ലോക്കഴിച്ചു, കോട്ടയം കൂട്ടത്തോടെ തെരുവിലിറങ്ങി..! നഗരത്തിൽ പലയിടത്തും ഗതാഗതക്കുരുക്ക്; നഗരത്തിൽ തോന്നുംമ്പടി ആളിറങ്ങി; പൊലീസ് പിക്കറ്റിംങും ഇല്ലാതായി
തേർഡ് ഐ ബ്യൂറോ
കോട്ടയം: ലോക്ക് ഡൗണിൽ ഇളവ് പ്രഖ്യാപിച്ചതോടെ കോട്ടയം നഗരത്തിലേയ്ക്കു ആളുകൾ കൂട്ടത്തോടെ ഇറങ്ങി. പൊലീസ് ചെക്ക് പോസ്റ്റുകൾ ഉപേക്ഷിച്ചതോടെ യാതൊരുനിയന്ത്രണവുമില്ലാതെയാണ് ആളുകൾ ഇറങ്ങിയത്. ഇതോടെ കോട്ടയം നഗരത്തിൽ പല സ്ഥലത്തും ഗതാഗതക്കുരുക്കും അനുഭവപ്പെട്ടു. ഈ സാഹചര്യത്തിലാണ് നിയന്ത്രണം കൂടുതൽ കർശനമായി നടപ്പാക്കേണ്ടി വരുമെന്ന സൂചന ജില്ലാ ഭരണകൂടം നൽകിയത്.
ഞായറാഴ്ച മൊബൈൽ ഫോൺ ഷോപ്പുകളും വർക്ക്‌ഷോപ്പുകളും തുറക്കാമെന്ന നിർദേശം നൽകിയിരുന്നു. ഇതേ തുടർന്ന് ഞായറാഴ്ച വലിയ തിരക്ക് അനുഭവപ്പെട്ടിരുന്നു. കോട്ടയം നഗരത്തിലെ ടിബി റോഡിൽ വാഹനങ്ങളുടെ നീണ്ട നിര അനുഭവപ്പെട്ടിരുന്നു. ഇതേ തുടർന്നു ഇവിടെ പൊലീസ് ഇടപെട്ട് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
എന്നാൽ, തിങ്കളാഴ്ച മുതൽ ഇളവ് പൂർണമായും അനുവദിച്ചതോടെ നാട്ടുകാർ കൂട്ടത്തോടെ റോഡിലിറങ്ങുകയായിരുന്നു. തിങ്കളാഴ്ച കടകളും സ്ഥാപനങ്ങളും തുറക്കാമെങ്കിലും, ഇത് ശുചീകരണ പ്രവർത്തനങ്ങൾക്കു മാത്രമേ ആകാവൂ എന്നു നിർദേശം നൽകിയിരുന്നു. എന്നാൽ, ഇത് ലംഘിച്ചാണ് നാട്ടുകാർ കൂട്ടത്തോടെ റോഡിലിറങ്ങിയത്.
പല സ്ഥാപനങ്ങളും തുറന്നു പ്രവർത്തിച്ചു. ശുചീകരണം പേരിനു പോലും നടത്താതെ കച്ചവടം ആരംഭിച്ച സ്ഥാപനങ്ങളും കോട്ടയം നഗരത്തിൽ ഉണ്ടായിരുന്നു. ലോക്ക് ഡൗൺ സമയത്ത് ഒരു വണ്ടി പോലും ഇല്ലാതിരുന്ന തിരുനക്കര ഗാന്ധിനസ്‌ക്വയറിൽ ഇന്നലെ രാവിലെ വാഹനങ്ങൾ വന്നു നിറഞ്ഞു. തിരുനക്കര മൈതാനത്തിനു സമീപത്ത്.
തിരുനക്കര മൈതാനത്തിനു സമീപം പ്രവർത്തിച്ചിരുന്ന പൊലീസ് പിക്കറ്റിംങ് നീക്കം ചെയ്തിരുന്നു. ഇതേ തുടർന്നു ഇവിടെ ഇപ്പോൾ പരിശോധനയില്ല. ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ നടത്തിയിരുന്ന പൊലീസ് പരിശോധനയും പൂർണമായും നീക്കം ചെയ്തിട്ടുണ്ട്. ഇതോടെയാണ് ജില്ലയിൽ വാഹനങ്ങൾ കൂട്ടത്തോടെ രംഗത്തിറങ്ങാൻ തയ്യാറായത്.
എന്നാൽ, ഇന്ന് കൂടുതൽ ആളുകൾ കൂടുതലായി നിരത്തിലിറങ്ങിയതോടെ സ്വാഭാവികമായും ജില്ലയിൽ കൂടുതൽ വിലക്ക് കൊണ്ടു വരാനുള്ള സാധ്യതയും ഏറെയാണ്.