കേരള സവാരി 2.0 ഇനി കൊച്ചിയിലും തിരുവനന്തപുരത്തും;ഡിസംബറോടെ മെട്രോ ഉൾപ്പെടെയുള്ള മൾട്ടി മോഡൽ പ്ലാറ്റ്‌ഫോമായി മാറും

Spread the love

തിരുവനന്തപുരം: സംസ്ഥാന സർക്കാരിൻ്റെ ഓൺലൈൻ ഓട്ടോ/ടാക്‌സി പ്ലാറ്റ്ഫോമായ കേരള സവാരി അതിന്റെ രണ്ടാം (2.0) പതിപ്പിലൂടെ പൂർണ്ണ അർത്ഥത്തിൽ പ്രവർത്തനം ആരംഭിക്കുന്നതായി പൊതുവിദ്യാഭ്യാസ- തൊഴിൽ മന്ത്രി വി ശിവൻകുട്ടി.

video
play-sharp-fill

തിരുവനന്തപുരം, കൊച്ചി നഗരങ്ങളിലാണ് പരിഷ്‌കരിച്ച കേരള സവാരി ആപ്പ് പ്രവർത്തനം ആരംഭിക്കുന്നത്. മെട്രോ, വാട്ടർ മെട്രോ, മെട്രോ ഫീഡർ ബസുകൾ, ഓട്ടോകൾ, കാബുകൾ എന്നിവയെ ഏകോപിപ്പിച്ച് ഡിസംബറോടെ മൾട്ടി മോഡൽ ഗതാഗത സംവിധാന ആപ്പ് ആയി കേരള സവാരി മാറും.

വൈകാതെ തന്നെ മറ്റ് ജില്ലകളിലേക്കും നഗരങ്ങളിലേക്കും പദ്ധതി വ്യാപിപ്പിക്കുമെന്നും സർക്കാർ അറിയിച്ചു.കേരള സർക്കാർ, പോലീസ്, ഗതാഗതം, ഐ.റ്റി., പ്ലാനിംഗ് ബോർഡ് തുടങ്ങിയ വകുപ്പുകളുടെ സഹകരണത്തോടെയാണ് കേരള സവാരി പദ്ധതി മുന്നോട്ട് പോകുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഐ.ടി.ഐ. പാലക്കാടിന്റെ സാങ്കേതിക സഹായത്തോടെയാണ് ഇത് നടപ്പിലാക്കിയത്. ഐ.ടി.ഐ. പാലക്കാട് കണ്ടെത്തിയ മൂവിംഗ് ടെക് ആണ് പുതിയ ടെക്‌നിക്കൽ ടീം.

മറ്റ് ഓൺലൈൻ പ്ലാറ്റ്ഫോമുകളിൽ നിന്ന് വ്യത്യസ്തമായി, കേരള സവാരി സബ്‌സ്‌ക്രിപ്ഷൻ രീതിയിലാണ് പ്രവർത്തിക്കുന്നത്. സർക്കാരിന്റെ നിശ്ചിത നിരക്കിലുള്ള ഈ സംവിധാനം ഡ്രൈവർമാർക്ക് ഉയർന്ന വരുമാനം ഉറപ്പാക്കുന്നു. 2025 മെയ് 6 ലെ സർക്കാർ ഉത്തരവ് പ്രകാരം പദ്ധതിയുടെ പുതുക്കിയ നിരക്ക് പ്രാബല്യത്തിൽ വന്നിട്ടുണ്ട്.

2022 ഓഗസ്റ്റ് 17-ന് മുഖ്യമന്ത്രി പിണറായി വിജയനാണ് തിരുവനന്തപുരം കോർപ്പറേഷൻ പരിധിയിൽ പൈലറ്റ് പ്രോജക്ടായി ‘കേരള സവാരി’ പദ്ധതിക്ക് തുടക്കമിട്ടത്. ആദ്യ ഘട്ടത്തിലെ ന്യൂനതകൾ പരിഹരിച്ച് 2025 ഏപ്രിൽ മുതൽ തിരുവനന്തപുരം, കൊച്ചി നഗരങ്ങളിൽ ട്രയൽ റൺ നടത്തി.