കേരള ക്രിക്കറ്റ് ലീഗിലെ ആദ്യ ജയം ആലപ്പി റിപ്പിള്‍സിന് ; പരാജയപ്പെടുത്തിയത് അഞ്ചു വിക്കറ്റിന് ; ജയത്തില്‍ നിര്‍ണായകമായത് ക്യാപ്റ്റന്‍ മുഹമ്മദ് അസ്ഹറുദ്ദീന്റെ തട്ടുപൊളിപ്പന്‍ ഇന്നിങ്‌സ്
സ്വന്തം ലേഖകൻ
തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗിലെ ആദ്യ ജയം ആലപ്പി റിപ്പിള്‍സിന്. തിങ്കളാഴ്ച നടന്ന മത്സരത്തില്‍ തൃശൂര്‍ ടൈറ്റന്‍സിനെ അഞ്ചു വിക്കറ്റിനാണ് റിപ്പിള്‍സ് പരാജയപ്പെടുത്തിയത്. ടൈറ്റന്‍സ് ഉയര്‍ത്തിയ 162 റണ്‍സ് വിജയലക്ഷ്യം 18.3 ഓവറില്‍ അഞ്ചു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി റിപ്പിള്‍സ് മറികടന്നു.
സെഞ്ചുറിക്ക് എട്ടു റണ്‍സ് മാത്രമകലെ പുറത്തായ ക്യാപ്റ്റന്‍ മുഹമ്മദ് അസ്ഹറുദ്ദീന്റെ തട്ടുപൊളിപ്പന്‍ ഇന്നിങ്‌സാണ് റിപ്പിള്‍സിന്റെ ജയത്തില്‍ നിര്‍ണായകമായത്. വെറും 47 പന്തുകള്‍ നേരിട്ട ക്യാപ്റ്റന്‍ ഒമ്പത് സിക്‌സും മൂന്ന് ഫോറുമടക്കം 92 റണ്‍സെടുത്ത് 16-ാം ഓവറിലാണ് പുറത്തായത്. മൂന്നാം വിക്കറ്റില്‍ വിനൂപ് മനോഹരനെ കൂട്ടുപിടിച്ച് അസ്ഹര്‍ 84 റണ്‍സിന്റെ കൂട്ടുകെട്ടുമുണ്ടാക്കി.
Whatsapp Group 1 | Whatsapp Group 2 |Telegram Group
വിനൂപ് 27 പന്തില്‍ നിന്ന് രണ്ടു വീതം സിക്‌സും ഫോറുമടക്കം 30 റണ്‍സെടുത്തു. അക്ഷയ് ടി.കെ (18*) പുറത്താകാതെ നിന്നു. നേരത്തേ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ തൃശൂര്‍ ടൈറ്റന്‍സ് 20 ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തിലാണ് 161 റണ്‍സെടുത്തത്. അര്‍ധ സെഞ്ചുറി നേടിയ അക്ഷയ് മനോഹറിന്റെ ഇന്നിങ്‌സാണ് അവര്‍ക്ക് മാന്യമായ സ്‌കോര്‍ സമ്മാനിച്ചത്. 44 പന്തുകള്‍ നേരിട്ട അക്ഷയ് അഞ്ചു സിക്‌സും ഒരു ഫോറുമടക്കം 57 റണ്‍സെടുത്ത് ടൈറ്റന്‍സിന്റെ ടോപ് സ്‌കോററായി.
വിഷ്ണു വിനോദ് (22), അഹമ്മദ് ഇമ്രാന്‍ (23), ക്യാപ്റ്റന്‍ അര്‍ജുന്‍ വേണുഗോപാല്‍ (20) എന്നിവരും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു.