
കുടുംബശ്രീ ബ്രോയിലര്‍ ഫാര്‍മേഴ്സ് പ്രൊഡ്യൂസര്‍ കമ്പനി; കേരള ചിക്കന്‍ പദ്ധതിക്ക് ഉയര്‍ന്ന വിറ്റുവരവ്; പ്രതിദിനം ശരാശരി 25,000 കിലോ കോഴിയിറച്ചിയുടെ വിപണനം
സ്വന്തം ലേഖിക
തിരുവനന്തപുരം: കുടുംബശ്രീ ബ്രോയിലര്‍ ഫാര്‍മേഴ്സ് പ്രൊഡ്യൂസര്‍ കമ്പനി മുഖേന നടപ്പാക്കുന്ന കേരള ചിക്കന്‍ പദ്ധതിക്ക് ഉയര്‍ന്ന വിറ്റുവരവ്.
പദ്ധതി ആരംഭിച്ച 2019 മാര്‍ച്ച് മുതല്‍ ഇതുവരെ 208 കോടി രൂപയുടെ വിറ്റുവരവാണ് ഉണ്ടായത്. നിലവില്‍ ഔട്ട്‍ലെറ്റുകള്‍ വഴി പ്രതിദിനം ശരാശരി 25,000 കിലോ കോഴിയിറച്ചിയുടെ വിപണനമാണ് നടക്കുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

പൊതു വിപണിയെ അപേക്ഷിച്ച് ലഭിക്കുന്ന വിലക്കുറവും ഗുണനിലവാരവും കാരണം കേരള ചിക്കന് ഉപഭോക്താക്കള്‍ക്കിടയില്‍ നല്ല സ്വീകാര്യതയുണ്ടെന്നാണ് കുടുംബശ്രീ പ്രവര്‍ത്തകര്‍ പറയുന്നത്. പദ്ധതി വിപുലീകരിക്കുന്നതിന്‍റെ ഭാഗമായി സംസ്കരിച്ച കോഴി ഇറച്ചിയും മൂല്യവര്‍ദ്ധിത ഉല്‍പന്നങ്ങളും കൂടി ഉടൻ വിപണിയില്‍ എത്തിക്കും.
ഉപഭോക്താക്കള്‍ക്ക് സംശുദ്ധമായ കോഴി ഇറച്ചി ലഭ്യമാക്കുക, കുടുംബശ്രീ അംഗങ്ങളായ വനിതകള്‍ക്ക് സുസ്ഥിര വരുമാനം ഉറപ്പാക്കുക എന്നീ ലക്ഷ്യങ്ങളോടെ ആരംഭിച്ച പദ്ധതി പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിട്ടത് 2019 ല്‍ എറണാകുളം ജില്ലയിലാണ്.
പിന്നീട് തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിലേക്കും വ്യാപിപ്പിക്കുകയായിരുന്നു. ഈ വര്‍ഷം തന്നെ കണ്ണൂരിലും പദ്ധതി ആരംഭിക്കും.