
സ്വന്തം ലേഖകന്‍
കൊച്ചി: അഭിഭാഷകര്‍ക്കെതിരെ പൊലീസ് കേസെടുത്തതില്‍ പ്രതിഷേധിച്ച് കോടതി ബഹിഷ്‌കരിച്ച് അഭിഭാഷകരുടെ സമരം. കോടതി നടപടികള്‍ അഭിഭാഷകര്‍ ബഹിഷ്‌കരിച്ചതോടെ ഹൈക്കോടതിയുടെ പ്രവര്‍ത്തനം തടസ്സപ്പെട്ടു. പരാതിക്കാരിയെ മര്‍ദ്ദിച്ചതിന്റെ പേരില്‍ എല്‍ദോസ് കുന്നപ്പിള്ളിക്കെതിരെ വഞ്ചിയൂര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ അഭിഭാഷകരേയും പ്രതി ചേര്‍ത്തിരുന്നു. അഡ്വ. അലക്‌സ്, അഡ്വ. സുധീര്‍ , അഡ്വ. ജോസ് എന്നിവരെയാണ് കേസില്‍ പ്രതി ചേര്‍ത്തത്. അഭിഭാഷകരുടെ ഓഫീസില്‍ വച്ച് കേസ് ഒത്തുതീര്‍ക്കാന്‍ ശ്രമിച്ചുവെന്നും ഇതിനിടെ എല്‍ദോസ് മര്‍ദ്ദിച്ചുവെന്നുമുള്ള പരാതിക്കാരിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് നടപടി.
അടിയന്തര ജനറല്‍ ബോഡി യോഗം വിളിച്ചു ചേര്‍ത്താണ് അഭിഭാഷകര്‍ ബഹിഷ്‌കരണ സമരം പ്രഖ്യാപിച്ചത്. രാവിലെ കോടതി ചേര്‍ന്ന സമയത്ത് അഭിഭാഷകരാരും ഹാജരായില്ല. ഇതേതുടര്‍ന്ന് ഇന്ന് പരിഗണിക്കേണ്ട കേസുകളെല്ലാം മറ്റൊരു ദിവസത്തേക്ക് മാറ്റിവച്ചു. അതേസമയം ഇത് കള്ളക്കേസാണെന്നും ബലാത്സംഗ കേസില്‍ ജാമ്യം ലഭിച്ച ശേഷമാണ് പുതിയ കേസെടുത്തത് എന്നും അഭിഭാഷകര്‍ ആരോപിച്ചിരുന്നു. മജിസ്‌ട്രേറ്റിന് നല്‍കിയ മൊഴിയിലും അഭിഭാഷകര്‍ക്കെതിരെ പരാതിയില്ല.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഈ മൊഴി അടിസ്ഥാനമാക്കി സ്ത്രീത്വത്തെ അപമാനിക്കല്‍, കേസില്‍ നിന്നും പിന്മാറാനായി കൃത്രിമ രേഖ ചമയ്ക്കല്‍, മര്‍ദ്ദിക്കുക എന്നീ കുറ്റങ്ങള്‍ വഞ്ചിയൂര്‍ പൊലീസ് എല്‍ദോസിനെതിരെ ചുമത്തിയിരുന്നു. ഇതിനു പിന്നാലെയാണ് മൂന്ന് അഭിഭാഷകരേയും കേസില്‍ പ്രതി ചേര്‍ത്തത്.