
കോട്ടയം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പിൽ കേരള കോൺഗ്രസ് (എം) കൂടുതൽ സീറ്റുകൾ നേടേണ്ടതിനുള്ള നടപടികൾ പാർട്ടി ശക്തിപ്പെടുത്തുന്നു.
പാർട്ടിക്ക് കൂടുതൽ സീറ്റുകൾ ലഭിക്കുവാൻ അർഹത ഉണ്ടെന്നും അത് കൃത്യമായി വാങ്ങിയെടുക്കുന്നതിൽ ഓരോ ജില്ലാ കമ്മിറ്റിയും നൽകിയിരിക്കുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഓരോ ജില്ലയുടെയും ചുമതല എംഎൽഎ മാർക്ക് കൈമാറാൻ ചെയർമാൻ ജോസ് കെ മാണി എംപിയുടെ അധ്യക്ഷതയിൽ ചേർന്ന പാർലമെന്ററി പാർട്ടി യോഗം തീരുമാനിച്ചു.
മന്ത്രി റോഷി അഗസ്റ്റിൻ, ചീഫ് വിപ്പ് ഡോ.എൻ. ജയരാജ്, എം.എൽ എ മാരായ ജോബ് മൈക്കിൾ, പ്രമോദ് നാരായണൻ, സെബാസ്റ്റ്യൻ കുളത്തുങ്കൽ, ഓഫീസ് ചാർജ് ജനറൽ സെക്രട്ടറി സ്റ്റീഫൻ ജോർജ് എന്നിവരും യോഗത്തിൽ പങ്കെടുത്തു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
നിയമസഭാ തിരഞ്ഞടുപ്പിന് മുന്നോടിയായി നടക്കുന്ന തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞടുപ്പിനെ ഗൗരവപൂർവം കാണണമെന്നും യോഗത്തിൽ ധാരണമായി. തദ്ദേശ തിരഞ്ഞടുപ്പിൽ മികച്ച പ്രകടനം കാഴ്ചവച്ചാൽ നിയമസഭാ തിരഞ്ഞടുപ്പിലും മികവുറ്റ നേട്ടം കൈവരിക്കാൻ കഴിയുമെന്നാണ് പാർട്ടി പ്രതീക്ഷിക്കുന്നത്. കേരള കോൺഗ്രസ് (എം) ഇടതുമുന്നണിയിൽ എത്തിയ സമയത്താണ് കഴിഞ്ഞ തദ്ദേശ തിരഞ്ഞടുപ്പ് നടന്നത്. എന്നിട്ടും പാർട്ടിക്ക് നേട്ടമുണ്ടാക്കാൻ കഴിഞ്ഞു. ഇക്കുറി കൂടുതൽ സീറ്റുകൾ പാർട്ടി ചോദിച്ചിട്ടുണ്ട്. ഇത്തവണ കഴിഞ്ഞ പ്രാവശ്യത്തെക്കാൾ പുതിയതായി കൂടുതൽ വാർഡുകൾ വന്ന സാഹചര്യവും നിലവിൽ ഉണ്ട്.
പട്ടയഭൂമി ഭൂപതിവു ചട്ടം ഭേദഗതി തീരുമാനം കേരള കോൺഗ്രസിന്റെ ശാക്തിക മേഖലകളിൽ കൂടുതൽ പ്രയോജനം ചെയ്യുമെന്ന് പാർട്ടി വിലയിരുത്തി. കേരള കോൺഗ്രസ് എമ്മിന്റെ ദീർഘകാലമായുള്ള ആവശ്യമാണ് മന്ത്രിസഭ അംഗീകരിച്ചത്. മലയോര മേഖലയിൽ പാർട്ടിക്ക് മേൽകൈ നേടാൻ സർക്കാർ തീരുമാനം ഉപകരിക്കുമെന്ന് യോഗം വിലയിരുത്തി. ഭേദഗതി അംഗീകരിക്കാൻ മുഖ്യമന്ത്രി എടുത്ത തീരുമാനത്തിന്റെ പശ്ചാത്തലത്തിൽ മലയോര ജനതയുടെ ഭൂമി സംബന്ധമായ എല്ലാ പ്രശ്നങ്ങളും പരിഹരിക്കാൻ പാർട്ടി ശ്രമിക്കുമെന്ന് ജോസ് കെ മാണി പറഞ്ഞു.
സർക്കാർ നടത്തുന്ന ജനോപകാരപ്രദമായ പദ്ധതികൾ ജനങ്ങളിലെത്തിക്കാൻ കൂട്ടായ ശ്രമമുണ്ടാകണമെന്ന് യോഗം വിലയിരുത്തി. താഴെ തട്ടിലുള്ള കമ്മറ്റികൾ ഇതിനായി സജ്ജമാക്കണമെന്നും യോഗം വിലയിരുത്തി. മൂന്നാം ഇടതു മുന്നണി സർക്കാർ എന്ന ലക്ഷ്യത്തിലൂന്നിയുള്ള പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കാനും കോട്ടയത്ത് ഏഴുമണിക്കൂർ നീണ്ട യോഗത്തിൽ തീരുമാനമായി.