video
play-sharp-fill

വനിതാ തടവുകാരെ പോലും നഗ്നരാക്കി നിർത്തി: രാത്രി എട്ടു മുതൽ പന്ത്രണ്ടു വരെ നീണ്ടു നിന്ന കൊടിയ മർദനം; കുനിച്ചു നിർത്തി മുതുകിന് കുത്തി; ഭാര്യയുടെ കൺമുന്നിൽ പ്രതിയെ നഗ്നനാക്കി നിർത്തി മർദിച്ചു; അമ്പിളിക്കല കൊവിഡ് സെന്ററിൽ നടന്ന ക്രൂരമായ കൊലപാതകത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്

വനിതാ തടവുകാരെ പോലും നഗ്നരാക്കി നിർത്തി: രാത്രി എട്ടു മുതൽ പന്ത്രണ്ടു വരെ നീണ്ടു നിന്ന കൊടിയ മർദനം; കുനിച്ചു നിർത്തി മുതുകിന് കുത്തി; ഭാര്യയുടെ കൺമുന്നിൽ പ്രതിയെ നഗ്നനാക്കി നിർത്തി മർദിച്ചു; അമ്പിളിക്കല കൊവിഡ് സെന്ററിൽ നടന്ന ക്രൂരമായ കൊലപാതകത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്

Spread the love

തേർഡ് ഐ ബ്യൂറോ

കൊച്ചി: അമ്പിളിക്കല കൊവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററിൽ നടന്ന കൊടും ക്രൂരതയുടെ കൂടുതൽ വിവരങ്ങൾ പുറത്ത്. ആക്രമണത്തിനും ക്രൂരമായ മർദനത്തിനും നേതൃത്വം നൽകിയ ഉദ്യോഗസ്ഥർക്ക് എതിരെ കൊലക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്‌തെങ്കിലും ഇപ്പോഴും ക്രൂരതയുടെ കരങ്ങൾ തുടരുകയാണ്.

കോവിഡ് സെന്ററിൽ റിമാൻഡ് പ്രതിയെ മർദ്ദിച്ച കൊന്ന ആറ് ജയിൽ ഉദ്യോഗസ്ഥരെയും കൊലക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തത് കഴിഞ്ഞ ദിവസമായിരുന്നു. കേരളത്തിൽ സമീപകാലത്ത് നടന്ന കസ്റ്റഡി കൊലപാതകങ്ങളിലൊന്നും കേട്ടുകേൾവിയില്ലാത്ത നിയമ നടപടി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഏറ്റവും ഒടുവിൽ സംസ്ഥാനത്താകെ ചർച്ചയായ നെടുങ്കണ്ടം രാജ്കുമാർ കസ്റ്റഡി കൊലപാതകത്തിൽ പോലും അന്വേഷണം ഇപ്പോഴും പൂർത്തിയാകാത്ത സാഹചര്യത്തിലാണ് ഒരു മാസത്തിനകം അമ്പളിക്കല കോവിഡ് സെന്ററിൽ വച്ച് റിമാൻഡ് പ്രതി ഷെമീറിനെ ക്രൂരമായി മർദ്ദിച്ചു കൊന്ന കേസിലെ പ്രതികളെയെല്ലാം കൊലക്കുറ്റമടക്കമുള്ള ഗൗരവമേറിയ വകുപ്പുകൾ ചുമത്തി അറസ്റ്റ് ചെയ്തിരിക്കുന്നത്. അതും ഉയർന്ന റാങ്കിലുള്ള ഉദ്യോഗസ്ഥരെയടക്കം.

തൃശൂർ ജില്ല ജയിൽ അസിസ്റ്റന്റ് ജയിൽ സൂപ്രണ്ട്, ജയിൽ ഡപ്യൂട്ടി പ്രിസൺ ഓഫിസർ, അസി. പ്രിസൺ ഓഫീസർ എന്നീ റാങ്കിലുള്ള ആറ് ജയിൽ വകുപ്പ് ജീവനക്കാരാണ് അറസ്റ്റിലായത്. കരുതിക്കൂട്ടിയുള്ള കൊലപാതകം, ആസൂത്രിതമായ മർദ്ദനം, സംഘം ചേർന്നുള്ള മർദ്ദനം തുടങ്ങിയ കുറ്റങ്ങളിൽ 302, 304, 323, 32, 325, 326 വകുപ്പുകളാണ് പ്രതികൾക്കെതിരേ ചുമത്തിയിരിക്കുന്നത്. പ്രതികളെയെല്ലാം ജയിൽ ഡിജിപിയുടെ നിർദേശത്തെ തുടർന്ന് സസ്പെൻഡ് ചെയ്തിരുന്നു.

ഒക്ടോബർ 31-നാണ് തിരുവനന്തപുരം സ്വദേശി ഷെമീർ ജയിൽ അധികൃതരുടെ ക്രൂരമായ മർദ്ദനത്തെ തുടർന്ന് മരിക്കുന്നത്. കഞ്ചാവ് കേസിലാണ് ഷമീറിനെയും ഭാര്യ സുമയ്യയേയും തൃശൂർ ശക്തൻ സ്റ്റാൻഡിൽ നിന്നും പൊലീസ് പിടികൂടുന്നത്. കോവിഡ് പരിശോധനയിൽ പോസിറ്റീവ് ആയ ഷെമീറിനെ അമ്പളിക്കല ഫസ്റ്റ്ലൈൻ കോവിഡ് ട്രീറ്റ്മെന്റ് സെന്ററിൽ പ്രവേശിപ്പിച്ചു. ഇവിടെ വച്ച് ഇയാൾക്ക് അപസ്മാരം വന്നതിനെ തുടർന്ന് തൃശൂർ ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആശുപത്രിയിൽ വച്ച് രക്ഷപ്പെടാൻ ശ്രമിച്ച ഷെമീർ പിടിക്കപ്പെട്ടു. അവിടെ വച്ച് തന്നെ ജയിൽ ഉദ്യോഗസ്ഥരുടെ പീഡനം ഇയാൾക്ക് ഏൽക്കേണ്ടി വന്നു. അന്നേ ദിവസം തന്നെ കോവിഡ് ട്രീറ്റ്മെന്റ് സെന്ററിലേക്ക് മാറ്റി. അവിടെ വച്ച് ഷെമീറിന് നേരിടേണ്ടി വന്നത് മനസാക്ഷി മരവിപ്പിക്കുന്ന ക്രൂരതകളായിരുന്നു.

അമ്പിളിക്കല കോവിഡ് സെന്ററിലേക്ക് തിരികെ പ്രവേശിപ്പിച്ച ഷെമീറിനെ അന്ന് രാത്രി തന്നെ തൃശൂർ മെഡിക്കൽ കോളേജിലേക്ക് കൊണ്ടു വന്നു; മൃതപ്രായനായി. കുറച്ചു മണിക്കൂറുകൾ മാത്രമായിരുന്നു മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച ഷെമീറിന്റെ ശരീരത്തിൽ ജീവൻ നിലനിന്നത്. പുലർച്ചയോടെ അയാൾ മരണത്തിന് കീഴടങ്ങി.
ശരീരം മുഴുവൻ അടിയേറ്റ പാടുകളോടെയായിരുന്നു ഷെമീറിനെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കുന്നത്. നില ഗുരുതരമാണെന്ന് മനസിലാക്കിയതോടെ സർജിക്കൽ വാർഡിലേക്ക് മാറ്റി. പക്ഷേ, ചികിത്സകളൊന്നും ഫലിക്കാത്ത നിലയിലേക്ക് ആ ശരീരം എത്തിക്കഴിഞ്ഞിരുന്നു.

ഷെമീറിന്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തു വന്നപ്പോഴാണ് ആ ചെറുപ്പക്കാരൻ എത്ര ക്രൂരമായാണ് കൊല്ലപ്പെട്ടതെന്ന് വെളിപ്പെടുന്നത്. തലയ്ക്കേറ്റ ക്ഷതവും ശരീരത്തിലാകെയേറ്റ ക്രൂര മർദ്ദനവുമാണ് ഷെമീറിന്റെ മരണകാരണായി പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നത്. തലയിലേറ്റ ക്ഷതത്തിൽ രക്തം കട്ടപിടിച്ചു. വാരിയെല്ലുകളും നെഞ്ചിലെ എല്ലുകളും അടിച്ചു പൊട്ടിച്ചു. ശരീരത്തിന്റെ പിൻഭാഗത്ത് ചൂരലോ വടിയോ ഉപയോഗിച്ച് തുടർച്ചയായി അടിച്ചതിന്റെ ഭാഗമായി രക്തം വാർന്നു പോയി. 40-ലേറെ മുറിപ്പാടുകളായിരുന്നു ആ മനുഷ്യശരീരത്തിൽ ഉണ്ടായിരുന്നത്. പലഭാഗത്തും രക്തം കട്ടപിടിച്ചു കിടക്കുകയായിരുന്നു.

ഷെമീറിനെ മർദ്ദിക്കുന്നതിന് സാക്ഷിയാകേണ്ടി വന്ന ഭാര്യ സുമയ്യ പറഞ്ഞ കാര്യങ്ങൾ കൂടുതൽ ഭയപ്പെടുത്തുന്നതായിരുന്നു.
അപസ്മാരയുള്ളയാളാണ്, മർദ്ദിക്കരുതെന്ന് വ്യക്തമായി ഓർമിപ്പിച്ചുകൊണ്ടായിരുന്നു ഷെമീറിനെ ജയിൽ അധികൃതർക്ക് പൊലീസ് കൈമാറുന്നത്. പക്ഷേ, സംഭവിച്ചത് മറിച്ചും. ലോക്കൽ പൊലീസിനെക്കൊണ്ട് റെക്കമൻഡ് ചെയ്യിക്കും അല്ലേ എന്ന ചോദ്യത്തോടെയായിരുന്നു ഷെമീറിനെ അവർ മർദ്ദിക്കാൻ തുടങ്ങിയത് എന്നാണ് സുമയ്യ നടത്തിയ വെളിപ്പെടുത്തൽ. തവളച്ചാട്ടം ചാടിച്ചാണ് കോവിഡ് സെന്ററിനുള്ളിലേക്ക് പ്രതികളെ കയറ്റിയത്. ഷെമീറിനെ പാർപ്പിച്ച മുറിയുടെ എതിർവശത്തുള്ള മുറിയിലായിരുന്നു തന്റെ മുറിയും. വാതിൽ അടച്ചിട്ടില്ലാത്തതിനാൽ അപ്പുറത്ത് നടക്കുന്നത് കാണാമായിരുന്നു.

ചായ നൽകുന്ന ജഗ്ഗ് ഉപയോഗിച്ചായിരുന്നു ഷെമീറിനെ മർദ്ദിച്ചത്. ഗ്ലാസ് നിലത്തിട്ടശേഷം എടുക്കാൻ പറയും. കുനിയുമ്പോൾ മുതുകിൽ കുത്തും. യൂണിഫോമിൽ അല്ലാത്ത അഞ്ച് ജയിൽ ഉദ്യോഗസ്ഥർ ചേർന്നായിരുന്നു മർദ്ദനം. രാത്രി ഒമ്പതു മുതൽ പന്ത്രണ്ട് മണിവരെ അവർ ഷെമീറിനെ തല്ലിച്ചതച്ചു. ഷെമീർ ഉറക്കെ നിലവിളിക്കുകയായിരുന്നു. മർദ്ദിച്ച് അവശനാക്കിയ ഷെമീറിനോട് ജയിൽ അധികൃതർ കോവിഡ് സെന്റർ കെട്ടിടത്തിന്റെ മുകളിൽ നിന്നും ചാടാൻ പറഞ്ഞു. എതിർത്തപ്പോൾ മർദ്ദിച്ചു. രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ വീണു മരിച്ചു എന്നു വരുത്തി തീർക്കാൻ വേണ്ടിയുളള തന്ത്രമായിരുന്നു അത്.

മറ്റു പ്രതികളോടും ക്രൂരമായ പെരുമാറ്റമായിരുന്നു ജയിൽ അധികൃതരിൽ നിന്നും ഉണ്ടായത്. താനടക്കമുള്ള സ്ത്രീ തടവുകാരെ പൂർണ നഗ്‌നരാക്കി. ഇതിനെ എതിർത്ത ജാഫർ എന്ന കൂട്ടുപ്രതിയെ ക്രൂരമായി മർദ്ദിച്ചു. അവിടെ നടന്ന കാര്യങ്ങൾ പുറത്തു പറഞ്ഞാൽ വീണ്ടും കേസ് എടുക്കുമെന്ന് വനിത ഉദ്യോഗസ്ഥ ഭീഷണിപ്പെടുത്തി. കാണാൻ വന്ന ബന്ധുക്കളെപ്പോലും അവർ തടഞ്ഞു; വിയ്യൂർ ജയിലിൽ നിന്നും ജാമ്യത്തിൽ പുറത്തിറങ്ങിയ ശേഷം മാധ്യമങ്ങളെ കണ്ടാണ് ഇക്കാര്യങ്ങളൊക്കെ സുമയ്യ വെളിപ്പെടുത്തിയത്. കേസ് അന്വേഷണത്തിന്റെ ഭാഗമായി സുമയ്യ അടക്കം ഷെമീറിന്റെ മർദ്ദനത്തിന് സാക്ഷികളായ പ്രതികളിൽ നിന്നും മൊഴിയെടുത്തിരുന്നു.

ജയിൽ ഡിജിപി ഋഷിരാജ് സിംഗ് നേരിട്ട് എത്തി കാര്യങ്ങൾ അന്വേഷിക്കുകയും കുറ്റാരോപിതരായ ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്യുകയും ചെയ്തിരുന്നു. ഷെമീറിന്റെ കസ്റ്റഡി മരണം തൃശൂർ എസിപിയുടെ മേൽനോട്ടത്തിൽ തൃശൂർ ടൗൺ ഈസ്റ്റ് പൊലീസ് ആയിരുന്നു ആദ്യം അന്വേഷിച്ചത്. കസ്റ്റഡി കൊലപാതകമാണെന്ന് തെളിഞ്ഞതോടെ കേസ് തൃശൂർ ക്രൈം ബ്രാഞ്ചിന് കൈമാറി. എസ് പി സുദർശന്റെ മേൽനോട്ടത്തിൽ ഡിവൈഎസ്പി സുകുമാരനാണ് പിന്നീടുള്ള അന്വേഷണം ഏറ്റെടുത്തത്.

കൃത്യമായ അന്വേഷണം നടന്നതോടെ അസിസ്റ്റന്റ് ജയിൽ സൂപ്രണ്ട് അടക്കമുള്ളവർ പ്രതികളായി. അസി.പ്രിസൺ ഓഫിസർ അരുണാണ് ഒന്നാം പ്രതി. ഇയാളെ കൂടാതെ അസി. പ്രിസൺ ഓഫിസർമാരായ വിവേക്, രമേശ്, പ്രദീപ്, ഡെപ്യൂട്ടി പ്രിസൺ ഓഫിസർ സുഭാഷ്, അസിസ്റ്റന്റ് ജയിൽ സൂപ്രണ്ട് രാഹുൽ എന്നിവരെയാണ് ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തത്.