയനിൽപ്പെട്ട ഓട്ടോഡ്രൈവർമാരെ ഭീഷണിപ്പെടുത്തിയും, സമ്മർദത്തിലാക്കിയും ഒരു രൂപ പോലും പ്രതിഫലം പോലും നൽകാതെയാണ് ഓട്ടോറിക്ഷകളെ പാർട്ടി ചുവപ്പ് അണിയിക്കുന്നത്. സംസ്ഥാന സർക്കാരിന്റെ പരസ്യമായതിനാൽ തന്നെ മോട്ടോർ വാഹന വകുപ്പോ പൊലീസോ ഇത് കണ്ടഭാവം നടിക്കുന്നില്ല.
സാധാരണക്കാർ കാറിനുള്ളിൽ ഒരു പാവക്കുട്ടിയെ വച്ചാൽ അതിന്റെ പേരിൽ പിഴയീടാക്കുന്ന പൊലീസും മോട്ടോർ വാഹന വകുപ്പുമാണ് ഇപ്പോൾ സാധാരണക്കാരുടെ കണ്ണിൽപൊടിയിട്ട് തിരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്ന പാർട്ടി ഓട്ടോയ്‌ക്കെതിരെ നടപടിയെടുക്കാത്തത്.