
കാൻസറില്ലാത്ത വീട്ടമ്മയ്ക്ക് കാൻസറുണ്ടെന്നു റിപ്പോർട്ട്: ഡയനോവയ്ക്ക് പിന്നാലെ ഡി.ഡി.ആർ.സിയിലും വിവാദ റിപ്പോർട്ട്; ഇല്ലാത്ത രോഗം ഉണ്ടെന്ന് പറയുന്ന സ്വകാര്യ ലാബുകളെ ആര് പിടിച്ചുകെട്ടും
തേർഡ് ഐ ബ്യൂറോ
കോട്ടയം: കാൻസറില്ലാത്ത വീട്ടമ്മയ്ക്ക് കാൻസറുണ്ടെന്ന റിപ്പോർട്ട് നൽകി ഡി.ഡി.ആർ.സി ലാബ്. നേരത്തെ കാൻസറില്ലാത്ത വീട്ടമ്മയ്ക്ക് കാൻസറുണ്ടെന്നു റിപ്പോർട്ട് നൽകിയ കോട്ടയം മെഡിക്കൽ കോളേജ് ജംഗ്ഷനിലെ ഡയനോവ ലാബിന്റെ നടപടി വിവാദമായിരുന്നു. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കീമോത്തെറാപ്പി അടക്കമുള്ള ചികിത്സ തുടങ്ങിയ ശേഷമാണ് വീട്ടമ്മയ്ക്ക് കാൻസർ ഇല്ലെന്ന പരിശോധനാ ഫലം ലഭിച്ചത്. നാട്ടുകാരെ രോഗികളാക്കിമാറ്റുന്ന സ്വകാര്യ ലാബുകൾക്കെതിരെ നടപടി കർശനമാക്കണമെന്ന ആവശ്യമാണ് ഉയരുന്നത്.
പാമ്പാടിയിലെ ഡി.ഡി.ആർ.സി ലാബിൽ കഴിഞ്ഞ മാസം പരിശോധന നടത്തിയ വീട്ടമ്മയ്ക്കാണ് ഇത്തരത്തിൽ റിപ്പോർട്ട് ലാബ് അധികൃതർ നൽകിയത്. ഇതിന്റെ അടിസ്ഥാനത്തിൽ വീട്ടമ്മയും ബന്ധുക്കളും എറണാകുളം ലേക്ക്ഷോർ ആശുപത്രിയെ സമീപിച്ചു. തുടർ ചികിത്സകളുടെ നടപടികൾ ആരംഭിക്കുന്നതിനായി ലേക്ക്ഷോർ ആശുപത്രി അധികൃതർ പരിശോധന നടത്തി. ഈ പരിശോധനയിൽ ഇവർക്ക് കാൻസറില്ലെന്നു കണ്ടെത്തുകയായിരുന്നു. ഇതേ തുടർന്നു പാമ്പാടിയിലെ ഡി.ഡി.ആർ.സി ലാബിനെതിരെ വീട്ടമ്മയുടെ ബന്ധുക്കൾ പരാതി നല്കാനൊരുങ്ങുകയാണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

സ്വകാര്യ ലാബുകളിൽ ജോലി ചെയ്യുന്നതിൽ ഏറെയും കാര്യമായ പരിശീലനമില്ലാത്ത ലാബ് ടെക്‌നീഷ്യൻമാരാണ്. ഇവർക്ക് കൃത്യമായ പരിശോധനാ ഫലം കണ്ടെത്തുന്നതിന് ആവശ്യമായ പരിശീലനം ലഭിച്ചിട്ടില്ലെന്ന ആരോപണം ഉയർന്നിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് പരിശോധനാ ഫലങ്ങൾ അടിക്കടി തെറ്റുന്നതെന്നാണ് റിപ്പോർട്ടുകൾ.
ഇത്തരത്തിൽ തോന്നുംപടി പരിശോധനാ ഫലം നൽകുന്ന ലാബുകൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന ആവശ്യമാണ് ഉയർന്നിരിക്കുന്നത്. നിലവിൽ ഇത്തരം ലാബുകളുടെ നിരക്ക് ഏകീകരിക്കുന്നതിനോ, പരിശോധനയുടെ ഗുണനിലവാരം ഉറപ്പാക്കുന്നതിനോ സംവിധാനം ഒന്നുമില്ല. സർക്കാർ ഇടപെട്ട് ഇത്തരം നിയന്ത്രണങ്ങൾ ലാബുകൾക്ക് മേൽ കൊണ്ടു വരണമെന്ന ആവശ്യമാണ് ശക്തമായിരിക്കുന്നത്.