play-sharp-fill
നാടിനെ കരയ്‌ക്കെത്തിക്കാൻ കൈകോർത്ത് യുവജന കൂട്ടായ്മ: ആരും പറയാതെ ഒരു ലക്ഷം സമാഹരിച്ച സംഘം ആറുമാനൂരിൽ ബോട്ടെത്തിക്കുന്നു; നിരാശയുടെ തുരുത്തിൽ നിന്ന് പ്രതീക്ഷയുടെ കരയിലേയ്ക്ക് അവർ നാടിനെ പറിച്ചു നടുന്നു

നാടിനെ കരയ്‌ക്കെത്തിക്കാൻ കൈകോർത്ത് യുവജന കൂട്ടായ്മ: ആരും പറയാതെ ഒരു ലക്ഷം സമാഹരിച്ച സംഘം ആറുമാനൂരിൽ ബോട്ടെത്തിക്കുന്നു; നിരാശയുടെ തുരുത്തിൽ നിന്ന് പ്രതീക്ഷയുടെ കരയിലേയ്ക്ക് അവർ നാടിനെ പറിച്ചു നടുന്നു

സ്വന്തം ലേഖകൻ

അയർക്കുന്നം: പ്രളയജലം കഴുത്തൊപ്പമെത്തിയപ്പോൾ ആറുമാനൂർ നിവാസികൾക്ക് ഏക ആശ്രയം നാലു പേർക്ക് കയറാവുന്ന ആ ചെറിയ ഫൈബർ വള്ളമായിരുന്നു. മീനച്ചിലാർ അതിന്റെ എല്ലാ രൗദ്രഭാവവും പുറത്തെടുത്ത് ആറുമാനൂരിലെ കോളനികളിലേയ്ക്ക് ഒഴുകിയെത്തിയപ്പോൾ രക്ഷകരായി എത്തിയത് ഒരു പറ്റം യുവാക്കളായിരുന്നു. പക്ഷേ, നാലു പേർക്ക് മാത്രം കയറാൻ സാധിക്കുന്ന ചെറിയ വള്ളത്തിൽ ഒരു നാടിനെ മുഴുവൻ മറുകരയെത്തിച്ചെങ്കിലും, അത് മാത്രം മതിയായിരുന്നില്ല നാടിനെ രക്ഷിക്കാൻ. മീനച്ചിലാർ കരകവിഞ്ഞൊഴുകിയാൽ ആറുമാനൂരിലെ ഇരുപതാം നമ്പർ വാർഡ് ഏതാണ്ട് പൂർണമായും മുങ്ങും. നാല് പ്രദേശവും മൂടപ്പെട്ട് തികച്ചും ഒറ്റപ്പെട്ട അവസ്ഥയിലാവും ഈ പ്രദേശമാകെ. ശക്തമായ ഒഴുക്കും, വെള്ളവും കാരണം സാധാരണ രക്ഷാപ്രവർത്തകർക്ക് ആർക്കും ഇതുവഴി കടന്നു വരാൻ സാധിക്കില്ല.

ഇത്തരത്തിൽ മറ്റാർക്കും രക്ഷിക്കാനെത്താനാവാത്ത നാടിനെ കരകയറ്റാനാണ്
പ്രളയജലം ഇറങ്ങും മുൻപ് ആ ചെറുപ്പക്കാർ തീരുമാനിച്ചു ആ നാടിനെ കരകയറ്റാൻ ഒരു ബോട്ട് വാങ്ങാൻ. വള്ളം വാങ്ങാനുള്ള പദ്ധതി പള്ളം ബ്ലോക്ക് പഞ്ചായത്തംഗം ജോയിസ് കൊറ്റത്തിലിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ പുറത്തു വന്നതോടെ സഹായവും പ്രവഹിച്ചു. വള്ളത്തിന് അഡ്വാൻസ് നൽകി തല ഉയർത്തി നിൽക്കുകയാണ് ഈ നാട്ടിലെ യുവജന കൂട്ടായ്മ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group


ഒരു മാസത്തിനിടെ രണ്ടു തവണയാണ് അയർക്കുന്നം ആറുമാനൂരിലെ ഒരു നാടിനെ വെള്ളത്തിലാക്കി പ്രളയം എത്തിയത്. മീനച്ചിലാർ കരകവിഞ്ഞ് ഒഴുകിയതോടെയാണ് അയർക്കുന്നം ആറുമാനൂരിലെ വരകുകാല, കുന്നത്തൂർ, തേവലതുരുത്ത്, അച്ചായൻ കോളനി പ്രദേശങ്ങൾ പൂർണമായും വെള്ളത്തിലായി. നൂറുകണക്കിന് ആളുകളാണ് ഈ പ്രദേശത്തെ കോളനികളിൽ താമസിച്ചിരുന്നത്. പ്രളയത്തിൽ മുങ്ങിയ ഇവരെ രക്ഷിക്കാൻ പലപ്പോഴും അഗ്‌നിരക്ഷാസേനയ്ക്കും, പൊലീസിനും സാധിച്ചില്ല. കനത്ത ഒഴുക്കിൽ പൊലീസിന്റെയും അഗ്‌നിരക്ഷാ സേനയുടെയും, ബോട്ടുകൾ ഇവിടെ എത്തിക്കാൻ സാധിച്ചിരുന്നില്ല. ഇവിടെ ഉള്ള ആളുകളെ ആറുമാനൂർ ഗവ.യു.പിസ്‌കൂൾ , മംഗളവാർത്താ ചർച്ച് പാരിഷ്ഹാൾ, ആറുമാനൂർ കോൺവെന്റ്, അംഗനവാടികൾ എന്നിവിടങ്ങളിലേ ക്യാമ്പുകളിലേയ്ക്കു മാറ്റാനായിരുന്നു ശ്രമം.

തുടർന്നാണ് ബ്ലോക്ക് പഞ്ചായത്തംഗം ജോയിസ് കൊറ്റത്തിലിന്റെയും മഹാത്മാ യുവജനസമിതിയുടെയും നേതൃത്വത്തിൽ രക്ഷാപ്രവർത്തനത്തിനായി രംഗത്തിറങ്ങിയത്. പ്രദേശവാസിയുടെ ഫൈബർ വള്ളമാണ് ഇവർക്ക് സഹായമായത്. ദുരിതത്തിൽ കുടുങ്ങിയ ആളുകളെ മുഴുവൻ മാറ്റി നിരവധിപ്പേരെ ക്യാമ്പിലെത്തിയ്ക്കാനും, രോഗികളെ ആശുപത്രിയിൽ എത്തിക്കാനും മുന്നിൽ നിന്നത് ഇവരായിരുന്നു.

എന്നാൽ, ഈ വള്ളത്തിന്റെ ശേഷിയും കരുത്തും, തുഴഞ്ഞ് കരയ്‌ക്കെത്തിക്കേണ്ടതും, പലപ്പോഴും രക്ഷാപ്രവർത്തനങ്ങളെ ബാധിച്ചിരുന്നു. ഇതേ തുടർന്നാണ് ജോയിസ് കൊറ്റത്തിലും, മഹാത്മാ യുവജനസമിതിയും ചേർന്ന് ബോട്ട് വാങ്ങുന്നതിനായി പദ്ധതി തയ്യാറാക്കിയത്. തുടർന്നു ജോയിസ് കൊറ്റത്തിൽ തങ്ങൾ ബോട്ട് വാങ്ങാൻ പോകുന്നത് പ്രഖ്യാപിച്ച് ഫെയ്‌സ്ബുക്ക് പോസ്റ്റ് ഇട്ടു. ഇതിനെ വൻ കയ്യടിയോടെയാണ് പ്രദേശവാസികൾ അടക്കമുള്ളവർ സ്വീകരിച്ചത്.

ജോയിസിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിനു ലഭിച്ചത് വൻപ്രതികരണവുമായിരുന്നു.
തുടർന്നു വിവിധ മേഖലകളിൽ നിന്നടക്കം ജോയിസിന്റെ പോസ്റ്റിൽ അന്വേഷണവും എത്തി. ഇതുവഴി ഒരു ലക്ഷത്തോളം രൂപയാണ് ബോട്ട് വാങ്ങുന്നതിനായി വിവിധ മേഖലകളിൽ നിന്നും സമാഹരിച്ചു. ബോട്ടിനും, എൻജിനും അനുബന്ധ പ്രവർത്തനങ്ങൾക്കുമായി ഒന്നര ലക്ഷത്തോളം രൂപയാണ് വിവിധ മേഖലകളിൽ നിന്നും ആവശ്യമുള്ളത്. ഒരു ലക്ഷത്തോളം രൂപ ലഭിച്ചതോടെ ചേർത്തലയിൽ എത്തി ഫൈബർ ബോട്ടിനും, എൻജിനും അഡ്വാൻസ് നൽകി. ഇനി എൻജിന്റെയും, ലൈഫ് ജാക്കറ്റ് അടക്കമുള്ളവയും വാങ്ങുന്നതിനാണ് തുക ആവശ്യമുള്ളത്. ഇതിനു വിവിധ മേഖലകളിൽ നിന്നും സഹായം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.


ബ്ലോക്ക് പഞ്ചായത്തംഗം ജോയിസ് കൊറ്റത്തിലിനൊപ്പം മുഴുവൻ സമയ പ്രവർത്തനങ്ങൾക്ക് മഹാത്മാ യുവജനക്ഷേമ സംഘം പ്രസിഡണ്ട് ജയദാസ് നന്ത്യാട്ടുതുണ്ടത്തിൽ, പ്രശാന്ത് താറാംഗലത്ത്, മനോജ് മംഗലത്ത്,ജിതി ഗോപാലൻ ,വിഷ്ണു വടക്കേകുറ്റ്, ബാബു മംഗലത്ത് ,മഹേഷ് കുമാർ എം.വി, ജിബീഷ് എം.ജി, തോമസുകുട്ടി കെ.ബി, അജിത്ത് ശ്യാമളാലയം,ബെന്നിസൺ ഇല്ലത്തുപറമ്പിൽ, അരുൺ തൊട്ടിയിൽ,സുനിൽ വല്യാത്തേൽ,സഞ്ചേഷ് മോൻ, രാഗേഷ്, പ്രദീഷ് വട്ടത്തിൽ,വരുൺ പൊന്നൻ ,ധീരജ് ബാലകൃഷ്ണൻ,ഹരീഷ്, റെജി, രാജു, സജീവ്,സിജിൻ അരങ്ങത്ത്, വിനോദ്, ശ്രീകാന്ത്‌ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ബോട്ടും, എൻജിനും ബുക്ക് ചെയ്തിരിക്കുന്നത്. രണ്ടു മാസത്തിനുള്ളിൽ ബോട്ട് ആറുമാനൂരിൽ എത്തിക്കും. മഹാത്മായുവജനക്ഷേമ സമിതിയുടെ ഭാരവാഹികളെയും ജോയിസിനെയും സഹായത്തിനായി ബന്ധപ്പെടാം – 9048686868.