‘കഞ്ചാവിന് വളരെയധികം സാധ്യതകളുണ്ട്; ലോകത്തിലെ ഏറ്റവും നല്ല കഞ്ചാവ് ഇടുക്കി ഗോള്‍ഡാണ്; സര്‍ക്കാര്‍ അത് പ്രയോജനപ്പെടുത്തണം’; ഇൻവെസ്റ്റ് കേരളയില്‍ വേറിട്ട ആശയവുമായി സംരംഭകൻ തമ്പി നാഗാർജുന

Spread the love

കൊച്ചി: രസകരമായ നിക്ഷേപ നിർദേശങ്ങള്‍ ഒരുപാടെത്തിയിരുന്നു ഇൻവെസ്റ്റ് കേരള നിക്ഷേപ സംഗമത്തില്‍.
അതിലൊന്നായിരുന്നു കഞ്ചാവ് അധിഷ്ഠിത വ്യവസായവുമായി ബന്ധപ്പെട്ട് സംരംഭകൻ തമ്പി നാഗാർജുന എത്തിയത്. കഞ്ചാവ് ഉപയോഗിച്ചുള്ള മരുന്നു നിർമാണത്തിന് അനുമതി തേടി ഉത്തരാഖണ്ഡില്‍ നിന്നാണ് മലയാളിയായ സംരംഭകൻ എത്തിയത്. പക്ഷേ നിർദേശത്തിന് സർക്കാർ ഇതുവരെ അംഗീകാരം നല്‍കിയിട്ടില്ല.

പക്ഷേ, പ്രതീക്ഷ കൈവിട്ടിട്ടില്ലെന്നും കഞ്ചാവ് ഉപയോഗിച്ചുള്ള മരുന്ന് നിർമാണത്തിന് അനുമതി തേടി ഇനിയും കേരള സർക്കാരിനെ സമീപിക്കുമെന്നും ഇദ്ദേഹം പറഞ്ഞു. ഋഷികേശില്‍ കഞ്ചാവിന്റെ കൃഷിയും മധ്യപ്രദേശില്‍ കഞ്ചാവ് അധിഷ്ടിത മരുന്നുകളുടെ നിർമാണ യൂണിറ്റുമുണ്ടെന്നും തമ്പി പറഞ്ഞു.

ഒരുപാട് സാധ്യതകളുള്ള ഉല്‍പ്പന്നമാണ് കഞ്ചാവെന്നാണ് തമ്പി നാഗാർജുന പറയുന്നത്. ഉറക്കമില്ലായ്മ, വിഷാദം തുടങ്ങി കാൻസറിന് വരെ കഞ്ചാവ് ഫലപ്രദമാണെന്നാണ് അദ്ദേഹം പറയുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മലിനീകരണ പ്രശ്നങ്ങള്‍ക്കും കഞ്ചാവ് ഫലപ്രദമാണെന്നാണ് പറയുന്നത്. ബ്രഹ്മപുരം പോലുള്ള സ്ഥലത്ത് നാല് കിലോ കഞ്ചാവ് വിത്തുകള്‍ വിതറിയാല്‍ പ്രശ്നം പരിഹരിക്കും. ആണവദുരന്തം നടന്ന ചെർണോബില്‍ കഞ്ചാവ് വിത്തുപയോഗിച്ചാണ് നഗരം വീണ്ടെടുത്തതെന്നും അദ്ദേഹം പറഞ്ഞു.

കശ്മീർ മുതല്‍ കന്യാകുമാരി വരെ തന്റെ മരുന്നുകള്‍ വില്‍ക്കാനുള്ള ലൈസൻസ് തനിക്കുണ്ട്. ഷെഡ്യൂള്‍ഡ് ഇ മെഡിസിനാണ് തന്റെ ഉല്‍പ്പന്നം.

ലോകത്തെ ഏറ്റവും നല്ല കഞ്ചാവ് എന്നത് ഇടുക്കി ഗോള്‍ഡാണ്. ഈ രംഗത്ത് സർക്കാറിന് ധാരാളം അവസരങ്ങളുണ്ട്. കഞ്ചാവിനെതിരെയുള്ള പ്രചാരണം ബ്രിട്ടീഷ് പ്രൊപ്പഗാണ്ടയാണ്. കഞ്ചാവ് കാരണം ആരും മരിച്ചിട്ടില്ല. സിന്തറ്റിക് ഡ്രഗിനെതിരെയാണ് ബോധവത്കരണം വേണ്ടത്. ഏഴ് സംസ്ഥാനങ്ങളില്‍ തന്റെ ഉല്‍പ്പന്നങ്ങള്‍ അനുവദനീയമാണെന്നും തമ്പി പറഞ്ഞു.