ഇന്ത്യന്‍ സൂപ്പര്‍ ലീഗ് സീസൺ : മുഹമ്മദന്‍സിനെ വീഴ്ത്തി കേരളാ ബ്ലാസ്റ്റേഴ്‌സ്, ജയം ഒന്നിനെതിരെ രണ്ട് ഗോളിന്
സ്വന്തം ലേഖകൻ
കൊല്‍ക്കത്ത: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് സീസണില്‍ കേരള ബ്ലാസ്റ്റേഴ്‌സിന് ജയം. കൊല്‍ക്കത്ത ക്ലബ്ബ് മുഹമ്മദന്‍സ് സ്‌പോര്‍ട്ടിംഗ് ക്ലബ്ബിനെ എവേ മത്സരത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് കേരള ബ്ലാസ്‌റ്റേഴ്‌സ് പരാജയപ്പെടുത്തിയത്. ആദ്യപകുതിയില്‍ ഒരു ഗോളിന് പിന്നില്‍ നിന്ന ശേഷമാണ് ബ്ലാസ്റ്റേഴ്‌സ് മത്സരത്തിലേക്ക് തിരിച്ചുവന്നതും ജയിച്ച് കയറിയതും. സീസണിലെ രണ്ടാം ജയമാണ് മഞ്ഞപ്പട സ്വന്തമാക്കിയത്. ക്വാമി പെപ്ര, ജീസസ് ജിമിനെസ് എന്നിവരാണ് ബ്ലാസ്റ്റേഴ്‌സിനായി വലകുലുക്കിയത്.
28ാം മിനിറ്റില്‍ ഗോള്‍ കീപ്പര്‍ സോം കുമാര്‍ മുഹമ്മദന്‍സ് താരത്തെ ഫൗള്‍ ചെയ്തതിന് റഫറി പെനാല്‍റ്റി വിധിച്ചു. മിര്‍ജാലോള്‍ കസിമോവ് എടുത്ത കിക്ക് ബ്ലാസ്‌റ്റേഴ്‌സ് ഗോള്‍കീപ്പറെ മറികടന്ന് വലയിലേക്ക് പതിച്ചു. ഗോള്‍ മടക്കാന്‍ ബ്ലാസ്‌റ്റേഴ്‌സ് ശ്രമിച്ചെങ്കിലും ലക്ഷ്യം കാണാനാകാതെ ആദ്യ പകുതിക്ക് പിരിഞ്ഞു. രണ്ടാം പകുതിയില്‍ ആക്രമണത്തിന്റെ മൂര്‍ച്ച കൂട്ടിയ ബ്ലാസ്റ്റേഴ്‌സ് 67ാം മിനിറ്റില്‍ ലക്ഷ്യം കണ്ടു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ബോക്‌സിനുള്ളില്‍ ലഭിച്ച ക്രോസ് വലയിലെത്തിച്ച് ക്വാമി പെപ്രയാണ് ടീമിനെ ഒപ്പമെത്തിച്ചത്.എട്ട് മിനിറ്റുകള്‍ക്ക് ശേഷം ജീസസ് ജിമിനസിന്റെ തകര്‍പ്പനൊരു ഫിനിഷിംഗിലൂടെ ബ്ലാസ്റ്റേഴ്‌സ് മത്സരത്തിന്റെ പട്ടിക പൂര്‍ത്തിയാക്കി. ഇഞ്ചുറി ടൈമില്‍ ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ നെഞ്ചിടിപ്പ് കൂട്ടി മുഹമ്മദന്‍സ് താരത്തിന്റെ മുന്നേറ്റം. ലക്ഷ്യത്തിനിടയില്‍ ഗോള്‍ കീപ്പര്‍ മാത്രം നില്‍ക്കെ ലാല്‍റെംസെംഗ ഫനായ് ഷോട്ട് തൊടുത്തുവെങ്കിലും സോം കുമാര്‍ അത് തടുത്തിടുകയും പന്ത് കൈക്കുള്ളില്‍ സുരക്ഷിതമാക്കുകയും ചെയ്തു.
അഞ്ച് മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ കേരള ബ്ലാസ്റ്റേഴ്‌സ് നിലവില്‍ പോയിന്റ് പട്ടികയില്‍ അഞ്ചാം സ്ഥാനത്താണ്. രണ്ട് ജയവും രണ്ട് സമനിലയും ഒരു തോല്‍വിയും സഹിതം എട്ട് പോയിന്റാണ് ബ്ലാസ്‌റ്റേഴിസിനുള്ളത്. ബംഗളൂരു എഫ്‌സി, മോഹന്‍ ബഗാന്‍, ജംഷദ്പൂര്‍, പഞ്ചാബ് എഫ്‌സി എന്നിവരാണ് ബ്ലാസ്റ്റേഴ്‌സിന് മുന്നിലുള്ളത്.