
തലമുടിനാരിഴ വരെ കീറി പരിശോധിക്കുന്ന അന്വേഷണ മികവിന് അംഗീകാരം: കേസ് അന്വേഷണത്തിനായി രാവിനെ പകലാക്കുന്ന മിടുമിടുക്കിന് കേന്ദ്ര സർക്കാരിന്റെ പുരസ്‌കാരം; ഡിവൈ.എസ്.പി ഗിരീഷ് പി.സാരഥിയ്ക്കു കേന്ദ്ര കുറ്റാന്വേഷണ പുരസ്‌കാരം
തേർഡ് ഐ ബ്യൂറോ
കോട്ടയം: അന്വേഷണത്തിനിടെ വീണു കിട്ടുന്ന ഒരു മുടിനാരിഴ മതി ഗിരീഷ് പി.സാരഥി എന്ന കുറ്റാന്വേഷകനു പിടിച്ചു കയറാൻ. ഗിരീഷ് കണ്ടെത്തുന്ന ആ തുമ്പുമായി ഏതു കോടതിയിൽ പോയാലും പ്രതിയ്ക്കു രക്ഷപെടാനാവില്ല. കോട്ടയത്തിന്റെ കുറ്റാന്വേഷണ ചരിത്രം പരിശോധിച്ചാൽ, ഗിരീഷ് പി.സാരഥിയുടെ കൈകൾ പതിഞ്ഞ കേസുകളിൽ ഒന്നിലും പോലും കേരള പൊലീസിനു കോടതിയിൽ തലകുനിക്കേണ്ടി വന്നിട്ടില്ല. കേരള പൊലീസിനു തന്നെ അഭിമാനിക്കാവുന്ന ഈ അന്വേഷണ മികവിനാണ് ഇപ്പോൾ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ അംഗീകാരം ലഭിച്ചിരിക്കുന്നത്.
2018 മേയ് 24. ജില്ലാ പൊലീസ് മാത്രമല്ല, സംസ്ഥാന പൊലീസു പോലും അൽപം ഒന്നു അഭിമാനക്ഷതം സംഭവിച്ചു നിന്നു സാഹചര്യത്തിൽ, പൊലീസിന്റെ മാനം ഉയർത്തുന്നതിനായി ഒരാളുടെ പേരുമാത്രമാണ് ജില്ലാ പൊലീസിനു മുന്നോട്ടു വയ്ക്കാനുണ്ടായിരുന്നത്. അത് മറ്റാരുടേതും ആയിരുന്ന കോട്ടയം ജില്ലാ ക്രൈംബ്രാഞ്ചിലെ ഡിവൈ.എസ്.പിയായിരുന്ന ഗിരീഷ് പി.സാരഥിയുടേതായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംസ്ഥാനത്തെ ആദ്യത്തെ ദുരഭിമാന കൊലപാതകമായ കെവിൻ കേസിൽ നിർണ്ണായകമായ അന്വേഷണ സംഘത്തെ നയിച്ച്, കേസിലെ മുഴുവൻ പ്രതികൾക്കും ശിക്ഷ വാങ്ങി നൽകിയ അന്വേഷണ ഉദ്യോഗസ്ഥനാണ് ഗിരീഷ് പി.സാരഥി. ഇദ്ദേഹത്തെയാണ് ഇപ്പോൾ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ പുരസ്‌കാരം തേടിയെത്തിയിരിക്കുന്നത്.
നട്ടാശേരി പിലാത്തറയിൽ കെവിൻ പി.ജോസഫിനെയാണ് ഇയാൾ പ്രണയിച്ചിരുന്ന പെൺകുട്ടിയായ നീതുവിന്റെ അച്ഛനും സഹോദരനും അടങ്ങിയ ക്വട്ടേഷൻ സംഘം തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തി പുനലൂർ ചാലിയേക്കര തോട്ടിൽ തള്ളിയത്. ഗാന്ധിനഗർ പൊലീസ് അന്വേഷണത്തിൽ വീഴ്ച വരുത്തുകയും, എസ്.ഐയും പൊലീസുകാരും അടക്കം സസ്‌പെൻഷനിലാകുകയും ചെയ്തതിനെ തുടർന്നാണ് സംസ്ഥാന സർക്കാരിന്റെ താല്പര്യപ്രകാരം, ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി ഗിരീഷ് പി.സാരഥിയുടെ നേതൃത്വത്തിലുള്ള സംഘം കേസിന്റെ അന്വേഷണം ഏറ്റെടുത്തത്.
നീനുവിന്റെ പിതാവ് ചാക്കോയും, സഹോദരൻ ഷാനു ചാക്കോ അടക്കമുള്ളവരായിരുന്നു കേസിലെ പ്രതികൾ. ദുരഭിമാനകൊലപാകതമായി പരിഗണിച്ച കേസിൽ, വിചാരണ കോടതി പ്രതികളെ എല്ലാം ജീവപരന്ത്യം കഠിന തടവിനു ശിക്ഷിച്ചു. ഈ കേസിന്റെ പഴുതടച്ചുള്ള അന്വേഷണത്തിലാണ് കേന്ദ്ര അഭ്യന്തര മന്ത്രാലയത്തിന്റെ പുരസ്‌കാരം ഗിരീഷ് പി.സാരഥിയ്ക്കു ലഭിച്ചത്.
കോട്ടയം വെസ്റ്റ്, ഈസ്റ്റ് അടക്കം ജില്ലയിലെ വിവിധ സ്റ്റേഷനുകളിൽ ഇൻസ്പെക്ടറായി ഗിരീഷ് പി.സാരഥി സേവനം അനുഷ്ടിച്ചിരുന്നു.കോട്ടയം, ചങ്ങനാശേരി സബ് ഡിവിഷനുകളിലും, കോട്ടയം വിജിലൻസിലും ഡിവൈ.എസ്.പിയായി സേവനം അനുഷ്ടിച്ചിട്ടുണ്ട്. മല്ലപ്പള്ളി വെണ്ണിക്കുള്ളത്തെ കരിപ്പൂർ വീട്ടിൽ കുടുംബത്തോടൊപ്പമാണ് താമസം. ഭാര്യ – ശ്രീലക്ഷ്മി.. മക്കൾ – ഗൗരീനാഥ് (ഏഴാം ക്ലാസ് വിദ്യാർത്ഥി), ശ്രേയ ലക്ഷ്മി (രണ്ടാം ക്ലാസ് വിദ്യാർത്ഥി).