കോട്ടയം സീറ്റ് ജോസ് കെ.മാണിയുടെ കാൽക്കീഴിൽ വച്ചു: തോമസ് ചാഴികാടന് വിജയസാധ്യതയില്ല: കോട്ടയം മണ്ഡലം കമ്മിറ്റിയിൽ കടുത്ത വിമർശനവുമായി കോൺഗ്രസ് യോഗം: കോട്ടയത്തെച്ചൊല്ലി യുഡിഎഫിൽ വൻ പൊട്ടിത്തെറി

കോട്ടയം സീറ്റ് ജോസ് കെ.മാണിയുടെ കാൽക്കീഴിൽ വച്ചു: തോമസ് ചാഴികാടന് വിജയസാധ്യതയില്ല: കോട്ടയം മണ്ഡലം കമ്മിറ്റിയിൽ കടുത്ത വിമർശനവുമായി കോൺഗ്രസ് യോഗം: കോട്ടയത്തെച്ചൊല്ലി യുഡിഎഫിൽ വൻ പൊട്ടിത്തെറി

സ്വന്തം ലേഖകൻ

കോട്ടയം: പാർലമെന്റ് സീറ്റിനെച്ചൊല്ലി കേരള കോൺഗ്രസിലുണ്ടായ പൊട്ടിത്തെറി യുഡിഎഫിനെ കൂട്ട അടിയിലേയ്ക്ക് എത്തിക്കുന്നു. കേരള കോൺഗ്രസിൽ സ്ഥാനാർത്ഥിയെച്ചൊല്ലിയുണ്ടായ തർക്കം തുടർന്ന സാഹചര്യത്തിൽ ഡിസിസി യോഗം മാറ്റിവച്ചെങ്കിലും, ചൊവ്വാഴ്ച ചേർന്ന കോട്ടയം മണ്ഡലം കമ്മിറ്റി യോഗത്തിൽ അതിരൂക്ഷമായ വിമർശനമാണ് ജോസ് കെ.മാണിയ്ക്കും കേരള കോൺഗ്രസ് എമ്മിനും കേൾക്കേണ്ടി വന്നത്. ജില്ലാ കോൺഗ്രസിലെ നേതാക്കൻമാർ എല്ലാവരും കേരള കോൺഗ്രസിനെ രാഷ്ട്രീയമായും, ജോസ് കെ.മാണിയെയും, കെ.എം മാണിയെയും പേരെടുത്ത് വിമർശിക്കുന്ന സാഹചര്യമാണ് യോഗത്തിൽ ഉയർന്നത്.  ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ജോഷി ഫിലിപ്പിന്റെ സാന്നിധ്യത്തിലായിരുന്നു അതി രൂക്ഷമായ വിമർശം.
ജില്ലാ കോൺഗ്രസ് കമ്മിറ്റി സെക്രട്ടറി ജോണി ജോസഫാണ് വിമർശനങ്ങൾക്ക് തുടക്കമിട്ടത്. പാർലമെന്റ് സീറ്റ് ജോസ് കെ.മാണിയുടെ കാൽക്കീഴിൽ കൊണ്ടു വച്ചത് കോൺഗ്രസ് നേതാക്കൾ തന്നെയാണെന്നായിരുന്നു ജോണിയുടെ വിമർശനം. കോൺഗ്രസ് പാർട്ടിയെയും നേതാക്കളെയും അപമാനിച്ചാണ് കേരള കോൺഗ്രസ് മുന്നണി വിട്ടത്. ജോസ് കെ.മാണിയ്ക്ക് രാജ്യസഭാ സീറ്റും, ലോക്‌സഭാ സീറ്റും ചോദിക്കുന്നത് എന്തും വാരിക്കോരി നൽകുകയാണ്. ഇത് സാധാരണ പ്രവർത്തകരെ അവഹേളിക്കുന്നതിനു തുല്യമാണെന്നും അദ്ദേഹം ആരോപിച്ചു. 
കോൺഗ്രസിന് ഏറ്റവും സാധ്യതയുള്ള തിരഞ്ഞെടുപ്പാണ് ഇക്കുറി കോട്ടയത്ത് നടന്നത്. കോൺഗ്രസിന്റെ സ്ഥാനാർത്ഥി തന്നെ ഇവിടെ മത്സര രംഗത്ത് എത്തണമെന്ന് ഓരോ പ്രവർത്തകരും ആഗ്രഹിക്കുന്നുണ്ട്. പ്രവർത്തകരുടെ വികാരം മാനിക്കാൻ നേതാക്കൾ തയ്യാറാകണമായിരുന്നു. എന്നാൽ, അനാവശ്യമായി അനവസരത്തിൽ വിവാദമുണ്ടാക്കിയ കേരള കോൺഗ്രസ് നേതാക്കൾ വിജയ സാധ്യത തന്നെയാണ് ഇല്ലാതാക്കുന്നത്. സിപിഎം ജില്ലാ സെക്രട്ടറിയെ തന്നെ സ്ഥാനാർത്ഥിയാക്കുമ്പോൾ മികച്ച ഒരു സ്ഥാനാർത്ഥിയെ എങ്കിലും കണ്ടെത്താൻ കേരള കോൺഗ്രസ് ശ്രമിക്കണമായിരുന്നു. തോമസ് ചാഴികാടൻ വിജയസാധ്യതയില്ലാത്ത സ്ഥാനാർത്ഥിയാണെന്നും യോഗത്തിൽ അതിരൂക്ഷമായ വിമർശനം ഉയർന്നു. 
തോമസ് ചാഴികാടന്റെ സ്ഥാനാർത്ഥിത്വത്തിനെതിരെ കോൺഗ്രസിലും പൊട്ടിത്തെറി ഉണ്ടാകുന്നു എന്നതിന്റെ ഉദാഹരണമാണ് ഇപ്പോൾ കോട്ടയം മണ്ഡലത്തിലും ഉയർന്ന പ്രതിഷേധങ്ങൾ. ഈ സാഹചര്യത്തിൽ കോൺഗ്രസിന്റെ മുതിർന്ന നേതാക്കൾ തന്നെ പ്രശ്‌നത്തിൽ ഇടപെട്ട് സമാധാന ശ്രമങ്ങൾ നടത്തിയേക്കുമെന്ന സൂചനയാണ് ലഭിക്കുന്നത്.