
പത്തനംതിട്ട: തിരുവല്ല സീറ്റിനെ ചൊല്ലി കോൺഗ്രസും കേരള കോൺഗ്രസ് ജോസഫ് വിഭാഗവും തമ്മിൽ തർക്കം രൂക്ഷമായി. പി ജെ കുര്യൻ അനുകൂലികളാണ് സീറ്റ് കോൺഗ്രസിന് വേണമെന്ന അവകാശവാദം ശക്തമാക്കുന്നത്.
അതേസമയം, കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിലെ അഡ്വ.വർഗീസ് മാമ്മൻ സ്ഥാനാർത്ഥി പരിവേഷത്തിൽ മണ്ഡലത്തിൽ സജീവമാണ്.
തിരുവല്ല സീറ്റ് കോൺഗ്രസ് ഏറ്റെടുക്കണമെന്ന് പരസ്യമായി ആദ്യം ആവശ്യപ്പെട്ടത് പി ജെ കുര്യനാണ്. കേരള കോൺഗ്രസ് ജോസഫ് വിഭാഗം വിട്ടുവീഴ്ചയ്ക്കില്ലെന്ന നിലപാട് എടുത്തതോടെ ചർച്ചകൾ താൽകാലികമായി അവസാനിച്ചതുമാണ്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
എന്നാൽ കോട്ടയം ജില്ലയിലെ ചില സീറ്റുകൾ വെച്ചുമാറുന്നതിനായി കോൺഗ്രസ് – കേരള കോൺഗ്രസ് ചർച്ച നടക്കുമെന്നായതോടെ കുര്യനും സംഘവും തിരുവല്ലയ്ക്കായി വീണ്ടും പിടിമുറുക്കുകയാണ്.
അഡ്വ. റെജി തോമസിനെ പോലെ ചില പേരുകൾ പോലും ഉയർത്തിക്കാട്ടിയാണ് കോൺഗ്രസ് നേതൃത്വത്തിന് മേലുള്ള സമ്മർദം. തിരുവല്ല ഏറ്റെടുത്ത് റാന്നി പകരം നൽകണമെന്ന ഫോർമുലയും കുര്യനും സംഘവും മുന്നോട്ടുവയ്ക്കുന്നു.
എന്നാൽ കുര്യൻ അനുകൂലികളുടെ അവകാശവാദമെല്ലാം തള്ളി സ്ഥാനാർത്ഥി പരിവേഷത്തിൽ മണ്ഡലത്തിൽ സജീവമാണ് കേരള കോൺഗ്രസ് ജോസഫ് ജില്ലാ പ്രസിഡന്റും യുഡിഎഫ് ജില്ലാ ചെയർമാനുമായ അഡ്വ. വർഗീസ് മാമ്മൻ. തിരുവല്ല വിട്ടുകൊടുത്തൊരു നീക്കുപോക്കിനും പാർട്ടി നിൽക്കില്ലെന്നാണ് വർഗീസ് മാമ്മന്റെ കണക്കുകൂട്ടൽ.



