
സ്വന്തം ലേഖകൻ
കോട്ടയം: കുറ്റ്യാടി ഒഴികയുള്ള 12 മണ്ഡലങ്ങളിലെ സ്ഥാനാർഥികളെ കേരള കോൺഗ്രസ്(എം) പ്രഖ്യാപിച്ചു. പാർട്ടി ചെയർമാൻ ജോസ്.കെ.മാണി പാലായിൽ മത്സരിക്കും. റോഷി അഗസ്റ്റിൻ ഇടുക്കിയിലും എൻ.ജയരാജ് കാഞ്ഞിരപ്പള്ളിയിലും വീണ്ടും മത്സരിക്കും.
കടുത്തുരുത്തിയിൽ മുൻ എം.എൽ.എ സ്റ്റീഫൻ ജോർജാണ് സ്ഥാനാർഥി. ജോസഫ് വിഭാഗത്തിലെ പ്രമുഖനായ മോൻസ് ജോസഫിനെ നേരിടാൻ നിരവധി പേരുകൾ പരിഗണിച്ചതിെനാടുവിൽ സ്റ്റീഫൻ ജോർജിലേക്ക് തന്നെ എത്തുകയായിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പിറവത്ത് സി.പി.എം അനുഭാവിയായ ഡോ. സിന്ധുമോൾ ജേക്കബ് അപ്രതീക്ഷിത സ്ഥാനാർഥിയായി. നേരത്തെ ഇവിടെ നഗരസഭ കൗൺസിലറായ ജിൽസ് പെരിയപുറത്തെയായിരുന്നു പരിഗണിച്ചിരുന്നത്.
ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറായ സിന്ധുമോൾ, എൽ.ഡി.എഫ് സ്വതന്ത്രയായിട്ടായിരുന്നു മത്സരിച്ചത്. ഇവർ നേരത്തെ കടുത്തുരുത്തിയിലെ സാധ്യതപട്ടികയിലും ഇടംപിടിച്ചിരുന്നു.
പൂഞ്ഞാറിൽ അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ, ചങ്ങനാശേരിയിൽ അഡ്വ.ജോബ് മൈക്കിൾ, പെരുമ്പാവൂരിൽ ഏറണാകുളം ജില്ലാ പ്രസിഡൻറ് ബാബു ജോസഫ്, ഇരിക്കൂറിൽ സജി കുറ്റ്യാനിമറ്റം, തൊടുപുഴയിൽ പ്രൊഫ. കെ.എ.ആൻറണി, റാന്നിയിൽ ജനറൽ സെക്രട്ടറി പ്രമോദ് നാരായണൻ,ചാലക്കുടിയിൽ കോൺഗ്രസിൽ നിന്നെത്തിയ ഡെന്നിസ്.കെ.ആൻറണി എന്നിവരാണ് സ്ഥാനാർഥികൾ. കുറ്റ്യാടിയിലെ സ്ഥാനാർഥിയെ സി.പി.എം നേതൃത്വവുമായി ആലോചിച്ച് പിന്നീട് പ്രഖ്യാപിക്കുമെന്ന് പാർട്ടി ചെയർമാൻ ജോസ്.കെ.മാണി അറിയിച്ചു.
ജോസ് കെ.മാണി
പാലാ
കേരളാ കോണ്‍ഗ്രസ്സ് (എം)ചെയര്മാന് ജോസ് കെ. മാണിയാണ് പാലാ നിയോജക മണ്ഡലത്തിലെ ഇടത് മുന്നണി സ്ഥാനാർത്ഥി. കേരളാ യൂത്ത് ഫ്രണ്ടിലൂടെയാണ് മുഖ്യാധാര രാഷ്ട്രീയത്തിന്റെ നേതൃനിരയിലേക്ക് ജോസ് കെ.മാണി കടന്നുവരുന്നത്. യൂത്ത് ഫ്രണ്ട് സംസ്ഥാന ജനറല്‍ സെക്രട്ടറി, സംസ്ഥാന പ്രസിഡന്റ്, കേരളാ കോണ്‍ഗ്രസ്സ് (എം) സംസ്ഥാന ജനറല്‍ സെക്രട്ടറി, വൈസ് ചെയര്മാന് എന്നീ പദവികള്‍ വഹിച്ചിട്ടുണ്ട്. 2009 ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ കോട്ടയം പാര്‍ലമെന്റ് മണ്ഡലത്തില്‍ നിന്നും ആദ്യ വിജയം. 2018 മുതൽ രാജ്യസഭാ അംഗമായിരുന്നു.
ഏര്‍ക്കാട് മോണ്ട് ഫോര്‍ട്ട് സ്കൂളില്‍നിന്നും പഠനം പൂര്‍ത്തിയാക്കിയതിനുശേഷം മദ്രാസ് ലെയോള കോളേജില്‍ നിന്നു ബിരുദവും പി.എസ്.ജി കോളേജ് ഓഫ് ടെക്നോളജിയില്‍നിന്നു എം.ബി.എ ബിരുദവും നേടിയ ജോസ് കെ. മാണി രാഷ്ട്രീയത്തിൽ കാഴ്ചവച്ചത് പ്രൊഫഷണലിസത്തിന്റെ പുതിയപാഠങ്ങളാണ് . 1964 ല്‍ കരിങ്ങോഴക്കല്‍ കെ.എം മാണിയുടേയും, അന്നമ്മ മാണിയുടെയും 6 മക്കളില്‍ നാലാമനായാണ് ജോസ് കെ.മാണിയുടെ ജനനം. ഭാര്യ നിഷ ജോസ്, മക്കള്‍ പ്രിയങ്ക, റിതിക, കുഞ്ഞുമാണി.
അഡ്വ.ജോബ് മൈക്കിൾ
ചങ്ങനാശേരി
നിയമസഭാ തിരഞ്ഞെടുപ്പിൽ ചങ്ങനാശേരി നിയോജക മണ്ഡലത്തിൽ ഇടതു മുന്നണി സ്ഥാനാർത്ഥിഅഡ്വ.ജോബ് മൈക്കിൾ കേരള കോൺഗ്രസ് ഉന്നതാധികാര സമിതി അംഗമാണ്. കെ.എസ്.സിയുടെ യൂണിറ്റ് പ്രസിഡന്റായി വിദ്യാർത്ഥി രാഷ്ട്രീയത്തിൽ സജീവമായി. ചങ്ങനാശേരി എസ്.ബി കോളേജിൽ നിന്നു ബി.എസ്.സിയും തിരുവനന്തപുരം ലോ അക്കാദമിയിൽ നിന്നും എൽ.എൽ.ബിയും നേടി. കെ.എസ്.സി ജില്ലാ ഭാരവാഹി, സംസ്ഥാന ജനറൽ സെക്രട്ടറി, സംസ്ഥാന പ്രസിഡന്റ്, കേരള യൂത്ത് ഫ്രണ്ട് (എം) ഓഫീസ് ചാർജ് ജനറൽ സെക്രട്ടറി, കേരള യൂത്ത് ഫ്രണ്ട് (എം) സംസ്ഥാന പ്രസിഡന്റ്, കോട്ടയം ജില്ലാ പഞ്ചായത്തംഗം, പൊതുമരാമത്ത് സ്റ്റാൻഡിംങ് കമ്മിറ്റി ചെയർമാൻ എന്നീ നിലകളിൽ പ്രവർത്തിച്ചു. ചങ്ങനാശേരി ബാറിലെ അഭിഭാഷകനും നോട്ടറിയുമാണ് ജോബ്. പിതാവ് ചങ്ങനാശേരി മലകുന്നം നെടുമ്പറമ്പിൽ തോമസ് മൈക്കിൾ, മാതാവ് ത്രേസ്യാമ്മ. ഭാര്യ ജിജി. മക്കൾ – ജോബ് , അച്ചു , അജു , അമലു.
ബാബു ജോസഫ്
പെരുമ്പാവൂർ
പെരുമ്പാവൂർ നിയോജക മണ്ഡലത്തിലെ ഇടതു മുന്നണി സ്ഥാനാർത്ഥി ബാബു ജോസഫ് കേരള കോൺഗ്രസ് എം.എറണാകുളം ജില്ലാ പ്രസിഡന്റാണ്. എറണാകുളം ജില്ലയിലെ പ്രഥമ ജില്ലാ കൗൺസിൽ അംഗമായിരുന്നു. പഞ്ചായത്ത് പ്രസിഡന്റ്, ബ്ലോക്ക് പഞ്ചായത്തംഗം, ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി ചെയർമാൻ, സംസ്ഥാന ലോട്ടറി ക്ഷേമനിധി ബോർഡ് ചെയർമാൻ, സംസ്ഥാന ബാംബു കോർപ്പറേഷൻ ഡയറക്ടർ, സംസ്ഥാന കാർഷിക വികസന ബാങ്ക് പ്രതിനിധി, നദീതീര മണൽവാര വിദഗ്ധ സമിതി അംഗം, ജി്ല്ലാ ആസൂത്രണ സമിതി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. നിലവിൽ കേരള കോൺഗ്രസ് എം ഉന്നതാധികാര സമിതി അംഗമാണ്.
സ്വാതന്ത്ര സമര സേനാനി എൻ.പി ജോസഫാണ് പിതാവ്. ഭാര്യ – നിർമ്മല ബാബു, മക്കൾ – ഡോ.ബിനു ബാബു, ജോസഫ് ബാബു (ഡയറക്ടർ റിയാഫൈ ടെക്നോളജീസ്). എറണാകുളം തോട്ടുവ കൂവപ്പട്ടി നെടുംകണ്ടത്തിൽ വീട്ടിലാണ് ഇദ്ദേഹം ഇപ്പോൾ താമസിക്കുന്നത്.
സജി കുറ്റിയാനിമറ്റം (51)
ഇരിക്കൂർ
ഇരിക്കൂർ നിയോജക മണ്ഡലത്തിലെ ഇടത് മുന്ന സ്ഥാനാർത്ഥിയായി മത്സരിക്കുന്ന സജി കുറ്റിയാനി മറ്റം കേരള കോൺഗ്രസ് എം സംസ്ഥാന സ്റ്റിയറിംങ് കമ്മിറ്റി അംഗവും ഓഫിസ് ചാർജ് ജില്ലാ ജനറൽ സെക്രട്ടറിയുമാണ്. ബി.എ ബിരുദ ധാരിയായ ഇദ്ദേഹം കെ.എസ്.സി എം ജില്ലാ ജനറൽ സെക്രട്ടറി, യൂത്ത് ഫ്രണ്ട് എം ജില്ലാ പ്രസിഡന്റ്, സംസ്ഥാന വൈസ് പ്രസിഡന്റ്, സംസ്ഥാന ജന.സെക്രട്ടറി തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. 2005 വരെ ബ്ലോക്ക് പഞ്ചായത്തംഗവും, 2015 ൽ ജില്ലാ പഞ്ചായത്തംഗവുമായിരുന്നു. ഗവ.മെഡിക്കൽ കോളജിലെയും ജില്ലാ ആശുപത്രിയിലെയും മാനേജിംങ് കമ്മിറ്റി അംഗമാണ് ഇദ്ദേഹം. .
ഭാര്യ: പ്രിൻസി സജി
മക്കൾ: റോൺ സാജ്, ആൻ മരിയ സജി, അയോണ റോസ് സജി.
മുഹമ്മദ് ഇഖ്ബാൽ
കുറ്റ്യാടി
കുറ്റ്യാടി നിയോജക മണ്ഡലത്തിൽ ഇടതു മുന്നണി സ്ഥാനാർത്ഥിയായി മത്സരിക്കുന്ന മുഹമ്മദ് ഇഖ്ബാൽ കെ.എസ്.സി (എം )ലൂടെയാണ് രാഷ്ട്രീയത്തിൽ സജീവമായത്. ചങ്ങനാശ്ശേരി എസ്.ബി കോളേജ് യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലർ,എം.ജി സർവ്വകലാശാല യൂണിയൻ ജനറൽ സെക്രട്ടറി,കെ എസ് സി (എം) സംസ്ഥാന ജനറൽ സെക്രട്ടറി,യൂത്ത് ഫ്രണ്ട് എം സംസ്ഥാന വൈസ് പ്രസിഡന്റ്,ഓഫീസ് ചാർജ് ജനറൽ ജനറൽ സെക്രട്ടറി,സംസ്ഥാന പ്രസിഡന്റ് എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. ഇപ്പോൾ കേരള കോൺഗ്രസ് എം സംസഥാന ജനറൽ സെക്രട്ടറി ആയി പ്രവർത്തിച്ചു വരുകയാണ്.2011,2016 നിമസഭ തിരഞ്ഞെടുപ്പികളിൽ പേരാമ്പ്ര നിയോജകമണ്ഡലത്തിൽ മത്സരിച്ചിട്ടുണ്ട്.
അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ
പൂഞ്ഞാർ
മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായ അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ എൽ.ഡി.എഫ് സ്ഥാനാർത്ഥിയായി പൂഞ്ഞാർ നിയോജക മണ്ഡലത്തിലാണ് മത്സരിക്കുന്നത്. അഭിഭാഷകൻ, രാഷ്ട്രീയ, സാമൂഹികപ്രവർത്തകൻ, സഹകാരി, കോട്ടയം ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ്, മുൻ വൈസ് പ്രസിഡന്റ്, കേരള കോൺഗ്രസ് (എം) സംസ്ഥാന സ്റ്റിയറിംഗ് കമ്മറ്റി അംഗം. കൂവപ്പള്ളി സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ്, മലനാട് ഡെവല്പ്മെന്റ് സൊസൈറ്റി (എം. ഡി. എസ്.) ഡയറക്ടർ എന്നീ നിലകളിൽ പ്രവർത്തിക്കുകയാണ്.
കാഞ്ഞിരപ്പള്ളി സെന്റ് ഡോമിനിക്സ് കോളജ് യൂണിയൻ ചെയർമാൻ(1987,88), ബിരുദ വിദ്യാർഥി പ്രതിനിധി, ആർട്സ് ക്ലബ്ബ് സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചു. എരുമേലിക്കടുത്ത് കൂവപ്പള്ളി സ്വദേശി. ഭാര്യ: മേരിക്കുട്ടി സെബാസ്റ്റ്യൻ (കാഞ്ഞിരപ്പള്ളി ആനക്കല്ല് സെന്റ് ആന്റണീസ് പബ്ലിക് സ്കൂൾ അധ്യാപിക). മക്കൾ : ആൻ മിലിയ സെബാസ്റ്റ്യൻ, അലീഷ എൽസ സെബാസ്റ്റ്യൻ, അലീന മേരി സെബാസ്റ്റ്യൻ.
പ്രൊഫ.കെ.ഐ ആന്റണി
തൊടുപുഴ
തൊടുപുഴ നിയോജക മണ്ഡലത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി കെ.ഐ ആന്റണി കേരള കോൺഗ്രസ് എം ഉന്നതാധികാര സമിതി അംഗമാണ്.
തൊടുപുഴ താലൂക്ക് കാർഷിക വികസന ബാങ്ക് പ്രസിഡന്റ്, സംസ്ഥാന കാർഷിക വികസന ബാങ്ക് ഡയറക്ടർ, എന്നീ നിലകളിലും പ്രവർത്തിക്കുന്നു. തൊടുപുഴ നിയോജകമണ്ഡലത്തിലെ ആലക്കോടാണ് ജന്മദേശം. തൊടുപുഴ ന്യൂമാൻ കോളേജ്, മുരിക്കാശ്ശേരി പാവനാത്മാ കോളേജ്, മൂവാറ്റുപുഴ നിർമല കോളേജ് എന്നിവിടങ്ങളിൽ അദ്ധ്യാപകനായി പ്രവർത്തിച്ചു.
കേരള കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ്, എം.വി.ഐ.പി കർഷക സംരക്ഷണ സമിതിയുടെ പ്രസിഡന്റ്, ന്യൂമാൻ കോളേജ് സ്റ്റാഫ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡൻറ്, കോതമംഗലം രൂപതാ പാസ്റ്ററൽ കൗൺസിൽ മെമ്പർ, തൊടുപുഴ ടൗൺ പള്ളി പാരിഷ് കൗൺസിൽ മെമ്പർ, കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ ഭാരവാഹി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: ജെസ്സി ആന്റണി (തൊടുപുഴ നഗരസഭ കൗൺസിലർ) മക്കൾ – ആന്റോ ആന്റണി (സീനിയർ എഡിറ്റർ ബ്ലൂംബർഗ്. മുംബൈ) മീര ആന്റണി (തിരുവനന്തപുരം ശ്രീചിത്ര ആശുപത്രി).
ഡോ.എൻ ജയരാജ്
കാഞ്ഞിരപ്പള്ളി
കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലത്തിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥിയാണ് സിറ്റിംങ് എം.എൽ.എ കൂടിയായ എൻ.ജയരാജ്. ചമ്പക്കര ഗവ.എൽ.പി സ്കൂളിൽ നിന്നും കീഴില്ലം സെന്റ് തോമസ് ഹൈസ്കൂളിൽ നിന്നും സ്കൂൾ വിദ്യാഭ്യാസം. തിരുവനന്തപുരം ആട്സ് കോളേജ്, യൂണിവേഴ്സിറ്റി കോളേജിൽ നിന്നും ബിരുദവും ബിരുദാനന്തര ബിരുദവും നേടി. കേരള സർവകലാശാലയിൽ നിന്നും ഡോക്ടറേറ്റ്. 25 വർഷത്തോളം വിവിധ കോളേജുകളിൽ അദ്ധ്യാപകൻ. രണ്ട് തവണ കോട്ടയം ജില്ലാ പഞ്ചായത്തംഗം. 2006 മുതൽ നിയമസഭാ അംഗം. ഭാര്യ – ഗീത, മകൾ – പാർവതി.
പി. എൻ പ്രമോദ് നാരായണൻ
റാന്നി
റാന്നി നിയോജക മണ്ഡലത്തിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥിയാണ് പി.എൻ പ്രമോദ് നാരായണൻ. കേരളാ കോൺഗ്രസ് എം സംസ്ഥാന ജനറൽ സെക്രട്ടറിയാണ് ഇദ്ദേഹം. ഇന്റർ സ്കൂൾ കൗൺസിൽ ആദ്യ സംസ്ഥാന ചെയർമാനും ,കേരളാ സർവകലാ ശാലാ യൂണിയൻ ജനറൽ സെക്രട്ടറിയും, സെനറ് അംഗവുമായിരുന്നു. 22 ആം വയസ്സിൽ ഭരണിക്കാവ് ബ്ളോക്ക് പഞ്ചായത്ത് പ്രസിഡൻ്റായി ചരിത്രം സൃഷ്ടിച്ചിട്ടുണ്ട്.