play-sharp-fill
തരിമ്പും കാരുണ്യമില്ലാതെ പാലാരിവട്ടത്തെ ആൽഫാ മേരി: സജീഷ് കുമാറിന് നഷ്ടമായത് രണ്ടു ലക്ഷം രൂപ; വിദേശത്തേയ്ക്കു കൊണ്ടു പോകാമെന്ന വാക്ക് വിശ്വസിച്ച് പണം നൽകിയ സജീഷ്‌കുമാറിന്റെ കിടപ്പാടവും പോയി; പണത്തിനു പകരം പൊലീസ് വാങ്ങി നൽകിയത് വണ്ടിച്ചെക്ക്..!

തരിമ്പും കാരുണ്യമില്ലാതെ പാലാരിവട്ടത്തെ ആൽഫാ മേരി: സജീഷ് കുമാറിന് നഷ്ടമായത് രണ്ടു ലക്ഷം രൂപ; വിദേശത്തേയ്ക്കു കൊണ്ടു പോകാമെന്ന വാക്ക് വിശ്വസിച്ച് പണം നൽകിയ സജീഷ്‌കുമാറിന്റെ കിടപ്പാടവും പോയി; പണത്തിനു പകരം പൊലീസ് വാങ്ങി നൽകിയത് വണ്ടിച്ചെക്ക്..!

ക്രൈം ഡെസ്‌ക്

കോട്ടയം: പാലാരിവട്ടത്തെ ആൽഫാമേരിയുടെ ചതിയിൽ ജീവിതവും കിടപ്പാടവും നഷ്ടമാകുമെന്ന ഭയത്തിലാണ് സജീഷ്‌കുമാർ എന്ന ചെറുപ്പക്കാരൻ. അച്ഛന്റെ ചികിത്സയ്ക്കായി പണയം വച്ച വീടും സ്ഥലവും തിരികെ പിടിക്കാൻ വിദേശ ജോലി മോഹിച്ചെത്തിയ യുവാവിനെയാണ് പാലാരിവട്ടത്തെ ആൽഫാമേരി എന്ന കൺസൾട്ടൻസി സ്ഥാപനം കബളിപ്പിച്ചത്. യാതൊരു ഗതിയുമില്ലാത്ത യുവാവിന്റെ വീടും സ്ഥലവും ഈടു വച്ച പണം പോലും അടിച്ചു മാറ്റിയ ആൽഫാമേരി കൺസൾട്ടൻസിയ്‌ക്കെതിരെ സജീഷ് നൽകിയ പരാതി ഒത്തു തീർപ്പാക്കാൻ ഇടപെട്ട പൊലീസാകട്ടെ വാങ്ങി നൽകിയത് വണ്ടിച്ചെക്കും..!


അങ്കമാലി കറുകുറ്റി പാലിശേരി അറയ്ക്കൽ വീട്ടിൽ സഹദേവന്റെ മകൻ സജീഷ് കുമാറിനെ(40) കബളിപ്പിച്ച് രണ്ടു ലക്ഷത്തോളം രൂപ എറണാകുളം പാലാരിവട്ടം പൊലീസ് സ്റ്റേഷനു സമീപത്തു പ്രവർത്തിക്കുന്ന ആൽഫാ മേരി എഡ്യുക്കേഷണൽ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റ് ആൽഫാ മേരി ഇന്റർനാഷണൽ അഡ്മിഷൻ ഗൈഡൻസ് എന്ന സ്ഥാപനമാണ് സജീഷ്‌കുമാറിനെ കബളിപ്പിച്ച് രണ്ടു ലക്ഷത്തോളം രൂപ തട്ടിയെടുത്തിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സജീഷിന്റെ അച്ഛൻ ഹൃദ്രോഗിയാണ്. അച്ഛൻ സഹദേവന്റെ ചികിത്സയുടെ ആവശ്യത്തിനായി മുഖ്യമന്ത്രിയുടെ ചികിത്സാ സഹായ നിധിയിൽ നിന്നും 30,000 രൂപ മാത്രമാണ് ധനസഹായമായി ലഭിച്ചിരുന്നത്. ഇത് തികയാതെ വന്നതോടെ സജീഷ് സ്വന്തം വീടും സ്ഥലവും കോ ഓപ്പറേറ്റീവ് ബാങ്കിൽ പണയപ്പെടുത്തി ആറു ലക്ഷം രൂപ വായ്പയെടുത്തിരുന്നു. ഈ തുകയും ബാക്കിയുള്ള കടങ്ങളും വീട്ടുന്നതിനായി സജീഷ് വിദേശത്ത് ജോലി തേടുകയായിരുന്നു.

ഇതിനിടെ സജീഷിന്റെ ഇ-മെയിലിലേയ്ക്കു വന്ന സന്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് 2018 ആഗസ്റ്റ് ഒന്നിന് ഇയാൾ ആൽഫ കൺസൾട്ടൻസി എന്ന സ്ഥാപനത്തെ ബന്ധപ്പെടുന്നത്. പോളണ്ടിൽ ജോലി ശരിയാക്കി നൽകാമെന്നായിരുന്നു കമ്പനി അധികൃതർ വാഗ്ദാനം ചെയ്തിരുന്നത്. 3.85 ലക്ഷംരൂപയാണ് കമ്പനി അധികൃതർ ജോലിയുടെ ആവശ്യത്തിനായി ആവശ്യപ്പെട്ടിരുന്നത്. ജോലി ലഭിക്കുമെന്ന് ഉറപ്പു പറഞ്ഞ സാഹചര്യത്തിൽ വീടും സ്ഥലവും വീണ്ടും പണയപ്പെടുത്തി സജീഷ് രണ്ടു ലക്ഷം രൂപ കൂടി വായ്പയെടുത്തു. ഇതോടെ ആകെ പത്തു ലക്ഷം രൂപയാണ് സജീഷിന് കടമായത്. തുടർന്ന് ഈ വായ്പയെടുത്ത ആഗസ്റ്റ് ആറിന് ആൽഫ മേരിയുടെ അക്കൗണ്ടിലേയ്ക്കു ഇട്ടു നൽകുകയും ചെയ്തു.

എന്നാൽ, മാസങ്ങൾ കഴിഞ്ഞിട്ടും ജോലി ലഭിക്കാതെ വന്നതോടെ താൻ തട്ടിപ്പിന് ഇരയായതായി മനസിലാക്കിയ സജീഷ്, പാലാരിവട്ടം പൊലീസിലും അങ്കമാലി പൊലീസിലും പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ മധ്യസ്ഥതയ്ക്ക് വിളിച്ചു വരുത്തിയ പൊലീസ് ഒരു ലക്ഷം രൂപയുടെ രണ്ടു ചെക്കുകൾ വാങ്ങി നൽകി. എന്നാൽ, രണ്ടു ചെക്കും അക്കൗണ്ടിൽ പണമില്ലാതെ മടങ്ങി. ഇതോടെ സജീഷ് പ്രതിസന്ധിയിലായി. വീണ്ടും പൊലീസ് സ്റ്റേഷനുകളിൽ പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ല. തുടർന്നാണ് സജീഷ് ജില്ലാ പൊലീസ് മേധാവി അടക്കമുള്ളവർക്ക് പരാതി നൽകിയത്.

പരാതിയെപ്പറ്റി വിശദീകരണം ആവശ്യപ്പെട്ട് തേർഡ് ഐ ന്യൂസ് ലൈവ് സംഘം ആൽഫ മേരിയെ ഫോണിൽ ബന്ധപ്പെട്ടപ്പോൾ ധിക്കാരത്തോടെയുള്ള മറുപടിയാണ് ലഭിച്ചത്. ഇതൊക്കെ അന്വേഷിക്കാൻ നിങ്ങൾ ആരാണ്.. സജീഷിന് പണം ആവശ്യമുണ്ടെങ്കിൽ അവൻ നേരിട്ട് വരട്ടെ.. നിങ്ങൾ നിങ്ങളുടെ പണി നോക്കിയാൽ മതി എന്നിവ അടക്കം ധിക്കാരത്തോടെയുള്ള സമീപമാണ് ഇവർ സ്വീകരിച്ചത്. സംഭവത്തിൽ ഇടപെട്ട് തനിക്ക് നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് പരാതി നൽകാൻ ഒരുങ്ങുകയാണ് സജീഷ്.