
ബിരുദധാരികൾക്ക് കേരള ഗ്രാമീൺ ബാങ്കിൽ നേരിട്ട് ഓഫീസർ സ്കെയിൽ l/അസിസ്റ്റന്റ് മാനേജരാകാൻ അവസരം. 250 ഒഴിവുകൾ. മുൻപരിചയം ആവശ്യമില്ല. ജനറൽ 102, പിന്നോക്കം 67, സാമ്പത്തിക പിന്നോക്കം 25, പട്ടികജാതി 37, പട്ടിക വർഗ്ഗം 19 എന്ന വിധത്തിൽ ആകെ ഒഴിവുകളിൽ സംവരണ രീതിയുണ്ട്. അപേക്ഷകൾ സെപ്റ്റംബർ 21നകം ഓൺലൈനിൽ നൽകണം.
അംഗീകൃത സർവകലാശാല ബിരുദമുള്ളവർക്ക് അപേക്ഷിക്കാം. അഗ്രികൾച്ചർ/ ഹോർട്ടികൾച്ചർ/ഫോറസ്ട്രി / വെറ്റിറിനറി സയൻസ്/ അഗ്രികൾച്ചറൽ എൻജിനീയറിങ്/ അഗ്രികൾച്ചറൽ മാർക്കറ്റിങ് ആൻഡ് കോ ഓപ്പറേഷൻ /ഇൻഫർമേഷൻ ടെക്നോളജി/ മാനേജ്മെന്റ് / നിയമം /ഇക്കണോമിക്സ്/ അക്കൗണ്ടൻസി എന്നിവയിലേതിലെങ്കിലും വിഷയത്തിൽ ബിരുദമുള്ളവർക്ക് മുൻഗണന.പ്രാദേശിക ഭാഷയായ മലയാളത്തിൽ പരിചയവും വേണം.
കംപ്യൂട്ടറിലുള്ള പരിജ്ഞാനം അഭികാമ്യം. പ്രായം 01-9-2025 തീയതി കണക്കാക്കി 18 നും 30 വയസ്സിനുമിടയിൽ. പിന്നോക്കം/പട്ടിക/ ഭിന്നശേഷി വിഭാഗക്കാർക്ക് ഉയർന്ന പ്രായപരിധിയിൽ യഥാക്രമം മൂന്ന്/അഞ്ച്/ പത്ത് വയസ്സിളവുണ്ട്. വിധവകൾ/ നിയമപരമായി വിവാഹ ബന്ധം വേർപെടുത്തി പുനർ വിവാഹം ചെയ്യാത്ത വനിതകൾ എന്നിവരിൽ ജനറൽ/പിന്നോക്കം/പട്ടിക വിഭാഗത്തിന് യഥാക്രമം മുപ്പത്തിയഞ്ച്/ മുപ്പത്തിയെട്ട്/ നാൽപത് വയസ്സുവരെയും അപേക്ഷിക്കാവുന്നതാണ്. വിമുക്തഭടന്മാർക്ക് നിയമനുസരിച്ചുള്ള ആനുകൂല്യം ഉണ്ട്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഓൺലൈനായുള്ള പ്രിലിമിനറി, മെയിൻ പരീക്ഷകൾ, ഇന്റർവ്യൂ എന്നീ മൂന്നു ഘട്ടങ്ങളിലൂടെയാണ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിങ് പേഴ്സണൽ സിലക്ഷൻ (IBPS) കേരള ഗ്രാമീൺ ബാങ്കിലേക്ക് ഓഫീസർ/അസിസ്റ്റന്റ് മാനേജർമാരെ തിരഞ്ഞെടുക്കുന്നത്.
പ്രിലിമിനറി പരീക്ഷക്ക് രണ്ടു വിഷയങ്ങൾ. റീസണിങ്ങ് (40 ചോദ്യങ്ങൾ, 40 മാർക്ക്, 25 മിനിറ്റ്) ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിറ്റ്യൂഡ് (40 ചോദ്യങ്ങൾ, 40മാർക്ക്, 20 മിനിറ്റ്) ഈ വിധത്തിലാണ് ചോദ്യപേപ്പർ ഘടന. ഇതിൽ അർഹത നേടുന്നവരെ മെയിൻ പരീക്ഷക്ക് വിളിക്കും. പ്രിലിമിനറി പരീക്ഷ കണ്ണൂർ, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂർ, എറണാകുളം, കോട്ടയം, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം എന്നിവടങ്ങളിൽ എഴുതാം.
രണ്ടു മണിക്കൂർ പരീക്ഷക്ക് 200 ചോദ്യങ്ങളും 200 മാർക്കും. റീസണിങ് (40ചോദ്യങ്ങൾ-50 മാർക്ക് – 30 മിനിറ്റ്), കംപ്യൂട്ടർ നോളഡ്ജ്(നാൽപത് ചോദ്യങ്ങൾ- 20- മാർക്ക് -15 മിനിറ്റ്), ജനറൽ അവേർനസ്സ് (40 ചോദ്യങ്ങൾ -40 മാർക്ക് -15 മിനിറ്റ്), ഇംഗ്ലീഷ് അല്ലെങ്കിൽ ഹിന്ദി (40 ചോദ്യങ്ങൾ – 40 മാർക്ക്-30 മിനിറ്റ്), ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിറ്റ്യൂഡ് (40 ചോദ്യങ്ങൾ – 50 മാർക്ക് – 30 മിനിറ്റ്) എന്ന വിധത്തിലായിരിക്കും ചോദ്യപേപ്പർ രീതി. രണ്ടു പരീക്ഷകൾക്കും തെറ്റുത്തരത്തിന് ചോദ്യത്തിനു നേരെയുള്ള മാർക്കിന്റെ 0.25 നെഗറ്റീവ് ആകും. ഉത്തരം എഴുതാതിരുന്നാൽ മാർക്ക് നെഗറ്റീവ് ആകില്ല. മെയിൻ പരീക്ഷയിൽ മികവു കാട്ടുന്നവരെ ഷോർട്ട് ലിസ്റ്റ് ചെയ്ത് ഇന്റർവ്യൂവിന് ക്ഷണിക്കും. മെയിൻ പരീക്ഷക്ക് കോഴിക്കോട്, മലപ്പുറം, തൃശൂർ, എറണാകുളം, തിരുവനന്തപുരം എന്നീ സ്ഥലങ്ങളിൽ സെന്ററുകൾ ഉണ്ട്.
ഇന്റർവ്യൂ
തിരഞ്ഞെടുക്കപ്പെട്ട കേന്ദ്രങ്ങളിൽ വച്ചായിരിക്കും ഇന്റർവ്യൂ. ഇതിന് 100 മാർക്ക്. മെയിൻ പരീക്ഷയിലെ മാർക്കിന്റെയും ഇന്റർവ്യൂവിന്റെയും മാർക്ക് യഥാക്രമം 80:20 റേഷ്യോവിൽ വെയ്റ്റേജ് നൽകി അന്തിമ ലിസ്റ്റ് തയാറാക്കും. ഇന്റർവ്യൂ വേളയിൽ യോഗ്യത സർട്ടിഫിക്കറ്റുകളും പ്രവർത്തിപരിചയം തുടങ്ങിയ രേഖകളും സമർപ്പിക്കണം.
കേരള ഗ്രാമീൺ ബാങ്കിന്റെ ആസ്ഥാനം മലപ്പുറത്താണ്.
പ്രിലിമിനറി പരീക്ഷ നവംബർ/ ഡിസംബർ മാസത്തിലും മെയിൻ പരീക്ഷ ഡിസംബറിനും 2026 ഫെബ്രുവരിക്കുമിടയിലും ഇന്റർവ്യൂ അതിനു തൊട്ടു പിന്നാലെയും പ്രതീക്ഷിക്കാം. ഉദ്യോഗാർത്ഥികൾ പ്രിലിമിനറി പരീക്ഷയിൽ ഉയർന്ന മാർക്ക് നേടാൻ ശ്രമിക്കണം. മെയിൻ പരീക്ഷക്കുള്ള അവസരം ഇതനുസരിച്ചാണ്. മെയിൻ പരീക്ഷയിലെ പ്രകടനമാണ് ഇന്റർവ്യൂവിനുള്ള അർഹത നൽകുന്നത്. മാത്രമല്ല അന്തിമ സെലക്ഷൻ ലിസ്റ്റ് തയ്യാറാകുമ്പോൾ ഇന്റർവ്യൂ മാർക്കിനോടൊപ്പം മെയിൻ പരീക്ഷയിലെ മാർക്കും പ്രധാനപ്പെട്ടതാണ്. പരീക്ഷ ഫീസ് 850 രൂപ. പട്ടിക/ ഭിന്നശേഷി/ വിമുക്തഭടന്മാർ-ആശ്രിതർ എന്നിവർക്ക് 175 രൂപ. വിവരങ്ങൾക്ക്: www.ibps.in