
തിരുവനന്തപുരം: സ്ത്രീകൾക്ക് 50% വിലയ്ക്ക് ഇരുചക്രവാഹനങ്ങൾ വിതരണം ചെയ്യുന്ന പദ്ധതിയുടെ എറണാകുളം ജില്ലാതല ഉദ്ഘാടനം നിർവഹിച്ചതു കേന്ദ്രമന്ത്രിയും കർണാടകയിലെ മുതിർന്ന ബിജെപി നേതാവുമായ ശോഭ കരന്തലാജെ. 2024 മാർച്ച് 6ന് എറണാകുളം മറൈൻ ഡ്രൈവിൽ നടന്ന സമ്മേളനത്തിലാണു ശോഭ പദ്ധതി ഉദ്ഘാടനം ചെയ്തത്. തട്ടിപ്പിനെച്ചൊല്ലിയുള്ള പരാതികളിൽ ആരോപണവിധേയനായ ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് എ.എൻ.രാധാകൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘടനയായ ‘സൈൻ’ (സൊസൈറ്റി ഫോർ ഇന്റഗ്രേറ്റഡ് ഗ്രോത്ത് ഓഫ് ദ് നേഷൻ) സംഘടിപ്പിച്ച ഈ പരിപാടിയിൽ അനന്തു കൃഷ്ണനും സജീവമായി ഉണ്ടായിരുന്നു.
എറണാകുളം ജില്ലയിൽ മൊത്തം 596 പരാതികൾ ലഭിച്ചു. കോതമംഗലം (3), മൂവാറ്റുപുഴ (4), പോത്താനിക്കാട് (2) വാഴക്കുളം (2), പറവൂർ (1) വീതം കേസുകൾ റജിസ്റ്റർ ചെയ്തു. ആലപ്പുഴ ജില്ലയിൽ 513 പരാതികൾ ലഭിച്ചെന്നും 6 കേസെടുത്തെന്നുമാണ് വിശദീകരണം.
കോട്ടയം ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷനുകളിലായി 200 പരാതികൾ ലഭിച്ചു. പാമ്പാടി, ഈരാറ്റുപേട്ട, കാഞ്ഞിരപ്പള്ളി സ്റ്റേഷനുകളിൽ 3 കേസുകൾ റജിസ്റ്റർ ചെയ്തു. ഈരാറ്റുപേട്ട മേഖലയിൽ നിന്നു മാത്രം ആയിരത്തിലധികം പേരിൽ നിന്നു പണം പിരിച്ചു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇടുക്കി ജില്ലയിൽ 400ൽ അധികം പരാതികൾ ലഭിച്ചു. 11 കേസ് റജിസ്റ്റർ ചെയ്തു. ജില്ലയിൽ രണ്ടായിരത്തിലേറെപേർ തട്ടിപ്പിനിരയായിട്ടുണ്ടെനാണു നിഗമനം.
മലപ്പുറം ജില്ലയിൽ നാനൂറിലേറെ പേർ തട്ടിപ്പിനിരയായെന്നാണു നിഗമനം. നിലമ്പൂർ, പെരുമ്പടപ്പ് എന്നിവിടങ്ങളിലായി 20 പരാതികളാണു ലഭിച്ചത്. പെരുമ്പടപ്പ് മേഖലയിൽ മാത്രം 400 പേർക്കു പണം നഷ്ടപ്പെട്ടതായി പരാതിയിൽ പറയുന്നു. കോഴിക്കോട് ബിലാത്തിക്കുളം അവെയർ എൻജിഒ സൊസൈറ്റി നൽകിയ പരാതിയിൽ നടക്കാവ് പൊലീസ് കേസെടുത്തു.
ഗുണഭോക്തൃ വിഹിതമായി 72.58 ലക്ഷം രൂപ അടച്ച് ഒരു വർഷം കഴിഞ്ഞിട്ടും സ്കൂട്ടറുകൾ നൽകിയില്ല എന്നു പരാതിയിൽ പറയുന്നു. 98 പേരാണ് ഈ സംഘത്തിന്റെ മാത്രം ഗുണഭോക്താക്കൾ. 13 പേർ പരാതിയുമായി എത്തിയെങ്കിലും എല്ലാം ഒറ്റ കേസായാണ് റജിസ്റ്റർ ചെയ്തിരിക്കുന്നത്.
വയനാട്ടിൽ 1006 പരാതിക്കാരുണ്ടെങ്കിലും കേസ് എടുത്തിട്ടില്ല. പദ്ധതി നടത്തിപ്പിൽ സംശയം പ്രകടിപ്പിച്ചും അക്ഷയയുടെ പേരു ദുരുപയോഗം ചെയ്യുന്നതിൽ അന്വേഷണമാവശ്യപ്പെട്ടും സിഐടിയു അഫിലിയേഷനിലുള്ള അക്ഷയസംരംഭകർ 3 മാസം മുൻപു കലക്ടർക്കു പരാതി നൽകിയിരുന്നു. കണ്ണൂർ ജില്ലയിൽ 2500 പരാതിയാണു ലഭിച്ചത്. കണ്ണൂർ ബ്ലോക്കിൽ മാത്രം 494 പേരിൽ നിന്ന് 3 കോടിയോളം രൂപയാണു തട്ടിയെടുത്തത്. കാസർകോട് ജില്ലയിൽ പണം നഷ്ടപ്പെട്ടവരാരും പരാതി നൽകിയിട്ടില്ല.
അനന്തു കൃഷ്ണൻ ബലിയാടാണ്. അഭിഭാഷകയെന്ന നിലയിൽ ഫീസ് വാങ്ങി നിയമോപദേശം നൽകുകയും കരാറുകൾ ഡ്രാഫ്റ്റാക്കുകയും ചെയ്തിട്ടുണ്ട്. കേസിൽ എന്നെ പ്രതിയാക്കിയ നടപടി രാഷ്ട്രീയ പ്രേരിതമാണ്. പ്രബലരായ ആരെല്ലാമോ പിന്നിലുണ്ട്. അനന്തു എനിക്കു മകനെ പോലെയാണ്.- കോൺഗ്രസ്നേതാവ് ലാലി വിൻസന്റ് പറഞ്ഞു.
അനന്തു കൃഷ്ണനുമായോ സ്ഥാപനവുമായോ ബന്ധമില്ല. ഇതു സംബന്ധിച്ച് ആരെയും പരിചയപ്പെടുത്തിയിട്ടില്ല. പൊതുപരിപാടികളിൽ പങ്കെടുക്കുമ്പോൾ പലരും ഒപ്പം നിന്നു ഫോട്ടോയെടുക്കാറുണ്ട്. അത്തരത്തിൽ എടുത്ത ഫോട്ടോകൾ ഉണ്ടാകാമെന്ന് വൈസ് പ്രസിഡന്റ് ജെ.പ്രമീളാദേവി പറഞ്ഞു.
‘∙സൈൻ’ നടത്തിയ എല്ലാ നടപടികളും സുതാര്യമാണ്. ഒരു തട്ടിപ്പും നടത്തിയിട്ടില്ല. അക്കൗണ്ടുകൾ പരിശോധിച്ചാൽ ഇതു വ്യക്തമാകും. അനന്തു കൃഷ്ണനിൽനിന്ന് ഒരു രൂപപോലും വാങ്ങിയിട്ടില്ല. ബുക്ക് ചെയ്തവർക്ക് ഇരുചക്രവാഹനങ്ങൾ നൽകിവരികയാണിപ്പോഴെന്നും ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് എ.എൻ. രാധാകൃഷ്ണൻ പറഞ്ഞു.
നാഷനൽ എൻജിഒ കോൺഫെഡറേഷന്റെ ചെയർമാനായിരുന്നെങ്കിലും കഴിഞ്ഞ 10 മാസത്തോളമായി അതുമായി എനിക്ക് ഒരു ബന്ധവുമില്ല. ഞാൻ ഭാരവാഹിത്വത്തിലുണ്ടായിരുന്നപ്പോൾ കോൺഫെഡറേഷൻ ഒരു രൂപപോലും ഇത്തരത്തിൽ ആരിൽനിന്നും വാങ്ങിയിട്ടില്ല.
ഇതെല്ലാം നടത്തുന്നത് അനന്തു കൃഷ്ണന്റെ 4 സ്വകാര്യ കമ്പനികൾ വഴിയാണ്. അനുവാദമില്ലാതെയാണ് എന്റെ ചിത്രങ്ങൾ ഫ്ലെക്സുകളിൽ ഉപയോഗിച്ചത്.-കെ.എൻ.ആനന്ദകുമാർ ശ്രീ സത്യസായി ഓർഫനേജ്ട്രസ്റ്റ് എക്സി. ഡയറക്ടർ വ്യക്തമാക്കി.