സർക്കാരിന്റെ ഔദ്യോഗിക പാസില്ലാതെ മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ള യാത്രക്കാരെ കോട്ടയം ജില്ലയിൽ എത്തിച്ച് സ്വകാര്യ ബസ്: രോഗമുണ്ടോ എന്ന പരിശോധന പോലും പൂർത്തിയാക്കാതെ ആളുകളെ നടുറോഡിൽ ഇറക്കി വിട്ടു; വിവരം പുറത്തറിഞ്ഞത് നടുറോഡിൽ കുടുങ്ങിയവർ പൊലീസ് സ്റ്റേഷനിലെത്തിയപ്പോൾ

Spread the love

തേർഡ് ഐ ബ്യൂറോ

കോട്ടയം: സർക്കാരിന്റെ ഔദ്യോഗിക പാസില്ലാതെ, ജില്ലാ ഭരണകൂടത്തിന്റെ അനുമതിയില്ലാതെ ബംഗളൂരുവിൽ നിന്നും സ്വകാര്യ ബസ് കോട്ടയത്ത് എത്തി യാത്രക്കാരെ ഇറക്കിയത് വിവാദത്തിൽ. ബംഗളൂരുവിൽ നിന്നും നാട്ടിലെത്തിയ മലയാളികളെ നടു റോഡിൽ ഇറക്കിവിട്ട സംഭവത്തിൽ യാത്രക്കാരെ ദുരിതത്തിലാക്കി , നാട്ടുകാരെ ഭയപ്പെട്ടുത്തിയ സ്വകാര്യ ബസിനെതിരെ പൊലീസ് കേസെടുത്തു.

കെ.എൽ 56 എച്ച് 3232 ചുള്ളൻ എന്ന സ്വകാര്യ ബസിനെതിരെയാണ് ഈസ്റ്റ് പൊലീസ് കേസെടുത്തിരിക്കുന്നത്. യാത്രക്കാരെ റോഡിലിറക്കിയ ശേഷം പിറവം വരെ എത്തിയ ബസ് തിരികെ ഈസ്റ്റ് പൊലീസ് സ്റ്റേഷനിൽ എത്തിക്കാൻ നിർദേശം നൽകിയിട്ടുണ്ട്. കോട്ടയം ജില്ലാ പൊലീസ് മേധാവി ജി.ജയദേവിന്റെയും ജില്ലാ കളക്ടർ പി.കെ സുധീർ ബാബുവിന്റെയും നിർദേശ പ്രകാരം ഈസ്റ്റ് പൊലീസ് സംഭവത്തിൽ കേസെടുത്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ ദിവസമാണ് ബംഗളൂരുവിൽ നിന്നും 25 അംഗ സംഘവുമായി സ്വകാര്യ ബസ് യാത്ര തിരിച്ചത്. ബംഗളൂരുവിൽ നിന്നും കേരളത്തിൽ നിന്നുമുള്ള യാത്രാ പാസ് തങ്ങൾക്ക് ഉണ്ടെന്ന് അവകാശപ്പെട്ട വിദ്യാർത്ഥികളും, ജോലിക്കാരും അടക്കമുള്ള സംഘമാണ് ബസിലുണ്ടായിരുന്നത്. പ്രമുഖ രാഷ്ട്രീയ പാർട്ടിയുടെ കയറോഫിലാണ് സംഘം ബംഗളൂരുവിൽ നിന്നും യാത്ര തിരിച്ചതും. കേരളത്തിന്റെ അതിർത്തി കടന്ന ഇവരെ ക്വാറന്റൈൻ കേന്ദ്രത്തിലേയ്ക്കു എത്തിക്കണമെന്ന നിർദേശവും ബസ് ജീവനക്കാർക്കു നൽകിയിരുന്നു.

ബംഗളൂരുവിൽ നിന്നും കോട്ടയം, പത്തനംതിട്ട, ഇടുക്കി, ആലപ്പുഴ ജില്ലക്കാരായ 25 പേരെയാണ് സ്വകാര്യ ബസിൽ ജില്ലയിലേയ്ക്കു കൊണ്ടു വന്നത്. എന്നാൽ, ഇവരെ നിർദേശിച്ച സ്ഥലങ്ങളിൽ എത്തിക്കാതെ വഴിയിൽ ഇറക്കിവിടുകയായിരുന്നു സ്വകാര്യ ബസ് അധികൃതർ ചെയ്തത്.

വെള്ളിയാഴ്ച വൈകിട്ട് അഞ്ചരയോടെ ആലപ്പുഴ, പത്തനംതിട്ട ജില്ലക്കാരായ രണ്ടു യുവാക്കൾ തങ്ങൾ ബംഗളൂരുവിൽ നിന്നും എത്തിയതാണ്, തങ്ങളുടെ ജില്ലയിലേയ്ക്കു പോകാൻ പാസ് വേണമെന്ന് ആവശ്യപ്പെട്ടു. ഇതോടെയാണ് പൊലീസ് അന്വേഷണം നടത്തിയത്. പൊലീസ് നടത്തിയ അന്വേഷണത്തിൽ ഇവരെ ഇറക്കിയ ബസ് പിറവത്ത് എത്തിയതായി കണ്ടെത്തി. തുടർന്നു, ബസിന്റെ ഡ്രൈവറോട് തിരികെ ഈസ്റ്റ് പൊലീസ് സ്റ്റേഷനിൽ എത്താൻ നിർദേശിച്ചിട്ടുണ്ട്.

മറ്റു സംസ്ഥാനങ്ങളിൽ നിന്നും എത്തുന്ന ആളുകളെ സർക്കാർ നിർദേശിക്കുന്ന ക്വാറന്റൈൻ കേന്ദ്രങ്ങളിലേയ്ക്കു മാറ്റുകയോ, വീടുകളിൽ ക്വാറൻ്രൈൻ സൗകര്യമുണ്ടെങ്കിൽ അവിടേയ്ക്കു അയക്കുകയോ ചെയ്യുകയാണ് വേണ്ടത്. എന്നാൽ, ഇതെല്ലാം ലംഘിച്ചാണ് സ്വകാര്യ ബസിൽ എത്തിയ ആളുകളെ മുഴുവൻ നടുറോഡിൽ ഇറക്കി വിട്ടത്.

എന്നാൽ, ബസിന് ജില്ലയിലേയ്ക്കു ആളെ കൊണ്ടു വരാൻ അനുമിതിയില്ലെന്നാണ് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയത് എന്നു ജില്ലാ കളക്ടർ പി.കെ സുധീർ ബാബു തേർഡ് ഐ ന്യൂസ് ലൈവിനോടു പറഞ്ഞു. ബസിൽ എത്തിയ ആളുകളെ കണ്ടെത്തി ക്വാറന്റൈനിൽ ആക്കിയിട്ടുണ്ട്. ബസ് ജീവനക്കാരോട് സ്‌റ്റേഷനിൽ എത്താൻ നിർദേശം നൽകിയിട്ടുണ്ട്. നിലവിൽ പേടിക്കേണ്ട സാഹചര്യം ഒന്നുമില്ല. എന്നാൽ, ഇത്തരം സംഭവങ്ങൾ ഒഴിവാക്കുന്നതിനായി കേസെടുക്കുകയാണ് എന്നും അദ്ദേഹം പറഞ്ഞു.