ഗവർണറും മുഖ്യമന്ത്രിയും സമവായം ഉണ്ടാക്കാൻ ശ്രമിക്കണമെന്ന് സുപ്രീം കോടതി പറഞ്ഞു; ഗവർണർ രണ്ടുതവണ വിളിച്ചു, അദ്ദേഹമൊരു ആവശ്യം ഉന്നയിക്കുമ്പോൾ മുട്ടാപ്പോക്ക് പറയാനാകുമോ?’ കോടതി നിർദേശത്തോട് ഞങ്ങൾ അനുകൂലമായി പ്രതികരിച്ചു; മുഖ്യമന്ത്രി

Spread the love

തിരുവനന്തപുരം: വിസി നിയമനത്തിൽ ഗവർണറുമായി ഒത്തുതീർപ്പുണ്ടായ സാഹചര്യം വിശദീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഗവർണർ തന്നെ ഫോണിൽ വിളിച്ച് ചർച്ച വേണമെന്ന് ആവശ്യം ഉന്നയിച്ചു.

video
play-sharp-fill

സമവായ നിർദേശം മുന്നോട്ടുവെച്ചത് ഗവർണറാണ്. സർവകലാശാലയിൽ ശാന്തമായ അന്തരീക്ഷം ആഗ്രഹിച്ചാണ് ഇത്തരമൊരു നടപടിയെന്നും മുഖ്യമന്ത്രി പറഞ്ഞു.

“മുഖ്യമന്ത്രി നൽകുന്ന പാനലിൽനിന്ന് ഗവർണർ ഒരാളെ വൈസ് ചാൻസലറായി തിരഞ്ഞെടുക്കണമെന്നാണ് സുപ്രീം കോടതി പറഞ്ഞത്. ഇതിന്റെ അടിസ്ഥാനത്തിൽ ഗവർണർക്ക് പേരുകൾ നൽകി. എന്നാൽ, ഗവർണർ അതിൽ തീരുമാനം എടുത്തില്ല,

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പകരം ചില പേരുകൾ നിർദേശിച്ച് കോടതിയെ സമീപിച്ചു. അതിനോട് ഞങ്ങൾ യോജിച്ചില്ല. സുപ്രീം കോടതി കർക്കശമായ നിലപാട് എടുത്തു. ഗവർണറും മുഖ്യമന്ത്രിയും സമവായം ഉണ്ടാക്കാൻ ശ്രമിക്കണമെന്ന് സുപ്രീം കോടതി പറഞ്ഞു. ഈ കോടതി നിർദേശത്തോട് ഞങ്ങൾ അനുകൂലമായി പ്രതികരിച്ചു.

ഞാൻ ചില പരിപാടികളുടെ ഭാഗമായി തിരുവനന്തപുരത്തിന് പുറത്തായതിനാൽ സർക്കാരിനുവേണ്ടി ഉന്നതവിദ്യാഭ്യാസമന്ത്രിയും നിയമമന്ത്രിയും ഗവർണറെ കാണാൻ ഉദ്ദേശിക്കുന്ന കാര്യം രാജ്ഭവനെ അറിയിച്ചു. സമവായത്തിന്റെ ശ്രമമാണ് ഞങ്ങൾ നടത്തിയത്. ആ ഘട്ടത്തിൽ യോജിപ്പ് ഉണ്ടായില്ല.

ഒരുദിവസം രാവിലെ ഗവർണർ രണ്ടുതവണ എന്നെ വിളിച്ചു. കുളിക്കുന്ന സമയം ആയതുകൊണ്ട് ഫോൺ എടുക്കാൻ പറ്റിയില്ല. അത് കഴിഞ്ഞ് ഗവർണറെ തിരിച്ചു വിളിച്ചു. സർവകലാശാല വിസിയുമായി ബന്ധപ്പെട്ട വിഷയത്തിൽ നിങ്ങളുമായി സംസാരിക്കേണ്ടതുണ്ട് എന്ന് അദ്ദേഹം പറഞ്ഞു. ഗവർണർ അങ്ങനെ ഒരു ആവശ്യം ഉന്നയിക്കുമ്പോൾ മുട്ടാപ്പോക്ക് നയം സ്വീകരിക്കുന്നത് ശരിയാണോ? വരാൻ തയ്യാറാണെന്ന് ഞാൻ പറഞ്ഞു. കൂടിക്കാഴ്ചയിൽ അദ്ദേഹം ഒരു സമവായ നിർദേശം മുന്നോട്ടുവെച്ചു. നേരത്തെയുള്ള നിലപാടിൽനിന്നുള്ള മാറ്റമായിരുന്നു അത്.

യൂണിവേഴ്സിറ്റികളെ സംഘർഷമേഖലയല്ലാതായി കാണാൻ ആഗ്രഹിക്കുന്ന കേരളത്തിലെ മഹാഭൂരിപക്ഷം ആളുകളുണ്ട്. യൂണിവേഴ്സിറ്റികളിലെ സംഘർഷം കുറേക്കാലമായി തുടരുകയാണ്. അത് തത്കാലം അവസാനിപ്പിക്കാനും ശാന്തമായ അന്തരീക്ഷം കൊണ്ടുവരാനും സാധിക്കുമെങ്കിൽ അതല്ലേ നല്ലത് എന്നാണ് ആലോചിച്ചത്.

ഞാൻ പെട്ടെന്ന് മറുപടി പറഞ്ഞില്ല. നമ്മുടെ കൈയിൽ നിന്ന് പോയില്ലേ, ഇപ്പോൾ സുപ്രീം കോടതിയുടെ കൈയിൽ അല്ലേ എന്ന് ഞാൻ തിരിച്ചു പറഞ്ഞു. സുപ്രീം കോടതിയുടെ കൈയിൽ ഇരിക്കുന്ന കാര്യത്തിൽ നമുക്കൊരു നിലപാട് എടുക്കാൻ പറ്റുമോ എന്ന് അഡ്വക്കേറ്റ് ജനറലുമായി അന്വേഷിച്ച് പറയാം. അതിന് ശേഷം ഗവർണറുടെ അടുത്ത് വരാം, ശേഷം എന്റെ പ്രതികരണം പറയാം എന്ന് മറുപടി പറഞ്ഞു.

അഡ്വക്കറ്റ് ജനറൽ അതിന്റെ വശങ്ങൾ എല്ലാം പരിശോധിച്ച് തുടർനടപടി സ്വീകരിക്കാം എന്ന് പറഞ്ഞു. അങ്ങനെ ഗവർണറുടെ സമവായ നിർദേശം അംഗീകരിച്ചു. ഇതാണ് ഉണ്ടായത്. അത് കേരളത്തിലെ ഉന്നതവിദ്യാഭ്യാസ മേഖലയ്ക്ക് ഗുണകരമായ കാര്യമാണ്.

ഉന്നതവിദ്യാഭ്യാസ മേഖലയുടെ ഭാഗമായി യൂണിവേഴ്സിറ്റികൾ ശാന്തമായ അന്തരീക്ഷത്തിൽ പോകണം. അതിന് ഈ നില തന്നെ തുടർന്നു സ്വീകരിച്ചു പോകണമെന്ന് അദ്ദേഹത്തോട് പറഞ്ഞു. അദ്ദേഹം അത് അംഗീകരിച്ചു. അങ്ങനെയാണ് അത് അവസാനിച്ചത്”, മുഖ്യമന്ത്രി പറഞ്ഞു.