
കണ്ണൂർ: പഴയ വാഹനങ്ങളുടെ ഉപയോഗം നിരുത്സാഹപ്പെടുത്താൻ ചുമത്തുന്ന ഹരിതനികുതിയിലൂടെ കേരളം നേടിയത് 100 കോടിയിലധികം രൂപ. 2016-17 മേയ് മുതൽ 2024-25 (നവംബർ 30 വരെ) വരെ സർക്കാർ പിരിച്ചെടുത്ത തുകയാണിത്. 2021-22 മുതലാണ് നികുതി 10 കോടി കടന്നത്.
2021-22 -ൽ 11.01 കോടി ആയിരുന്നു സമാഹരിച്ച തുക. എന്നാൽ, 2022-23 ൽ അത് 21.22 കോടിയായി ഉയർന്നു. 2023-24 ൽ 22.40 കോടി പിരിച്ചു. 2024-25 ൽ (2024 നവംബർ 30 വരെ) 16.32 കോടിയായിരുന്നു വരുമാനം. എറണാകുളത്തെ വിവരാവകാശ പ്രവർത്തകൻ കെ. ഗോവിന്ദൻ നമ്പൂതിരിക്ക് വിവരാവകാശ നിയമ പ്രകാരമുള്ള അപേക്ഷയിൽ മോട്ടോർവാഹന വകുപ്പ് നൽകിയ മറുപടിയിലാണ് ഇതുസംബന്ധിച്ച വിവരങ്ങൾ ഉള്ളത്.
15 വർഷം പഴക്കമുള്ള കാറുകൾക്ക് 600 രൂപ ഹരിതനികുതി (തുടർന്നുള്ള ഓരോ അഞ്ചുവർഷത്തേക്കും) ഈടാക്കുന്നുണ്ട്. 10 വർഷം കഴിഞ്ഞുള്ള പൊതുഗതാഗത വാഹനങ്ങൾക്ക് തുടർന്ന് വരുന്ന ഓരോ വർഷവും 300 രൂപ (ലൈറ്റ് മോട്ടോർ വെഹിക്കിൾ), 450 രൂപ (മീഡിയം), 600 രൂപ (ഹെവി) അടയ്ക്കണം. ഓട്ടോ ഒഴികെ പുതിയ ഡീസൽ ട്രാൻസ്പോർട്ട് വാഹനം രജിസ്റ്റർ ചെയ്യുമ്പോൾ ലൈറ്റ് മോട്ടോർ വെഹിക്കിൾ 1000 രൂപ ഹരിതനികുതി നൽകണം.

Whatsapp Group 1 | Whatsapp Group 2 |Telegram Group
മീഡിയം, ഹെവി വണ്ടികൾക്ക് യഥാക്രമം 1500 രൂപ, 2000 രൂപ നൽകണം. 2022 മുതലാണ് പുതിയ ഡീസൽ വണ്ടികൾ ഹരിത നികുതി ഏർപ്പെടുത്തിയത്. അന്തരീക്ഷ മലിനീകരണം കുറയ്ക്കാനുള്ള നടപടികളുടെ ഭാഗമായാണ് കാലപ്പഴക്കം ചെന്ന വാഹനങ്ങൾക്ക് ഹരിതനികുതി ഏർപ്പെടുത്തുന്നത്.
എന്നാൽ, കാലപ്പഴക്കമുള്ള വാഹനങ്ങൾ വർധിക്കുമ്പോഴും വാഹനങ്ങൾ പൊളിക്കാനുള്ള (സ്ക്രാപ്പ്) നിയമം പ്രാവർത്തികമായിട്ടില്ല. നിശ്ചിത പരിധിക്കുമുകളിൽ മലിനീകരണ തോത് ഉയർന്ന വാഹനങ്ങൾ പൊളിക്കേണ്ടിവരുമെന്ന് കേന്ദ്ര സ്ക്രാപ്പേജ് നയത്തിൽ വ്യക്തമാക്കിയിരുന്നു.




