നന്ദിയുടെ പൂക്കളുമായി കോലിഞ്ചി കർഷകർ; കോലിഞ്ചിയുടെ നാട്ടിൽ ജനീഷ് കുമാറിന് ഊഷ്മള വരവേൽപ്പ്

നന്ദിയുടെ പൂക്കളുമായി കോലിഞ്ചി കർഷകർ; കോലിഞ്ചിയുടെ നാട്ടിൽ ജനീഷ് കുമാറിന് ഊഷ്മള വരവേൽപ്പ്

സ്വന്തം ലേഖകൻ

തണ്ണിത്തോട്: കോലിഞ്ചി കർഷകരുടെ കണ്ണീരൊപ്പിയ എൽഡിഎഫ് സ്ഥാനാർത്ഥി അഡ്വ. കെ.യു ജനീഷ് കുമാറിന് കോലിഞ്ചിയുടെ നാടിൻ്റെ സ്നേഹാദരം. കർഷകരുടെ ദീർഘനാളത്തെ ആവശ്യം യാഥാർത്ഥ്യമാക്കിയ ജനീഷ് കുമാറിന് ഊഷ്മള വരവേൽപ്പായിരുന്നു കർഷകർ ഒരുക്കിയത്.

കോലിഞ്ചി കർഷകർ ഏറെയുള്ള തേക്കുതോട് മേഖലയിലെ മൂർത്തി മണ്ണിൽ എത്തിയപ്പോൾ പുഷ്പാഭിഷേകം നടത്തിയും മാല ചാർത്തിയും സ്നേഹ ചുംബനം നൽകിയുമാണ് കർഷകരും അമ്മമാരും വരവേറ്റത്. കർഷകരുടെ പ്രശ്നങ്ങൾ മനസിലാക്കി ഒപ്പം നിന്ന ജനീഷ് കുമാറിന് കർഷകർ വിജയാശംസയും നേർന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇന്നലെ കളിൽ നിങ്ങൾക്കൊപ്പം നിന്നപ്പോലെ നാളെയും നാടിൻ്റെ വികസന പ്രശ്നങ്ങളിൽ നിങ്ങളുടെ കുടുംബാംഗമായി ഞാൻ ഉണ്ടാകുമെന്ന് സ്ഥാനാർത്ഥി പറഞ്ഞപ്പോൾ മോൻ്റെ വാക്കുകൾ വിശ്വാസമാണെന്നായിരുന്നു അമ്മമാരുടെ മറുപടി. ചുട്ടുപൊള്ളുന്ന വെയിലിലും യുവാക്കളും പ്രായമായവരും ഉൾപ്പെടെ നൂറുകണക്കിനാളുകളാണ് സ്ഥാനാർത്ഥിയെ സ്വീകരിക്കാനായി ഒഴുകിയെത്തിയത്.

തിരഞ്ഞെടുപ്പ് പ്രചാരണം അവസാനഘട്ടത്തിലേക്ക് അടുക്കുമ്പോൾ ആവേശോജ്ജ്വല സ്വീകരണമാണ് ഓരോ മേഖലയിലും എൽഡിഎഫ് സ്ഥാനാർത്ഥിക്ക് ലഭിക്കുന്നത്. തണ്ണിത്തോട്, തേക്ക്തോട്, കോന്നി ത്താഴം മേഖലകളിലായിരുന്നു ഇന്നലെ പര്യടനം.

രാവിലെ തണ്ണിത്തോട് പഞ്ചായത്തിലെ എലിമുള്ളും പ്ലാക്കലിൽ നിന്നാരംഭിച്ച പര്യടനം കോന്നിയൂർ പി.കെ ഉദ്ഘാടനം ചെയ്തു. സിപിഐഎം പെരുനാട് ഏരിയ സെക്രട്ടറി എസ് ഹരിദാസ്, സിപിഐ സംസ്ഥാന കൗൺസിൽ അംഗം പി.ആർ ഗോപിനാഥൻ, ജില്ലാ പഞ്ചായത്തംഗം ജിജോ മോഡി, പി.സി ശ്രീകുമാർ , രഘുകുമാർ, പി ഡി മോഹനൻ തുടങ്ങിയവർ ഉദ്ഘാടന യോഗത്തിൽ പങ്കെടുത്തു.

തുടർന്ന് യുവാക്കളുടെ വാഹന റാലിയുടെ അകമ്പടിയോടെ പര്യടനം തുടർന്നു. തലമനം, മണ്ണീറ, അള്ളുങ്കൽ ,പറക്കുളം, തേക്കുതോട് ളാഹ ,തുമ്പാക്കുളം, കരിമാൻതോട്, മൂർത്തി മൺ, ഏഴാന്തല തുടങ്ങിയ സ്ഥലങ്ങളിലെ സ്വീകരണം ഏറ്റുവാങ്ങി ഉച്ചയോടെ സെൻട്രൽ ജംഗ്ഷനിൽ എത്തി. ഉച്ചയ്ക്ക് ശേഷം കോന്നിതാഴം മേഖലയിലെ ഞള്ളൂർ,അതുമ്പുംകുളം, കർമല ചേരിക്കൽ, അടുകാട് അംഗൻവാടി, വിപഞ്ചിക ജംഗ്ഷൻ, താഴം, കുപ്പക്കര, പള്ളി മുരുപ്പ്, മണിയൻപാറ എന്നിവടങ്ങളിലെ സ്വീകരണം ഏറ്റുവാങ്ങി രാത്രിയോടെ അട്ടച്ചാക്കൽ ജംഗ്ഷനിൽ പര്യടനം അവസാനിച്ചു.

എൽഡിഎഫ് കോന്നിതാഴം മേഖല തിരഞ്ഞെടുപ്പ് കമ്മിറ്റിസെക്രട്ടറി എം.എസ് ഗോപിനാഥൻ, എൽഡിഎഫ് കോന്നിതാഴം മേഖല തിരഞ്ഞെടുപ്പ് കമ്മിറ്റി പ്രസിഡൻ്റ് എ.ദീപകുമാർ, എൽഡിഎഫ് അട്ടച്ചാക്കൽ ഇലക്ഷൻ കമ്മിറ്റി സെക്രട്ടറി കെ.കെ വിജയൻ , എൽഡിഎഫ് അട്ടച്ചാക്കൽ ഇലക്ഷൻ കമ്മിറ്റി പ്രസിഡൻ്റ് പി.ആർ അനിൽ, ബ്ലോക്ക് പഞ്ചായത്തംഗം തുളസി മണിയമ്മ, ഗ്രാമപഞ്ചായത്തംഗം പുഷ്പ ഉത്തമൻ , തുളസി മോഹനൻ തുടങ്ങിയവർ നേതൃത്വം നൽകി.