ചുവന്നു തുടുത്ത കേരളം; ചരിത്രം തിരുത്തി കുറിച്ച് പിണറായി;  കോണ്‍ഗ്രസ് തല മാറ്റി; ബിജെപി അക്കൗണ്ട് പൂട്ടി; സംഭവബഹുലം കേരളം @2021

ചുവന്നു തുടുത്ത കേരളം; ചരിത്രം തിരുത്തി കുറിച്ച് പിണറായി; കോണ്‍ഗ്രസ് തല മാറ്റി; ബിജെപി അക്കൗണ്ട് പൂട്ടി; സംഭവബഹുലം കേരളം @2021

സ്വന്തം ലേഖിക

തിരുവനന്തപുരം: 2016-ലെ എല്‍ഡിഎഫിന്‍റെ മുദ്രാവാക്യം ‘എല്‍ഡിഎഫ് വരും, എല്ലാം ശരിയാകും’ എന്നായിരുന്നെങ്കില്‍ ‘ഉറപ്പാണ് എല്‍ഡിഎഫ്’ എന്ന ഉറച്ച ആത്മവിശ്വാസം സ്ഫുരിക്കുന്ന മുദ്രാവാക്യവുമായാണ് ടീം പിണറായി തെരഞ്ഞെടുപ്പിനെ നേരിട്ടത്.
സ്വര്‍ണക്കടത്തടക്കമുള്ള എല്ലാ വിവാദങ്ങളും തലയ്ക്ക് മുകളില്‍ നില്‍ക്കുമ്പോഴും, തദ്ദേശതെരഞ്ഞെടുപ്പില്‍ നേടിയ മിന്നുംവിജയം ഇടതുമുന്നണിക്ക് തെരഞ്ഞെടുപ്പില്‍ വലിയ ഊര്‍ജമാണ് സമ്മാനിച്ചത്.

തെരഞ്ഞെടുപ്പ് കാലത്ത് ഒന്നിച്ചുനിന്നെങ്കിലും അടിത്തട്ടില്‍ ശക്തി ചോര്‍ന്ന് ഭിന്നിച്ച യുഡിഎഫും കോണ്‍ഗ്രസും തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ പൊട്ടിത്തെറിയിലേക്ക് നീങ്ങി. കൂട്ടത്തോടെയുള്ള നേതൃമാറ്റമായിരുന്നു ഫലം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മുഖ്യമന്ത്രിയുടെ ഓഫീസിന് കെട്ടിടം വാടകയ്ക്ക് എടുത്ത മെട്രോമാന്‍ ഇ ശ്രീധരനെ മുന്നില്‍ നിര്‍ത്തി, തെരഞ്ഞെടുപ്പിലേക്ക് നീങ്ങിയ കെ സുരേന്ദ്രന്‍റെ നേതൃത്വത്തിലുള്ള ബിജെപി ടീമാകട്ടെ ‘പൂജ്യ’രായി മടങ്ങി. വോട്ടിംഗ് ശതമാനം കൂടിയെങ്കിലും, ഒമ്പത് സീറ്റില്‍ രണ്ടാമതെത്തിയെങ്കിലും, കയ്യിലുള്ള നേമം കളഞ്ഞുകുളിച്ചു ബിജെപി. രണ്ട് സീറ്റില്‍ മത്സരിച്ച കെ സുരേന്ദ്രന്‍, കോന്നിയിലും മഞ്ചേശ്വരത്തും തോറ്റു. ഇതോടെ പാര്‍ട്ടിയില്‍ എതിര്‍പക്ഷം വാളെടുത്തെങ്കിലും കേന്ദ്രനേതൃത്വത്തിന്‍റെ പിന്തുണയില്‍ പിടിച്ചുനില്‍ക്കുകയാണ് സുരേന്ദ്രന്‍.

തെരഞ്ഞെടുപ്പ് കാത്തിരുന്ന ആദ്യ നാളുകൾ

രാഷ്ട്രീയകേരളം പുതുവര്‍ഷത്തിലേക്ക് കാലെടുത്ത് വച്ചതുതന്നെ എല്‍ഡിഎഫിന്‍റെ തദ്ദേശതെരഞ്ഞെടുപ്പിലെ വന്‍വിജയത്തിന്‍റെ വാര്‍ത്ത കേട്ടുകൊണ്ടാണ്. കോവിഡ് ഭീതിയില്‍ തെരഞ്ഞെടുപ്പ് മാറ്റിവച്ചേക്കുമോ എന്നെല്ലാം ആദ്യം ആശങ്കകളുയര്‍ന്നെങ്കിലും എല്ലാം കൃത്യസമയത്ത് തന്നെ നടത്തുമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചു.
വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ സെമിഫൈനലെന്ന് എല്ലാവരും വിലയിരുത്തിയ തെരഞ്ഞെടുപ്പിലെ തോല്‍വി പാഠമാക്കാന്‍ കോണ്‍ഗ്രസും യുഡിഎഫും നല്ലവണ്ണം മെനക്കെട്ടു. അവസാനനിമിഷമെങ്കിലും ഒന്നിച്ചുനിന്നേ പറ്റൂ എന്ന് ഉമ്മന്‍ചാണ്ടിയും കൂട്ടരും തിരിച്ചറിഞ്ഞു.

ജോസ് കെ മാണി മുന്നണിയില്‍ നിന്ന് തദ്ദേശതെരഞ്ഞെടുപ്പിന് മുന്നേ തന്നെ ഇടത്തുമാറി കളം ചവിട്ടിയിരുന്നു. പകരം മാണി സി കാപ്പനെ യുഡിഎഫിലേക്ക് വിളിച്ച്‌ ആസൂത്രണം തുടങ്ങിയ കുഞ്ഞൂഞ്ഞിനും കൂട്ടര്‍ക്കും പക്ഷേ തന്ത്രങ്ങള്‍ പാളിപ്പോയി. വന്‍ അവകാശവാദങ്ങളോടെ, കോണ്‍ഗ്രസില്‍ നിന്ന് ആളുകളെ ചാക്കിട്ട് പിടിച്ചും സര്‍ക്കാരുണ്ടാക്കുമെന്ന് പറഞ്ഞ കെ സുരേന്ദ്രനാകട്ടെ മത്സരിച്ച രണ്ടിടത്തും തോറ്റു. ബിജെപിക്ക് ആകെ ആശ്വാസം 9 മണ്ഡലങ്ങളിലെ രണ്ടാംസ്ഥാനവും അവസാനനിമിഷം വരെ ഷാഫി പറമ്പിലുമായി മത്സരിച്ച്‌ പിടിച്ചു നിന്ന് തോറ്റ ഇ ശ്രീധരന് കിട്ടിയ വോട്ടുകളുമായിരുന്നു.

2021 തെരഞ്ഞെടുപ്പില്‍ ഓരോ മുന്നണിക്കും കിട്ടിയ സീറ്റുകള്‍:

സിപിഎമ്മിന്‍റെയും സിപിഐയുടെയും സ്ഥാനാര്‍ത്ഥിപ്പട്ടികകളുടെ നിര്‍ണയം തന്നെയാണ് ആദ്യം പൂര്‍ത്തിയായത്. തുടര്‍ച്ചയായി രണ്ട് ടേം പൂര്‍ത്തിയാക്കിയവര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ നിന്ന് മാറണമെന്ന വ്യവസ്ഥ കര്‍ക്കശമാക്കാന്‍ സിപിഎം തീരുമാനിച്ചതോടെ, അഞ്ച് മന്ത്രിമാരും സ്പീക്കറുമടക്കം 25 സിറ്റിംഗ് എംഎല്‍എമാര്‍ പുറത്തുപോകുമെന്നുറപ്പായി. തോമസ് ഐസക്, ജി സുധാകരന്‍, പ്രൊഫ. സി രവീന്ദ്രനാഥ്, എ കെ ബാലന്‍, ഇ പി ജയരാജന്‍ എന്നീ വമ്പന്‍മാര്‍ മാറിനിന്നു. പകരം ആലപ്പുഴയില്‍ പി പി ചിത്തരഞ്ജനും, അമ്പലപ്പുഴയില്‍ എച്ച്‌ സലാമും, പുതുക്കാട് കെ കെ രാമചന്ദ്രനും സിപിഎം സീറ്റ് നല്‍കി.

ഇടതുസര്‍ക്കാരിലെ മിന്നും സാന്നിധ്യമായിരുന്ന കെ കെ ശൈലജ ടീച്ചര്‍ കൂത്തുപറമ്പില്‍ നിന്ന് മട്ടന്നൂര്‍ക്ക് മാറി. തരൂരില്‍ എ കെ ബാലന്‍റെ ഭാര്യ പി കെ ജമീല സ്ഥാനാര്‍ത്ഥിയാകുമെന്ന് ആദ്യം അഭ്യൂഹമുണ്ടായിരുന്നെങ്കിലും പിന്നീട് പി പി സുമോദ് ആണ് സിപിഎം സ്ഥാനാര്‍ത്ഥിയായത്. തൃത്താലയില്‍ എം ബി രാജേഷിറങ്ങി. ബിജെപി പിടിച്ചെടുത്ത കേരളത്തിലെ ഏക മണ്ഡലമായ തിരുവനന്തപുരത്തെ നേമത്ത് സിപിഎം കളത്തിലിറക്കിയത് വി ശിവന്‍കുട്ടിയെയാണ്.

ബേപ്പൂരില്‍ മുഹമ്മദ് റിയാസ്, പുതുപ്പള്ളിയില്‍ ജെയ്ക് സി തോമസ്, ബാലുശ്ശേരിയില്‍ സച്ചിന്‍ ദേവ്, കല്യാശ്ശേരിയില്‍ എം വിജിന്‍, ദേവികുളത്ത് എ രാജ, മികച്ച പ്രതിച്ഛായയുള്ള കെ വി സുമേഷ് അഴീക്കോട്, അരൂരില്‍ ദലീമ ജോജോ, കോന്നിയില്‍ വീണ്ടും കെ യു ജനീഷ് കുമാര്‍, വട്ടിയൂര്‍ക്കാവില്‍ വീണ്ടും മേയര്‍ ബ്രോ വി കെ പ്രശാന്ത് എന്നിങ്ങനെ ഒരു കൂട്ടം യുവസ്ഥാനാര്‍ത്ഥികള്‍ കളത്തിലിറങ്ങി.

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിപ്പട്ടികയില്‍ പതിവുപോലെ തമ്മില്‍ത്തല്ല് നടന്നു. പല തവണ രാഹുല്‍ ഗാന്ധി യുവാക്കള്‍ക്കും വനിതകള്‍ക്കും പ്രാതിനിധ്യം നല്‍കി തരാന്‍ പറഞ്ഞ ശേഷമാണ് 92 സീറ്റുകളില്‍ 86 സീറ്റുകളിലെ സ്ഥാനാര്‍ത്ഥിപ്പട്ടിക കോണ്‍ഗ്രസ് പ്രഖ്യാപിച്ചത്. സ്റ്റാര്‍ മണ്ഡലമായ നേമത്ത്, ബിജെപിയെ എതിരിടാന്‍ കോണ്‍ഗ്രസ് സര്‍പ്രൈസായി കെ മുരളീധരനെ പ്രഖ്യാപിച്ചത് രാഷ്ട്രീയകേരളം അത്ഭുതത്തോടെയാണ് കണ്ടത്. കോട്ടകള്‍ പിടിച്ചെടുക്കുന്ന സ്പെഷ്യലിസ്റ്റായ മുരളീധരന്‍ ഈ സീറ്റ് പിടിക്കുമെന്ന് ഏറെ ആത്മവിശ്വാസത്തോടെ കെപിസിസി അധ്യക്ഷനായിരുന്ന മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.

പട്ടിക വന്നതിന് പിന്നാലെ വനിതകളെ കൂട്ടത്തോടെ തഴഞ്ഞതിന്‍റെ പേരില്‍ വലിയ പൊട്ടിത്തെറിയാണ് കോണ്‍ഗ്രസിലുണ്ടായത്. ലതികാ സുഭാഷ് മഹിളാ കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനം രാജിവച്ചു. കെപിസിസിക്ക് മുന്നിലിരുന്ന് തല മുണ്ഡനം ചെയ്ത് അവര്‍ പ്രതിഷേധിച്ചത് രാഷ്ട്രീയകേരളം മറക്കാത്ത കാഴ്ചയായി.

ബിജെപിയിലും തഴയുന്നതിനെതിരെ ശോഭാ സുരേന്ദ്രനടക്കമുള്ളവരുടെ പ്രതിഷേധങ്ങളുയര്‍ന്നു. ഒടുവില്‍ കഴക്കൂട്ടം മണ്ഡലം മത്സരിക്കാനായി വിട്ടുനല്‍കി നേതൃത്വം തല്‍ക്കാലം പ്രതിഷേധം തണുപ്പിച്ചു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ കോന്നിയിലും മഞ്ചേശ്വരത്തും മത്സരിച്ചു. എ ക്ലാസ് മണ്ഡലങ്ങളായ തിരുവനന്തപുരത്ത് നടന്‍ കൃഷ്ണകുമാറും വട്ടിയൂര്‍ക്കാവില്‍ വി വി രാജേഷും നേമത്ത് കുമ്മനം രാജശേഖരനും മത്സരിച്ചു. രാഷ്ട്രീയത്തിലിറങ്ങിയ മെട്രോമാന്‍ ഇ ശ്രീധരന്‍ മത്സരിച്ചത് പാലക്കാട്ട്. തൃശ്ശൂരില്‍ അങ്കത്തിനിറങ്ങിയത് സുരേഷ് ഗോപി. കോഴിക്കോട് നോര്‍ത്തില്‍ എം ടി രമേശും, പിണറായി വിജയനെതിരെ ധര്‍മ്മടത്ത് സി കെ പത്മനാഭനും പി കെ കൃഷ്ണദാസ് കാട്ടാക്കടയിലും മത്സരിച്ചു. മുന്‍ ഡിജിപി ജേക്കബ് തോമസ് ഇരിഞ്ഞാലക്കുടയിലും കാലിക്കറ്റ് സര്‍വകലാശാലാ മുന്‍ വിസി എം അബ്ദുള്‍സലാം തിരൂരിലും മത്സരിച്ചതായിരുന്നു ശ്രദ്ധേയമായ മറ്റ് പോരാട്ടങ്ങള്‍.

ചുവന്നു തുടുത്ത കേരളം

എറണാകുളം, വയനാട്, മലപ്പുറം എന്നീ ജില്ലകളില്‍ മാത്രമാണ് യുഡിഎഫിന് അല്‍പ്പമെങ്കിലും മേല്‍ക്കൈ കിട്ടിയത്. ബാക്കിയെല്ലാ ജില്ലകളിലും ഇടതുമുന്നണിയുടെ തേരോട്ടമായിരുന്നു.

ആഞ്ഞുവീശിയ ഇടത് കൊടുങ്കാറ്റില്‍ പിണറായി ഭരണത്തുടര്‍ച്ച നേടി. ചരിത്രം വഴിമാറ്റിയ എല്‍ഡിഎഫ് തേരോട്ടത്തില്‍ യുഡിഎഫ് തകര്‍ന്ന് തരിപ്പണമായി. നേമം തിരിച്ചുപിടിച്ച്‌ ബിജെപിയുടെ അക്കൗണ്ടും എല്‍ഡിഎഫ് പൂട്ടി.

സെഞ്ച്വറിക്ക് ഒരു സീറ്റ് കുറഞ്ഞെങ്കിലും ഇടതുവിജയത്തിന് 2016-നേക്കാള്‍ പകിട്ടുണ്ടായിരുന്നു. ആറ്റിക്കുറുക്കി 80 സീറ്റെന്ന് മുന്നണി വിലയിരുത്തിയെങ്കിലും ജനം കരുതിവച്ചത് അതിലേറെ. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ഭൂരിപക്ഷം നേടി വിജയിച്ചത് മുന്‍ ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചര്‍. രണ്ടാമത് മുഖ്യമന്ത്രി പിണറായി വിജയന്‍. മൂന്നാമത് മുന്‍ വൈദ്യുതിവകുപ്പ് മന്ത്രി എം എം മണി.

സിപിഎമ്മിലെയും ഘടകകക്ഷികളുടെയും മന്ത്രിമാര്‍ വിജയിച്ചപ്പോള്‍ നഷ്ടം കുണ്ടറയില്‍ മുന്‍മന്ത്രി മേഴ്സിക്കുട്ടിയമ്മയുടെ പരാജയമായിരുന്നു. മന്ത്രിസഭയിലെ മൂന്നാം നമ്പര്‍ കാര്‍ ഉറപ്പിച്ച ജോസ് കെ മാണി പാലായില്‍ വീണതും, കല്‍പറ്റയില്‍ ശ്രേയാംസ് കുമാര്‍ തോറ്റതും തിരിച്ചടിയായി. ആലപ്പുഴ, അമ്പലപ്പുഴ, കോഴിക്കോട് നോര്‍ത്ത്, തൃശ്ശൂര്‍ അടക്കം ടേം വ്യവസ്ഥയില്‍ പ്രമുഖരെ മാറ്റി റിസ്ക്കെടുത്ത രണ്ട് ഡസന്‍ മണ്ഡലങ്ങളില്‍ ഭൂരിഭാഗവും വിജയിച്ചത് സിപിഎം, സിപിഐ നേതൃത്വങ്ങള്‍ക്ക് ആശ്വാസമായി.

എന്ത് വിലക്കൊടുത്തും ജയം നേടാന്‍ പാര്‍ട്ടിയും അണികളും ആഞ്ഞിറങ്ങിയ വടക്കാഞ്ചേരിയിലും, അഴീക്കോടും, തൃത്താലയിലും യുഡിഎഫ് യുവനിര തോറ്റത് ഇടതുക്യാമ്പിന്‍റെ ആവേശം കൂട്ടി. ഇടതുമുന്നണിയില്‍ രണ്ടാം കക്ഷിയായ സിപിഐയെക്കാള്‍ മൂന്നിരട്ടി വ്യത്യാസത്തില്‍ കരുത്തോടെ സിപിഎം മുന്നിലെത്തി. 12-ല്‍ അഞ്ചിടത്ത് കേരള കോണ്‍ഗ്രസ് എം വിജയിച്ചു. പക്ഷേ, ആഘോഷങ്ങള്‍ക്കെല്ലാമിടയില്‍ തൃപ്പൂണിത്തുറയില്‍ എം സ്വരാജിന്‍റെ പരാജയം ഇടതുമുന്നണിക്ക് വേദനയായി.

യുഡിഎഫില്‍ കോണ്‍ഗ്രസിന് 22 സീറ്റ്. ലീഗിന് 14. വന്‍വിജയം പ്രതീക്ഷിച്ച ഉമ്മന്‍ചാണ്ടി ഭൂരിപക്ഷത്തില്‍ അഞ്ചക്കം കടന്നില്ല. ഹരിപ്പാടും ഭൂരിപക്ഷം കുറഞ്ഞു. നേമത്ത് മൂന്നാമനായ കെ.മുരളീധരന് നേടാനായത് 35000ത്തോളം വോട്ടുകള്‍ മാത്രം. തൃശൂരില്‍ പത്മജയുടെ തോല്‍വിയും ഇരട്ടപ്രഹരമായി. യുഡിഎഫില്‍ തിളക്കമേറിയ വിജയം നേടിയത് കെ കെ രമയും മാണി സി കാപ്പനും മാത്രം. ഇടതു തേരോട്ടത്തില്‍ ബിജെപി അക്കൗണ്ടും പൂട്ടി. നേമത്ത് കുമ്മനം തോറ്റത് അയ്യായിരത്തിലേറെ വോട്ടുകള്‍ക്ക്. വിജയത്തിനരികെ എത്തി ഇ.ശ്രീധരനും ഷാഫി പറമ്പിലിന് മുന്നില്‍ വീണു.

കൂടുതല്‍ ചുവന്ന വടക്കന്‍ കേരളം

കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിലുണ്ടായ ചെറിയ തിരിച്ചടികളെ പോലും അതിജീവിക്കുന്നതായി വടക്കന്‍ കേരളത്തിലെ എല്‍ഡിഎഫിന്‍റെ തേരോട്ടം. മിന്നും ജയത്തിനിടയിലും ഇടതുമുന്നണിയില്‍ എല്‍ജെഡിക്ക് നല്‍കിയ രണ്ട് സിറ്റിംഗ് സീറ്റുകളിലും തോറ്റത് കല്ലുകടിയായി. തകര്‍ന്നടിഞ്ഞ കോണ്‍ഗ്രസിന് കല്‍പ്പറ്റയിലെ ജയം മാത്രമാണ് ആശ്വസിക്കാനുള്ളത്.

2020-ല്‍ കണ്ണൂര്‍ കോര്‍പ്പറേഷന്‍ പിടിച്ചെടുത്ത കോണ്‍ഗ്രസ് കണ്ണൂര്‍ നിയമസഭാ മണ്ഡലത്തിലെ ജയവും ഉറപ്പിച്ചതാണ്. പക്ഷെ സതീശന്‍ പാച്ചേനി വീണ്ടും തോറ്റു. ഉദുമയില്‍ മികച്ച പോരാട്ടം നടത്തിയെന്നവകാശപ്പെട്ടെങ്കിലും 2016-ന്‍റെ ഇരട്ടി വോട്ടിനാണ് കോണ്‍ഗ്രസ് തോറ്റത്.

തൃത്താലയിലെ ബല്‍റാമിന്‍റെ തോല്‍വി കോണ്‍ഗ്രസിന് പാലക്കാട്ടെ അവശേഷിക്കുന്ന സ്വാധീനവും നഷ്ടമാക്കി. ഒറ്റപ്പാലത്തും പട്ടാമ്പിയിലും ചിറ്റൂരിലും ഇനി തിരിച്ചുവരാനാവാത്തവിധം കോണ്‍ഗ്രസ് പരാജയപ്പെട്ടു. ആകെ ആശ്വാസം പാലക്കാട്ട് ഇ ശ്രീധരനോട് ഇഞ്ചോടിഞ്ച് പൊരുതി ജയിച്ച ഷാഫി പറമ്പിലാണ്. കല്‍പ്പറ്റയിലെ ടി സിദ്ദിഖിന്‍റെ ജയം ന്യൂനപക്ഷ വോട്ടുകളുടെ ബലത്തിലാണ്. ഇടതുമുന്നണിയാകട്ടെ വടക്കന്‍ കേരളത്തില്‍ 60-ല്‍ 39 സീറ്റുകള്‍ ജയിച്ച്‌ കയറി. കഴിഞ്ഞ തവണത്തേക്കാള്‍ 2 സീറ്റുകള്‍ അധികം നേടി.

കണ്ണൂരിലെ മണ്ഡലങ്ങളിലെല്ലാം നേടിയത് സമഗ്രമായ വിജയം. ബിജെപിക്ക് സ്ഥാനാര്‍ത്ഥിയില്ലാതായിരുന്ന തലശ്ശേരിയില്‍ പോലും എല്‍ഡിഎഫ് മിന്നും ജയം നേടി. പക്ഷേ ഇടതിന് എല്‍ജെഡി ചോദിച്ച്‌ വാങ്ങിയ 2 സിറ്റിംഗ് സീറ്റുകള്‍ നഷ്ടമായത് തലവേദനയായി.

അതേ സമയം ബിജെപിക്ക് കോഴിക്കോട് നോര്‍ത്ത് പോലുള്ള ചില മണ്ഡലങ്ങളൊഴികെ പലയിടത്തും വോട്ട് ചോര്‍ന്നു. വിജയം ലക്ഷ്യമിട്ട മലമ്ബുഴയില്‍ ഏറെ പിന്നിലായി. പാലക്കാട്ടും മഞ്ചേശ്വരത്തും കോടികള്‍ ചെലവിട്ട് നടത്തിയ പ്രചാരണം പാളി. യുഡിഎഫിനെപ്പോലെ ബിജെപിക്കും വടക്കന്‍ കേരളത്തില്‍ തെരഞ്ഞെടുപ്പ് നഷ്ടക്കണക്കായി. മലപ്പുറം അടക്കം മുസ്ലിം മേഖലകളില്‍ എല്‍ഡിഎഫിന് കാര്യമായി വോട്ട് വര്‍ധിപ്പിക്കാനായി എന്നത് മുന്നണിയെ സംബന്ധിച്ച്‌ മികച്ച നേട്ടമാണ്. വെല്‍ഫയര്‍ പാര്‍ട്ടിയുടെ അടക്കമുള്ള പിന്തുണ നഷ്ടപ്പെട്ടത് എല്‍ഡിഎഫിനെ ബാധിച്ചതേയില്ല.

കാല്‍നൂറ്റാണ്ടിന് ശേഷം മുസ്ലിം ലീഗ് ഒരു വനിതാ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചെങ്കിലും പാര്‍ട്ടിയ്ക്ക് അകത്ത് നിന്ന് തന്നെയുള്ള കുത്തിത്തിരിപ്പ് മൂലം അഡ്വ. നൂര്‍ബിന റഷീദ് തോറ്റു. വടക്കന്‍ കേരളത്തില്‍ കാര്യമായ സ്വാധീനമില്ലാഞ്ഞിട്ട് പോലും ഐഎന്‍എല്ലിന്‍റെ അഹമ്മദ് ദേവര്‍കോവില്‍ കോഴിക്കോട് സൗത്തില്‍ നിന്ന് ജയിച്ചുകയറി.

കേരളം എന്നുമോര്‍ക്കുന്ന രാഷ്ട്രീയകൊലപാതകങ്ങളിലെ രക്തസാക്ഷി ടി പി ചന്ദ്രശേഖരന്‍റെ ഭാര്യ കെ കെ രമ വടകരയില്‍ നിന്ന് മികച്ച ഭൂരിപക്ഷത്തോടെ വിജയിച്ച്‌ നിയമസഭയിലെത്തിയതും കേരളം കണ്ടു. നെഞ്ചില്‍ ടിപിയുടെ ചിത്രമുള്ള ബാഡ്ജ് ധരിച്ചാണ് അവര്‍ നിയമസഭയില്‍ സത്യപ്രതിജ്ഞയ്ക്ക് എത്തിയത്.

സംപൂജ്യരായ ബിജെപി

നേമം അക്കൗണ്ട് കൂടി പൂട്ടിയതോടെ സംസ്ഥാനത്ത് ബിജെപി സംപൂജ്യരായ കാഴ്ചയും സംസ്ഥാനം കണ്ടു. മോദിയും അമിത്ഷായും നേരിട്ടിറങ്ങിയിട്ടും ഉണ്ടായ കനത്ത തോല്‍വി കെ സുരേന്ദ്രന്‍റെ നേതൃത്വത്തെ തന്നെ ചോദ്യം ചെയ്യുന്നതായിരുന്നു. കനത്ത വിമര്‍ശനമുയര്‍ന്നിട്ടും, പാര്‍ട്ടിയെ കീഴ്ത്തട്ട് മുതല്‍ അഴിച്ചുപണിയാമെന്ന് ഉറപ്പ് നല്‍കി, കേന്ദ്രനേതൃത്വത്തിന്‍റെ പിന്തുണയില്‍ പിടിച്ചുനില്‍ക്കുകയാണ് സുരേന്ദ്രന്‍.

ഉയര്‍ത്തിയത് വന്‍ അവകാശവാദങ്ങളാണ്. രണ്ടക്കം കടക്കുന്ന താമരകള്‍. പതിനഞ്ചിലേറെ സ്ഥലത്ത് രണ്ടാം സ്ഥാനം. തൂക്കുസഭയില്‍ കറുത്ത കുതിരകള്‍. പക്ഷെ വോട്ടെണ്ണിയപ്പോള്‍ നേമത്ത് നട്ട് നനച്ച താമരയുടെ തണ്ടൊടിഞ്ഞ കാഴ്ചയാണ് കണ്ടത്. സംപൂജ്യപതനവും പാര്‍ട്ടിക്ക് കാണേണ്ടി വന്നു. പാലക്കാട് ഇ ശ്രീധരന്‍ അവാസന നിമിഷം വരെ ഉയര്‍ത്തിയ പോരാട്ടം മാത്രമാണ് അല്പമെങ്കിലും പ്രതീക്ഷ നല്‍കിയത്.

സംഘടനയുടെ അക്കൗണ്ടിനെക്കാള്‍ ശ്രീധരന്‍റെ പ്രതിച്ഛായക്കായിരുന്നു അവിടെ വോട്ട്. രണ്ടിടത്ത് മത്സരിച്ച സംസ്ഥാന അധ്യക്ഷന്‍ മഞ്ചേശ്വരത്ത് വീണ്ടും രണ്ടാമതെത്തി. കോന്നിയില്‍ ദയനീയമായി മൂന്നാമത്. കഴക്കൂട്ടത്ത് ശോഭാ സുരേന്ദ്രനും തൃശ്ശൂരില്‍ സുരേഷ് ഗോപിക്കും കാര്യമായൊന്നും ചെയ്യാനായില്ല.

നേമം, കഴക്കൂട്ടം, വട്ടിയൂര്‍ക്കാവ്, പാലക്കാട്, മലമ്ബുഴ, മഞ്ചേശ്വരം, കാസര്‍ഗോഡ്, ചാത്തന്നൂര്‍ എന്നിവിടങ്ങളില്‍ രണ്ടാമതെത്തിയത് മിച്ചം. ശബരിമല ആഞ്ഞ് കത്തിച്ചിട്ടും ദേശീയ നേതാക്കള്‍ നേരിട്ടിറങ്ങിയിട്ടും കിട്ടിയത് വന്‍തോല്‍വി. പ്രധാനഘടകക്ഷി ബിഡിജെഎസ് പ്രകടനം ദയനീയമായതും എന്‍ഡിഎ തകര്‍ച്ചയുടെ ആക്കം കൂട്ടി.

കൊടകര കുഴല്‍പ്പണക്കേസ് ബിജെപിയെ തെരഞ്ഞെടുപ്പ് കാലത്ത് വെട്ടിലാക്കിയത് ചില്ലറയല്ല. കേസില്‍ തുടരന്വേഷണം വന്നതോടെ ബിജെപി പ്രതിരോധത്തിലായി. മുതിര്‍ന്ന ബിജെപി നേതാക്കള്‍ പ്രതികളാകാനുള്ള സാധ്യത വന്നതോടെ തെരഞ്ഞെടുപ്പ് കാലത്ത് ഇതിന് മറുപടി പറയാതെ പലപ്പോഴും ബിജെപി മൗനം പാലിച്ചു. ഈ വര്‍ഷം ഏപ്രില്‍ മൂന്നിനാണ് പണം നിറച്ച്‌ കൊണ്ടുപോയ കാറില്‍ നിന്ന് മൂന്നരക്കോടി രൂപ കവര്‍ച്ച ചെയ്യപ്പെട്ടത്. ഇത് ബിജെപിയ്ക്കായി കൊണ്ടുവന്ന തെരഞ്ഞെടുപ്പ് ഫണ്ടാണെന്ന് അന്വേഷണസംഘം വിലയിരുത്തി. കവര്‍ച്ചപ്പണം കണ്ടെത്തുന്നതിനോടൊപ്പം ഇതിന്‍റെ ഉറവിടം കൂടി പുറത്തു കൊണ്ടു വരാനാണ് പൊലീസിന്‍റെ ഇപ്പോഴത്തെ ശ്രമം. ബിജെപി തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം ലംഘിച്ചോയെന്ന കാര്യവും അന്വേഷണ പരിധിയില്‍ വരും.

തല’ മാറിയ കോണ്‍ഗ്രസ്

ഇടതിന്‍റെ 99 സീറ്റ് വിജയത്തിന് മുന്നില്‍ കണ്ണ് മിഴിച്ച കോണ്‍ഗ്രസിന്‍റെ തല മാറിയ വര്‍ഷമാണ് 2021. ഗ്രൂപ്പ് നേതാക്കളുടെ കടുത്ത സമ്മര്‍ദ്ദത്തെ അവഗണിച്ചാണ് സതീശനിലൂടെ തലമുറ മാറ്റത്തിന് ഹൈക്കമാന്‍ഡ് തുടക്കമിട്ടത്. വി ഡി സതീശന്‍ പ്രതിപക്ഷനേതാവായി. കെ സുധാകരന്‍ കെപിസിസി പ്രസിഡന്‍റും. ഉമ്മന്‍ചാണ്ടിക്കും രമേശ് ചെന്നിത്തലക്കും ഷോക്ക് ട്രീറ്റ്മെന്‍റായി രാഹുല്‍ ഗാന്ധിയുടെ ഈ തീരുമാനം.

പാര്‍ലമെന്‍ററി പാര്‍ട്ടി നേതാവിനെ തീരുമാനിക്കാന്‍ മല്ലികാര്‍ജ്ജുന ഖാര്‍ഗെ, വൈത്തിലിംഗം എന്നിവരടങ്ങിയ നിരീക്ഷക സമിതിയെ നിയോഗിച്ചെങ്കിലും തലമുറ മാറ്റം വേണമെന്ന നിലപാടില്‍ തന്നെയായിരുന്നു എഐസിസി. പ്രതിപക്ഷ നേതാവിന്‍റെ കാര്യത്തില്‍ എംഎല്‍എമാര്‍ രണ്ട് തട്ടിലായിരുന്നെങ്കിലും പാര്‍ട്ടിയിലെ പൊതുവികാരം മാറ്റത്തിന് അനുകൂലമെന്ന് സമിതി വിലയിരുത്തി. ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും മുല്ലപ്പള്ളിയും സ്വയം പിന്മാറുമെന്ന് ഹൈക്കമാന്‍ഡ് കരുതി. എന്നാല്‍ പൂര്‍വ്വാധികം ശക്തമായി ഗ്രൂപ്പ് വാദം ഉയര്‍ത്തിയ നേതാക്കള്‍ പതിവില്ലാത്ത വിധം ഒന്നിച്ചു നിന്നു. ദേശീയ നേതാക്കളിലൂടെ സമ്മര്‍ദ്ദം ചെലുത്തുകയും ചെയ്തു.

പ്രതിപക്ഷ നേതൃസ്ഥാനത്തിനായി നേതാക്കള്‍ സ്വയം വാദിച്ചത് അത്ഭുതപ്പെടുത്തിയെന്നാണ് ഹൈക്കമാന്‍ഡ് വൃത്തങ്ങള്‍ അറിയിച്ചത്. നേതാക്കള്‍ക്ക് മനം മാറ്റം ഉണ്ടാകുമെന്ന് പ്രതീക്ഷിച്ച്‌ മൂന്ന് ദിവസം കാത്തു. ഏറ്റവുമൊടുവില്‍ ഹൈക്കമാന്‍ഡ് തീരുമാനം അറിയിച്ചപ്പോഴും ചെറുത്ത് നില്‍പുണ്ടായി. എന്നാല്‍ എല്ലാ എതിര്‍പ്പുകളെയും അവഗണിച്ച്‌ കെ സുധാകരനെയും വി ഡി സതീശനെയും കോണ്‍ഗ്രസിന്‍റെ ചുമതലയേല്‍പ്പിച്ചിരിക്കുകയാണ് രാഹുല്‍ ഗാന്ധി. പുനഃസംഘടനയടക്കം ഒരുകൂട്ടം വെല്ലുവിളികള്‍ നേരിടേണ്ട കാലം. ഇനിയൊരു തെരഞ്ഞെടുപ്പില്‍ അടി പതറിയാല്‍ കോണ്‍ഗ്രസ് എന്നൊരു പാര്‍ട്ടി ക്രിയാത്മകപ്രതിപക്ഷമായി സംസ്ഥാനത്തുണ്ടാകുമോ എന്നതാണ് സംശയം. അതൊഴിവാക്കാന്‍ വിയര്‍പ്പൊഴുക്കി പണിയെടുക്കേണ്ടി വരും പുതിയ നേതൃത്വത്തിന്.