
സകല രോഗങ്ങളും പ്രാർത്ഥനയിലൂടെ ഭേദമാക്കിയെന്ന് അവകാശപ്പെടുന്ന ധ്യാനഗുരുക്കന്മാർ ഫ്രാൻസിലേയ്ക്ക് പോകുന്നില്ലേ… ; മാർപ്പാപ്പയുടെ രോഗം ഭേദമാക്കാൻ കേരള കത്തോലിക്കാ സഭയിലെ രോഗശാന്തി ശുശ്രൂഷകർ ഇടപെടുന്നില്ലേ…; സോഷ്യല്‍ മീഡിയായില്‍ ട്രോള്‍ മഴ
മാർപ്പാപ്പ ചികിത്സയോട് പ്രതികരിക്കുന്നുണ്ട് എങ്കിലും അപകടനില തരണം ചെയ്തിട്ടില്ല എന്നാണ് മെഡിക്കല്‍ സംഘം ഔദ്യോഗികമായി അറിയിച്ചിട്ടുള്ളത്. പോപ്പിൻ്റെ ആരോഗ്യത്തിനായി ലോകമെങ്ങും പ്രാർത്ഥനകളും നടക്കുന്നുണ്ട്.
മാർപ്പാപ്പയുടെ രോഗം ഭേദമാക്കാൻ എന്തുകൊണ്ട് കേരള കത്തോലിക്കാ സഭയിലെ രോഗശാന്തി ശുശ്രൂഷകർ ഇടപെടുന്നില്ല എന്ന ചർച്ചയാണ് ഈ ഘട്ടത്തില്‍ സോഷ്യല്‍ മീഡിയായില്‍ സജീവമാകുന്നത്. സകല രോഗങ്ങളും പ്രാർത്ഥനയിലൂടെ ഭേദമാക്കിയെന്ന് സുവിശേഷ യോഗങ്ങളിലെല്ലാം അവകാശപ്പെടുന്ന ധ്യാനഗുരുക്കന്മാർ കേരളത്തില്‍ ധാരാളമുണ്ടായിട്ടും ഇവരാരും അസുഖ ബാധിതനായി ആശുപത്രിയില്‍ കിടക്കുന്ന ഫ്രാൻസിസ് മാർപ്പാപ്പയെ സുഖപ്പെടുത്താൻ പോകുന്നില്ലേയെന്ന ചോദ്യമാണ് പല കോണില്‍ നിന്നും ഉയരുന്നത്.
എന്തിനുമേതിനും പ്രതിവിധിയും ആശ്വാസവുമൊക്കെ പ്രദാനം ചെയ്യുന്ന ആലപ്പുഴയിലെ കൃപാസനം നടത്തിപ്പുകാരെ കളിയാക്കിയാണ് ട്രോളുകള്‍ ഏറെയും. കൃപാസനം പത്രം അരച്ചു തിന്നാനുള്ള കല്ലുമായി എന്തുകൊണ്ട് വത്തിക്കാനിലേക്ക് പോകുന്നില്ലായെന്ന് ചോദിക്കുന്ന സരസന്മാർ നിരവധിയാണ്. ആസ്ഥാന കൃപാസനം വിശ്വാസികളും നടത്തിപ്പുകാരും ആരും പ്രതികരിക്കുന്നില്ല. രോഗശാന്തികളെക്കുറിച്ച് ധ്യാനകേന്ദ്രത്തില്‍ നേരിട്ടെത്തി സാക്ഷ്യം പറയുന്നവർ ആവർത്തിക്കുന്ന ഒന്നാണ് ഇവിടെ നിന്നിറങ്ങുന്ന പത്രം ഭക്ഷണത്തില്‍ അരച്ചുകഴിച്ചും മറ്റുള്ളവരെ കഴിപ്പിച്ചും രോഗം മാറിയെന്നത്. സ്ഥാപനം നടത്തിപ്പുകാരോ സഭയോ ഈ വികൃത പ്രചാരണത്തെ ഇനിയും വിലക്കിയിട്ടോ നിയന്ത്രിച്ചിട്ടോ പോലുമില്ല.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇവിടെ നടത്തിയ പ്രസംഗത്തിലാണ് കോണ്‍ഗ്രസ് നേതാന് എ കെ ആൻ്റണിയുടെ ഭാര്യ എലിസബത്ത് മകൻ്റെ ബിജെപി പ്രവേശനത്തെക്കുറിച്ച് വിശദകീരിച്ചത്. മകൻ അനില്‍ ആൻ്റണിക്ക് ബിജെപിയില്‍ ചേരാൻ അവസരമൊത്തത് കൃപാസനത്തിലെ പ്രാർത്ഥന കൊണ്ടാണെന്നാണ് അവർ പറഞ്ഞത്. ധ്യാനകേന്ദ്രത്തിൻ്റെ ചുമതലക്കാരനായ വൈദികനോടും ആലോചിച്ച ശേഷമാണ് മകൻ്റെ നല്ല ഭാവി കണക്കിലെടുത്ത് ബിജെപിയില്‍ ചേരാൻ അയച്ചത്. എ കെ ആന്‍റണിക്ക് വീണ്ടും പ്രവർത്തക സമിതി അംഗത്വം കിട്ടിയതും ആരോഗ്യവും ആത്മവിശ്വാസവും വീണ്ടെടുത്തതും കൃപാസനത്തിലൂടെയാണെന്നും മറ്റും അവർ വിളിച്ചുപറഞ്ഞത് ആൻ്റണിക്കും കോണ്‍ഗ്രസിനും കുറച്ചൊന്നുമല്ല തലവേദനയായത്.
ഇത്തരം രോഗശാന്തി നടത്തിപ്പുകാർ സമീപകാലത്തൊന്നും നേരിടാത്ത പ്രതിസന്ധിയാണ് ഇപ്പോള്‍ അഭിമുഖീകരിക്കുന്നത്. രോഗാവസ്ഥയില്‍ കിടക്കുന്ന സഭയുടെ തലവനെ പ്രാർത്ഥനയിലൂടെ രോഗശാന്തി വരുത്തി രക്ഷിക്കാൻ കഴിയുന്നില്ലെങ്കില്‍ പിന്നെന്തിനാണ് വിശ്വാസത്തിൻ്റെ പേരില്‍ ഉഡായിപ്പുകള്‍ എന്നുള്ള ചോദ്യത്തിന് തല്ക്കാലം മറുപടി ഇല്ല. കോവിഡ് കാലത്ത് പത്തിതാഴ്ത്തികിടന്ന സകല സഭകളിലേയും രോഗശാന്തി കച്ചവടക്കാർ വീണ്ടും സജീവമായി കളത്തിലിറങ്ങിയിട്ടുണ്ട്. കാശുവാങ്ങി ചില ലൊട്ടുലൊടുക്ക് അഭ്യാസങ്ങള്‍ കാണിച്ച് ജനത്തെ പറ്റിക്കുകയും അവരുടെ അജ്ഞതയെ ചൂഷണം ചെയ്യുകയുമാണ് പതിവ്. ഇവർ പറയുന്ന അത്ഭുതങ്ങള്‍ക്കോ രോഗശാന്തിക്കോ യാതൊരു ശാസ്ത്രീയ അടിത്തറയുമില്ല എന്നത് വ്യക്തമാണ്.
അത്ഭുത രോഗശാന്തികള്‍ മുഖമുദ്രയാക്കി 1990കളുടെ തുടക്കത്തില്‍ കേരളത്തില്‍ ഉയർന്നുവന്ന കരിസ്മാറ്റിക് പ്രസ്ഥാനങ്ങളുടെ തലതൊട്ടപ്പനായി അറിയപ്പെടുന്ന കത്തോലിക്കാ പുരോഹിതൻ ഫാദർ മാത്യു നായിക്കംപറമ്ബില്‍ പക്ഷെ, 2020ല്‍ തനിക്ക് കോവിഡ് ബാധിച്ചപ്പോള്‍ ആശുപത്രിയില്‍ ചികിത്സ തേടുകയാണ് ചെയ്തത്. ചാലക്കുടി പോട്ടയില്‍ അദ്ദേഹം സ്ഥാപിച്ച ഡിവൈൻ റിട്രീറ്റ് സെൻ്റർ ആദ്യകാല രോഗശാന്തി ശുശ്രൂഷകളുടെ കേന്ദ്രമായിരുന്നു. ക്രിസ്തു പ്രവർത്തിച്ചതായി ബൈബിള്‍ പറയുന്നതിനേക്കാള്‍ വിപുലവും വിചിത്രവുമായ രോഗശാന്തികളാണ് അദ്ദേഹവും കൂട്ടരും ഈ കേന്ദ്രത്തില്‍ നടത്തിയതായി അവകാശപ്പെട്ടിട്ടുള്ളത്.
കോവിഡ് അദ്ദേഹത്തെ പിടികൂടുന്നതിന് തൊട്ടുമുമ്ബ് കോഴിക്കോട് ജില്ലയില്‍ വ്യാപിച്ച നിപ്പ രോഗത്തെ പിടിച്ചുകെട്ടിയതിനെക്കുറിച്ച് നടത്തിയ ഒരു വെളിപ്പെടുത്തല്‍ കരിസ്മാറ്റിക് പ്രസ്ഥാനങ്ങളെയാകെ പരിഹാസ്യമാക്കിയതാണ്. കണ്ണൂർ ജില്ലയിലൊരിടത്ത് പ്രാർത്ഥിക്കുമ്ബോള്‍ കർത്താവ് തന്നോട് നേരിട്ട് ആവശ്യപ്പെട്ടത് പ്രകാരം നിപ്പയെ സമർപ്പിച്ച് പ്രാർത്ഥിച്ചു, അങ്ങനെയാണ് പകർച്ചവ്യാധി കോഴിക്കോട് വിട്ടുപോയതെന്നും നിപ്പയെന്ന് പിന്നീടാരും കേട്ടിട്ടുപോലുമില്ല എന്നുമാണ് ഫാ.നായ്ക്കംപറമ്ബില്‍ അവകാശപ്പെട്ടത്. “ശാസ്ത്രജ്ഞന്മാർ പഠിച്ചത് കൊണ്ടല്ല അത് മാറിയത്, യേശുനാമത്തിൻ്റെയും വിശുദ്ധ കുർബാനയുടെയും അനന്തമായ യോഗ്യതയാല്‍ നിപ്പ വൈറസ് അപ്രത്യക്ഷമായി” -ഇതായിരുന്നു അവകാശവാദം. നിപ്പ പിന്നീടും കോഴിക്കോട്ടും എറണാകുളത്തുമെല്ലാം വന്നുപോയെങ്കിലും നായ്ക്കംപറമ്ബിലച്ചൻ ഇടപെട്ടതായി കേട്ടില്ല.
ഡിവൈൻ ധ്യാനകേന്ദ്രത്തിൻ്റെ ചുവടുപിടിച്ച് കേരളത്തില്‍ അങ്ങോളമിങ്ങോളം പൊട്ടിമുളച്ച് കരിസ്മാറ്റിക് രോഗശാന്തി കേന്ദ്രങ്ങളില്‍ ഏറ്റവുമധികം ആളെ കൂട്ടുന്നതാണ് ഫാ.ഡൊമിനിക് വാളൻമനാല്‍ 2009ല്‍ ഇടുക്കി അണക്കരയില്‍ സ്ഥാപിച്ച മരിയൻ റിട്രീറ്റ് സെൻ്റർ. വചനപ്രഘോഷണം, രോഗശാന്തി, ഭൂതോച്ചാടനം, വിടുതല്‍ എന്നീ ശുശ്രൂഷകള്‍ക്കായി പ്രത്യേകം തിരഞ്ഞെടുക്കപ്പെടുകയും അഭിഷേകം ചെയ്യപ്പെടുകയും ചെയ്ത കത്തോലിക്കാ പുരോഹിതനാണ് താൻ. ഇത്തരം ശുശ്രൂഷകള്‍ക്ക് 96 രാജ്യങ്ങളിലായി വിദേശികളടക്കം ഒട്ടേറെ ആവശ്യക്കാരുണ്ട് – സ്വന്തം വെബ്സൈറ്റില്‍ ഫാ.വാളൻമനാലിൻ്റെ അവകാശവാദം ഇങ്ങനെയാണ്.
ഓട്ടിസം വരെ പ്രാർത്ഥന കൊണ്ട് സുഖപ്പെടുത്തിയിട്ടുണ്ടെന്ന് അവകാശപ്പെടുന്ന ഇദ്ദേഹത്തിൻ്റെ ഒരു പരാമർശം വൻ വിവാദമായിരുന്നു. മാതാപിതാക്കള്‍ സ്വവർഗഭോഗം നടത്തുന്നത് കൊണ്ടാണ് മക്കള്‍ക്ക് ഓട്ടിസം ബാധിക്കുന്നത് എന്നായിരുന്നു വിദേശത്ത് ഒരു ധ്യാനപരിപാടിക്കിടെ അദ്ദേഹം വിളിച്ചുപറഞ്ഞത്. ഇതില്‍ പ്രതിഷേധം രൂക്ഷമായി പിന്നീടുള്ള ചില വിദേശ പരിപാടികളില്‍ നിന്ന് വിലക്കുണ്ടായതോടെ ബിസിനസ് നഷ്ടം പരിഹരിക്കാൻ മാപ്പുപറഞ്ഞ് തടിയൂരുകയാണ് ചെയ്തത്. ഇതിനും പുറമെ, മുംബൈയിലെ ഒരു ആശുപത്രിയുടെ ഐസിയുവില്‍ ഉണ്ടായ അണുബാധ പരിഹരിക്കാൻ വിദഗ്ധരായ ഡോക്ടർമാർക്ക് കഴിയാതിരിക്കെ, ഒറ്റമണിക്കൂർ കൊണ്ട് താനത് ഒഴിപ്പിച്ചെടുത്തു എന്നും ഇദ്ദേഹം അവകാശപ്പെട്ടിട്ടുണ്ട്. ഒറ്റരാത്രി കൊണ്ട് ധാരാവി ചേരി ഒഴിപ്പിച്ചെടുത്ത മോഹൻലാല്‍ കഥാപാത്രത്തിൻ്റെ മട്ടില്‍ ഇവരൊക്കെ ഇങ്ങനെ രംഗത്തെത്തിയോടെ കരിസ്മാറ്റിക് നവീകരണ കേന്ദ്രങ്ങള്‍ വെറും കച്ചവട കേന്ദ്രങ്ങളായി മാറുന്ന സ്ഥിതിയാണ് ഉണ്ടായത്.