
ബോർഡ് ഓഫ് മാനേജ്‌മെന്റ് രൂപീകരിക്കണമെന്നു ആർബിഐയുടെ നിർദേശം; കേരള ബാങ്ക് ഭരണം സർക്കാരിനു കീറാമുട്ടിയാകുന്നു
സ്വന്തം ലേഖകൻ
കണ്ണൂർ: കേരള ബാങ്ക് ഭരണം സർക്കാരിനു കീറാമുട്ടിയാകുന്നു. ബോർഡ് ഓഫ് മാനേജ്‌മെന്റ് രൂപീകരിക്കണമെന്നു റിസർവ് ബാങ്ക് ഓഫ് ഇന്ത്യാ(ആർബിഐ)യുടെ നിർദേശം. ഏതു സർക്കാർ വന്നാലും ബാങ്ക് സിപിഎമ്മിന്റെ കൈവശം തന്നെ നിൽക്കുന്ന വിധത്തിൽ ഭരണ സമിതി രൂപീകരിക്കാനായിരുന്നു തീരുമാനം. എന്നാൽ ഭരണ സമിതിക്കു പുറമേ ബാങ്കിങ് വിദഗ്ധർ അടങ്ങിയ ബോർഡ് ഓഫ് മാനേജ്‌മെന്റ് രൂപീകരിക്കണമെന്നു റിസർവ് ബാങ്ക് ഓഫ് ഇന്ത്യാ നിർദേശം നൽകിയതോടെയാണു സർക്കാർ വെട്ടിലായത്.
14 ജില്ലാ ബാങ്കുകൾ സംസ്ഥാന സഹകരണ ബാങ്കിൽ ലയിപ്പിച്ചു രൂപീകരിക്കുന്ന കേരള ബാങ്കിൽ 70000 കോടി രൂപയുടെ നിക്ഷേപമുണ്ടാകും. നിലവിൽ കെഎസ്ആർടിസി പെൻഷൻ, ക്ഷേമപെൻഷൻ എന്നിവയ്ക്ക് സഹകരണ ബാങ്കുകളെ ഉപയോഗിക്കുന്നുണ്ട്. ഇതേ മാതൃകയിൽ കിഫ്ബിയിലേക്കു ഫണ്ട് കൈമാറാൻ കേരള ബാങ്കിനെ ഉപയോഗിക്കാമെന്നു സർക്കാരിനു പ്രതീക്ഷയുണ്ടായിരുന്നു. സഹകരണ ബാങ്കുകളിലെ നിയമനങ്ങൾ, നിക്ഷേപങ്ങൾ എന്നിവ സംബന്ധിച്ച പരാതികളിൽ ആർബിഐ ഇടപെടാറില്ല. എന്നാൽ ബോർഡ് ഓഫ് മാനേജ്‌മെന്റ് രൂപീകരിക്കപ്പെടുന്നതോടെ ഇത്തരം ശ്രമങ്ങൾക്കു തടസ്സമുണ്ടാകും.
Whatsapp Group 1 | Whatsapp Group 2 |Telegram Group

സഹകരണ ബാങ്കിന്റെ നിയമാവലി ഭേദഗതി ചെയ്യാനായി 20നു തിരുവനന്തപുരത്തു യോഗം ചേരും. ആകെ 21 അംഗ ഭരണസമിതിയിൽ പ്രാഥമിക വായ്പ സംഘങ്ങൾ, അർബൻ ബാങ്കുകൾ, സർക്കാർ പ്രതിനിധികൾ എന്നിവർ ഉണ്ടാകും. വായ്‌പേതര സംഘങ്ങളുടെ ഒരു പ്രതിനിധിയെ ഉൾപ്പെടുത്തുന്നുണ്ടെങ്കിലും വോട്ടവകാശം ഉണ്ടാകില്ല.പുതുതായി ആരംഭിക്കുന്ന ബാങ്കിന്റെ യഥാർഥ പേര് കേരള സംസ്ഥാന സഹകരണ ബാങ്ക് എന്നാണ്. കേരള ബാങ്ക് എന്നത് ബാങ്കിന്റെ ബ്രാൻഡ് നെയിം മാത്രമാണെന്നും ഭേദഗതിയിൽ പറയുന്നു.
ഓരോ സഹകരണ ബാങ്കുകളും ഭരിക്കുന്നത് അംഗങ്ങൾ തിരഞ്ഞെടുത്ത ഭരണസമിതിയാണ്. ബാങ്കിങ് വിദഗ്ധരല്ലാത്ത രാഷ്ട്രീയക്കാരാണ് സാധാരണയായി ഭരണസമിതി അംഗങ്ങൾ ആകുന്നത്. ഇവരാണ് ബാങ്കുകളിൽ വായ്പ സംബന്ധിച്ചും റവന്യൂ റിക്കവറി സംബന്ധിച്ചും ദൈനംദിന ബിസിനസ് സംബന്ധിച്ചും തീരുമാനമെടുക്കുന്നത്.
എന്നാൽ കേരള ബാങ്കിൽ ഇതിനു മുകളിൽ ബോർഡ് ഓഫ് മാനേജ്‌മെന്റ് വരും. ഇതിൽ ബാങ്കിങ്, അക്കൗണ്ടിങ്, എക്കണോമിക്‌സ്, സഹകരണ വിദഗ്ധർ ഉണ്ടാകും. ബാങ്കിന്റെ ദൈനംദിന പ്രവർത്തനങ്ങൾ സംബന്ധിച്ച് ഇവർ ഭരണസമിതിക്ക് നിർദേശങ്ങൾ നൽകും. ഇതിനുസരിച്ചായിരിക്കണം ഭരണസമിതിയുടെ തീരുമാനങ്ങൾ.