ജില്ലയിൽ തീരാതെ ദുരിതപ്പെയ്ത്ത്: ക്യാമ്പുകളിൽ ഇപ്പോഴും 8391 കുടുംബങ്ങൾ
സ്വന്തം ലേഖകൻ
കോട്ടയം: പെരുമഴയിൽ പ്രളയജലം ഒഴുകിയെത്തിയതോടെ ജില്ലയിലെ 8391 കുടുംബങ്ങൾ ഇപ്പോഴും ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നു. ജില്ലയിലെ 160 ദുരിതാശ്വാസ ക്യാമ്പുകളിലായാണ് ഈ കുടുംബങ്ങൾ ഇപ്പോൾ കഴിയുന്നത്. 11348 പുരുഷന്മാരും, 12149 സ്ത്രീകളും 3095 പുരുഷന്മാരുമാണ് ക്യാമ്പുകളിൽ ഉള്ളത്. ആകെ 26592 ആളുകളാണ് ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകളിൽ ഇപ്പോൾ കഴിയുന്നത്.
കോട്ടയം താലൂക്കിലാണ് ഏറ്റവും കൂടുതൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്നത്. 106 ക്യാമ്പുകളിലായി 3179 കുടുംബങ്ങളാണ് കോട്ടയം താലൂക്കിലെ ക്യാമ്പുകളിൽ കഴിയുന്നത്. 3832 പുരുഷന്മാരും 4337 സ്ത്രീകളും 1385 കുട്ടികളും അടക്കം 9554 ആളുകളാണ് വിവിധ ക്യാമ്പുകളിൽ കഴിയുന്നത്.
വൈക്കം താലൂക്കിൽ 22 ദുരിതാശ്വാസ ക്യാമ്പുകളിലായി 4101 കുടുംബങ്ങളിലായി 5795 പുരുഷന്മാരും 6037 സ്ത്രീകളും 1076 കുട്ടികളും അടക്കം 12908 ആളുകളാണ് ഇപ്പോൾ ക്യാമ്പുകളിലുള്ളത്. മീനച്ചിൽ താലൂക്കിൽ ആറു ക്യാമ്പുകളിലായി 208 കുടുംബങ്ങളിലായി 298 പുരുഷന്മാരും, 280 സ്ത്രീകളും 93 കുട്ടികളും അടക്കം 671 ആളുകളാണ് ക്യാമ്പുകളിൽ ഉള്ളത്. ചങ്ങനാശേരി താലൂക്കിലെ 26 ക്യാമ്പുകളിലായി 903 കുടുംബങ്ങളിലെ 1423 പുരുഷന്മാരും 1495 സ്ത്രീകളും 541 കുട്ടികളും അടക്കം 3459 ആളുകളാണ് ഇപ്പോൾ ക്യാമ്പുകളിൽ കഴിയുന്നത്.
ജില്ലയിൽ ഇതുവരെ 127 വീടുകൾ ഭാഗീകമായും പത്തു വീടുകൾ പൂർണമായും തകർന്നിട്ടുണ്ട്. കോട്ടയം താലൂക്കിൽ 58 വീടുകൾ ഭാഗീകമായും ആറു വീട് പൂർണമായും തകർന്നിട്ടുണ്ട്. വൈക്കം താലൂക്കിൽ 12 വീടുകളിൽ ഭാഗീകമായും ഒരു വീട് പൂർണമായും തകർന്നിട്ടുണ്ട്. ചങ്ങനാശേരി താലൂക്കിൽ 36 വീടുകൾ ഭാഗീകമായും ഒരു വീട് പൂർണമായും തകർന്നു. മീനച്ചിൽ താലൂക്കിൽ 15 വീടുകൾ ഭാഗീകമായും രണ്ടു വീടുകൾ പൂർണമായും തകർന്നിട്ടുണ്ട്. കാഞ്ഞിരപ്പള്ളി താലൂക്കിൽ ആറു വീടുകൾ ഭാഗീകമായി തകർന്നിട്ടുണ്ട്.