video
play-sharp-fill

രക്ഷിതാക്കള്‍ക്കിടയിലെ തർക്കം ; പുണ്യ വേണമെന്ന് അമ്മ, പത്മ മതിയെന്ന് അച്ഛന്‍; തര്‍ക്കം തീര്‍ക്കാന്‍ കുട്ടിക്ക് പേരിട്ട് ഹൈക്കോടതി

രക്ഷിതാക്കള്‍ക്കിടയിലെ തർക്കം ; പുണ്യ വേണമെന്ന് അമ്മ, പത്മ മതിയെന്ന് അച്ഛന്‍; തര്‍ക്കം തീര്‍ക്കാന്‍ കുട്ടിക്ക് പേരിട്ട് ഹൈക്കോടതി

Spread the love

സ്വന്തം ലേഖകൻ

കൊച്ചി: കുട്ടിയുടെ പേരിനെ ചൊല്ലിയുള്ള മാതാപിതാക്കളുടെ തര്‍ക്കത്തില്‍ നിയമപ്പോരാട്ടം തുടരുന്നതിനിടെ കുട്ടിക്ക് പേരിട്ട് കേരള ഹൈക്കോടതി. രക്ഷിതാക്കള്‍ക്കിടയിലെ തർക്കം പരിഹരിക്കാൻ കാലതാമസമെടുക്കുമെന്ന് വിലയിരുത്തിയാണ് കോടതിയുടെ നടപടി. പേരിന്റെ അഭാവം കുട്ടിയുടെ ക്ഷേമത്തിന് തടസ്സമാകുമെന്ന് നിരീക്ഷിച്ച കോടതി മാതാവിന്റെയും പിതാവിന്റെയും ആവശ്യങ്ങളും നിയമസാധുതയും പരിഗണിച്ച് കുട്ടിക്ക് പേര് നിർദേശിക്കുകയായിരുന്നു.

ദമ്പതികൾ തമ്മിലുള്ള ബന്ധത്തിൽ പൊരുത്തക്കേടുകൾ ഉണ്ടായിരുന്നു. കുട്ടി ഉണ്ടായശേഷം അത് കൂടുതൽ വഷളായി. കുട്ടിയുടെ ജനന സർട്ടിഫിക്കറ്റിൽ പേരുണ്ടായിരുന്നില്ല. എന്നാൽ, സ്കൂളിൽ ചേർക്കുമ്പോൾ, രേഖകളിൽ പേര് വേണമെന്ന് അധികൃതർ അറിയിക്കുകയും പേരില്ലാത്ത ജനന സർട്ടിഫിക്കറ്റ് സ്വീകരിക്കാൻ വിസമ്മതിക്കുകയും ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പരാതിക്കാരിയായ അമ്മ കുട്ടിക്ക് ‘പുണ്യ നായർ’ എന്ന പേര് രജിസ്റ്റർ ചെയ്യാൻ ശ്രമിച്ചിരുന്നു. എന്നാൽ, പേര് രജിസ്റ്റർ ചെയ്യാൻ രക്ഷിതാക്കളായ രണ്ടുപേരുടെയും സാന്നിധ്യം വേണമെന്ന് രജിസ്ട്രാർ നിർബന്ധിച്ചു. കുട്ടിക്ക് പദ്മ നായർ എന്ന് പേരിടാൻ പിതാവ് അഭിപ്രായപ്പെട്ടതിനാൽ വിഷയത്തിൽ സമവായത്തിലെത്താൻ ദമ്പതികൾക്ക് കഴിഞ്ഞില്ല.

തുടർന്ന്, പുണ്യ നായർ എന്ന പേര് നൽകാൻ പിതാവിനെ നിർബന്ധിക്കണമെന്ന് ആവശ്യപ്പെട്ട് കുട്ടിയുടെ അമ്മ കുടുംബകോടതിയെ സമീപിച്ചു. ജനന സർട്ടിഫിക്കറ്റിന്റെ നടപടികൾക്കായി ആലുവ നഗരസഭാ സെക്രട്ടറിക്ക് മുന്നിൽ ഹാജരാകാൻ കുടുംബ കോടതി ഇരുവരോടും നിർദ്ദേശിച്ചിരുന്നു.

എന്നാൽ, നിയമപ്രകാരം കുട്ടിയുടെ പേരിനായി അപേക്ഷിക്കേണ്ടത് ‘രക്ഷിതാവ്’ ആണെന്ന് കണ്ടെത്തിയ കോടതി, ഇത് അമ്മയോ അച്ഛനോ ആകാമെന്ന് നിരീക്ഷിച്ചു. കുട്ടിയുടെ പേര് രജിസ്റ്റർ ചെയ്യേണ്ടത് എങ്ങനെയെന്ന് ഇവരിൽ ആർക്ക് വേണമെങ്കിലും രജിസ്റ്റർ ഓഫീസിൽ അറിയിക്കാമെന്നും കോടതി പറഞ്ഞു.

കേസിന്റെ വസ്തുതകൾ കണക്കിലെടുത്ത്, കുട്ടിയെ നിലവിൽ സംരക്ഷിക്കുന്ന അമ്മ നിർദേശിച്ച പേരിന് അർഹമായ പ്രാധാന്യം നൽകേണ്ടതുണ്ടെന്ന് അഭിപ്രായപ്പെട്ട കോടതി, പിതൃത്വത്തിൽ തർക്കമില്ലാത്തതിനാൽ, പിതാവിന്റെ പേരുകൂടി കുട്ടിയുടെ പേരിനോട് ചേർക്കണമെന്ന് അറിയിച്ചു.

കുട്ടിക്ക് ‘പുണ്യ ബാലഗംഗാധരൻ നായർ’ എന്ന പേര് കോടതി നിർദേശിക്കുകയും ചെയ്തു. കുട്ടിയുടെ പേര് പുണ്യ ബി നായർ എന്നാക്കണമെന്ന ഹർജിക്കാരിയുടെ ആവശ്യം അംഗീകരിച്ച കോടതി, രജിസ്ട്രാറെ സമീപിക്കാനും അപേക്ഷ നൽകാനും ആവശ്യപ്പെട്ടു. കൂടാതെ, മാതാപിതാക്കളുടെ സാന്നിധ്യമോ സമ്മതമോ ഇല്ലാതെ പേര് രജിസ്റ്റർ ചെയ്യാമെന്ന് രജിസ്ട്രാർക്ക് നിർദേശവും നൽകി.