കേരളത്തിലേക്ക് പുതിയ ഗവർണർ: കുമ്മനം മുതൽ ഡിജിപി സെൻകുമാർ വരെ പരിഗണനയിൽ; പിണറായി വിജയൻ സെൻകുമാറിനെ സാറേ എന്ന് വിളിക്കേണ്ടിവരുമോ? കണ്ടറിയാം
തിരുവനന്തപുരം: ഗവർണർ പി. സദാശിവത്തിന്റെ ഔദ്യോഗിക കാലാവധി അവസാനിക്കുന്നതോടെ ആരാകും ഇനി കേരളത്തിന്റെ പുതിയ ഗവർണറാകുന്നതെന്ന ചർച്ചകളാണിപ്പോൾ നടക്കുന്നത്. കേരളത്തിലെ മാറിയ രാഷ്ട്രീയ സാഹചര്യത്തിൽ ബിജെപിക്ക് താത്പര്യമുള്ള നേതാക്കളെയാവും ഗവർണർ സ്ഥാനത്തേക്ക് പരിഗണിക്കാൻ സാധ്യതയെന്നാണ് അഭ്യൂഹങ്ങൾ പരക്കുന്നത്. ഇതിൽ മുൻ മിസ്സോറാം ഗവർണർ കുമ്മനം രാജശേഖരൻ മുതൽ ഡിജിപി സെൻകുമാർ വരെയുള്ളവരുടെ പേരുകൾ ഉയർന്ന് വരുന്നുണ്ട്.
സംസ്ഥാന സര്‍ക്കാരിനെ സമ്മര്‍ദ്ദത്തിലാക്കാന്‍ തക്കതായ നേതാവിനെ തന്നെയാവും കേന്ദ്രസർക്കാർ കേരളത്തിലേക്കയക്കുന്നതെന്ന കാര്യത്തിൽ സംശയമില്ല. പിണറായി സർക്കാരിനെതിരെയുള്ള നല്ലൊരു വടിയായിരിക്കും ടിപി സെൻകുമാറിന്റെ ഗവർണർ പദവി. അതുകൊണ്ട് തന്നെ സെൻകുമാറിന് നറുക്ക് വീഴുവാനുള്ള സാധ്യതയേറെയാണ്.
ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ അവസാന കാലത്ത് സെന്‍കുമാറായിരുന്നു കേരളത്തിലെ പോലീസ് മേധാവി. എന്നാല്‍ പിണറായി സര്‍ക്കാര്‍ അധികാരത്തിലേറിയതിന് തൊട്ടുപിന്നാലെ സെന്‍കുമാറിനെ തല്‍സ്ഥാനത്തു നിന്നും നീക്കി. ഡിജിപി സ്ഥാനത്തു തുടരാന്‍ ടിപി സെന്‍കുമാറിന് യോഗ്യതയില്ലെന്ന് കാട്ടിയാണ് സെൻകുമാറിനെ പുറത്താക്കിയത്. സംസ്ഥാന സർക്കാർ തന്നോട് പകപോക്കുകയാണെന്ന് ആരോപിച്ച സെൻകുമാർ ഒരു വര്‍ഷത്തിലേറെ നീണ്ട നിയമ പോരാട്ടത്തിനൊടുവില്‍ ഡിജിപി സ്ഥാനത്തേക്ക് തിരികെയെത്തി. എന്നാൽ വിരമിക്കലിന് ശേഷം സര്‍ക്കാരിന്റെ കടുത്ത വിമര്‍ശകനായ സെന്‍കുമാര്‍ അധികം വൈകാതെ ബിജെപിയിലുമെത്തി.
Whatsapp Group 1 | Whatsapp Group 2 |Telegram Group
സെൻകുമാറിന് പുറമെ സ്വയംവിരമിക്കാനൊരുങ്ങുന്ന ഡി.ജി.പി ഡോ. ജേക്കബ് തോമസിന്റെ പേരും പരിഗണനയിലുണ്ട്. സെന്കുമാറിനെപോലെ തന്നെ പിണറായി സർക്കാരിന്റെ അനിഷ്ടത്തിന് പാത്രമാകേണ്ടിവന്ന ജേക്കബ് തോമസും ആര്‍എസ്എസ് നേതാക്കള്‍ വഴി ബിജെപി പ്രവേശനത്തിന് ഒരുങ്ങുകയാണെന്ന വാർത്തകൾ സജീവമായിരുന്നു.
കേരളത്തിനൊപ്പം മറ്റ് 14 സംസ്ഥാനങ്ങളിലും ഗവർണറുടെ ഒഴിവുണ്ടാകുമെന്നതിനാൽ പദവിക്കായി മുതിർന്ന നേതാക്കളും വിരമിച്ച ഐ.എ.എസ്, ഐ.പി.എസ് ഉന്നതരുമെല്ലാം രംഗത്തുണ്ട്. ലോക്സഭാ സ്പീക്കറായിരുന്ന സുമിത്രാ മഹാജൻ, മുൻ കേന്ദ്രമന്ത്രി ഉമാഭാരതി, പുതുച്ചേരി ലഫ്‌റ്റനന്റ് ഗവർണർ കിരൺബേദി, വീരപ്പനെ വധിച്ച ദൗത്യസംഘത്തിന്റെ തലവൻ പാലക്കാട്ടുകാരൻ കെ. വിജയകുമാർ, കോട്ടയം സ്വദേശിയും മേഘാലയ സർക്കാരിന്റെ ഉപദേഷ്ടാവുമായ മുൻ ഐ.എ.എസ് ഉദ്യോഗസ്ഥൻ ഡോ. സി.വി. ആനന്ദബോസ്, എ.ഐ.സി.സി മുൻ സെക്രട്ടറി ടോം വടക്കൻ, കലിക്കറ്റ് സർവകലാശാല മുൻ വൈസ് ചാൻസലർ ഡോ. എം. അബ്ദുൾസലാം എന്നിവരെല്ലാം പരിഗണനയിലുണ്ട്.