കേരളത്തിലും പശുവേട്ടക്കാർ; എറണാകുളത്ത് കന്നുകാലികളെ പിടിച്ചെടുത്തു; എറണാകുളത്ത് നിന്നും പിടിച്ചെടുത്തത് ഒൻപത് കാലികളെ
സ്വന്തം ലേഖകൻ
കോട്ടയം: ഉത്തരേന്ത്യൻ മോഡൽ പശുവേട്ടക്കാർ കേരളത്തിലും രംഗത്തിറങ്ങിയതായി റിപ്പോർട്ട്. എറണാകുളത്ത് ലോറിയിൽ തമിഴനാട്ടിൽ നിന്നും ലോറിയിൽ കൊണ്ടു വന്ന മാടുകളെ മതിയായ കാരണം പറയാതെ പിടിച്ചെടുത്തു. സൊസൈറ്റി ടു പ്രിവൻഷ്യൽ ഓഫ് ക്രൂവൽറ്റി ടു ആനിമൽസിന്റെ (എസ്.പി.സി.എ) നേതൃത്വത്തിൽ കഴിഞ്ഞ ദിവസം ആലുവയിൽ നിന്ന് ഒമ്പത് പശുക്കളെ പിടിച്ചെടുത്തിരുന്നു.
മീറ്റ് ഇൻഡസ്ട്രീസ് വെൽഫെയർ അസോസിയേഷൻ പ്രസിഡന്റ് എ.എ.സലിമാണ് എറണാകുളം ജില്ലാ കളക്ടർ, ഡി.ജി.പി, എറണാകുളം പൊലീസ് മേധാവി, വിജിലൻസ് ഡയറക്ടർ, മൃഗസംരക്ഷണ വകുപ്പ് എന്നിവർക്ക് ഇതിനെതിരെ പരാതി നൽകിയത്. തമിഴ്നാട്ടിലെ പൊള്ളാച്ചിയിൽ നിന്ന് ലോറിയിൽ കൊണ്ടുവന്ന കാലികളെയാണ് ആലുവയിൽ പരിശോധനയ്ക്ക് എത്തിയ ഉദ്യോഗസ്ഥർ പിടിച്ചുകൊണ്ടുപോയതെന്നും അവയെ എങ്ങോട്ട് കൊണ്ടുപോയെന്ന് അറിയില്ലെന്നും പരാതിയിൽ പറയുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ചെക്ക്പോസ്റ്റിൽ നിന്ന് 16 കാലികളെ കൊണ്ടുവന്നതിന്റെ രേഖ ലോറി ഡ്രൈവറുടെ കൈവശം ഉണ്ടായിരുന്നു. കറവ മാടുകളായതിനാൽ കിടാങ്ങളെയും ഉൾപ്പെടുത്തിയിരുന്നു. ലോറിയിൽ മുളകുപൊടി വിതറിയെന്ന് ആരോപിച്ചാണ് കാലികളെ എസ്.പി.സി.എ ഒരു രേഖയുമില്ലാതെ പിടിച്ചുകൊണ്ട് കൊണ്ടുപോയത്. എന്നാൽ വിവരം അറിഞ്ഞ് മാദ്ധ്യമപ്രവർത്തകർ എത്തിയപ്പോൾ മുളകുപൊടിയുടെ അംശം പോലും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ലെന്നും സലിം പറയുന്നു.
തമിഴ്നാട്ടിലും കർണാടകയിലും ഇത്തരം സംഭവങ്ങൾ നേരത്തെ നടന്നിരുന്നു. ഇതിനെതിരെ അസോസിയേഷൻ പ്രധാനമന്ത്രിക്ക് രണ്ടു വർഷം മുമ്പ് പരാതി നൽകിയതിനെത്തുടർന്ന് വാഹനങ്ങൾ തടഞ്ഞുനിർത്തി കാലികളെ പിടിച്ചെടുക്കരുതെന്ന് കർണാടക, തമിഴ്നാട് സർക്കാരുകൾക്ക് പ്രധാനമന്ത്രിയുടെ ഓഫീസ് നിർദ്ദേശം നല്കിയിരുന്നു. ഈ ഉത്തരവ് നിലനിൽക്കെയാണ് കേരളത്തിൽ വാഹനങ്ങൾ തടഞ്ഞ് ജപ്തി ചെയ്യുന്ന നടപടിക്ക് തുടക്കം കുറിച്ചിരിക്കുന്നതെന്ന് അസോസിയേഷൻ ആരോപിച്ചു.