കലാമണ്ഡലത്തിലും തിരുകിക്കയറ്റം; യോഗ്യതയില്ലാത്തയാളെ ഡീനായി നിയമിച്ചു; പ്രതിഷേധം കനക്കുന്നു;കഥകളി നിരൂപകനായ രജാനന്ദനെ ഡീനായി നിയമിക്കാനുള്ള തീരുമാനമാണ് പുതിയ വിവാദത്തിന് തിരികൊളുത്തിയിരിക്കുന്നത്.
കേരള കലാമണ്ഡലത്തിലും പിൻവാതിൽ നിയമനമെന്ന് പരാതി. കലമണ്ഡലത്തിൽ അക്കാദമിക് യോഗ്യതയില്ലാത്തയാളെ ഡീനായി നിയമിച്ചെന്നാണ് പരാതി. സംഭവത്തിൽ വിവിധ സംഘടനകൾ പ്രതിഷേധവുമായി രംഗത്തെത്തി. അക്കാദമിക് ഡീൻ ആയിരുന്ന കരിയന്നൂർ നാരായണൻ നമ്പൂതിരിയുടെ കാലാവധി പൂർത്തിയായിരുന്നു. ഇതിന് പിന്നാലെ കഥകളി നിരൂപകനായ രജാനന്ദനെ ഡീനായി നിയമിക്കാനുള്ള തീരുമാനമാണ് പുതിയ വിവാദത്തിന് തിരികൊളുത്തിയിരിക്കുന്നത്.
അക്കാദമിക് യോഗ്യതയോ കലാ നൈപുണ്യമോ ഇല്ലാത്തയാളെ ഡീനാക്കരുതെന്ന് അദ്ധ്യാപകരും മുതിർന്ന കലാകാരന്മാരും ചൂണ്ടിക്കാട്ടി. ബിഎ ഡിഗ്രിയും കോ ഓപ്പറേഷൻ ഡിപ്ലോമയും മാത്രമാണ് രാജാനന്ദന്റെ വിദ്യാഭ്യാസ യോഗ്യത.നിലവിൽ കലാമണ്ഡലം ഭരണസമിതിയംഗവുമാണ് ഇയാൾ. പാർട്ടി നാമനിർദ്ദേശത്തിലൂടെ ഭരണസമിതിയംഗമായ ഒരാൾ സർവ്വകലാശാലയുടെ അക്കാദമിക് ഡീൻ ആകുന്നതിനെ അനുകൂലിക്കാനാവില്ലെന്നാണ് പ്രതിഷേധക്കാരുടെ നിലപാട്.
കൽപ്പിത സർവ്വകലാശാലയായ കലാമണ്ഡലത്തിൽ അസോസിയേറ്റ് പ്രൊഫസർ റാങ്കിലുള്ളയാളാണ് ഡീൻ ആകേണ്ടത്. അതല്ലെങ്കിൽ ഏതെങ്കിലും കലാരൂപത്തിൽ ശ്രദ്ധേയനായ പ്രതിഭയായിരിക്കണം. ഈ രണ്ട് യോഗ്യതകളും രാജാനന്ദനില്ലെന്ന് അദ്ധ്യാപകർ ചൂണ്ടിക്കാണിക്കുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഉത്തരവിറങ്ങിയെങ്കിലും രാജാനന്ദൻ ഇതുവരെയും ചുമതലയേറ്റിട്ടില്ല. കലാണ്ഡലത്തിലെ പാഠ്യപദ്ധതി തീരുമാനിക്കുന്നത് ഉൾപ്പെടെയുള്ള നിർണ്ണായക ചുമതലകളുള്ളയാളാണ് ഡീൻ. മാനദണ്ഡങ്ങൾ മറികടന്നുള്ള നിയമനം സംബന്ധിച്ച് യുജിസിക്ക് പരാതി നൽകാനാരുങ്ങുകയാണ് അദ്ധ്യാപകർ.