play-sharp-fill
അതിർത്തിയടച്ചാലും പച്ചക്കറികൾക്കിനി പഞ്ഞമില്ല; ജീവനി പദ്ധതിയിലൂടെ എല്ലായിടത്തും കൃഷിയുമായി കൃഷി വകുപ്പ്

അതിർത്തിയടച്ചാലും പച്ചക്കറികൾക്കിനി പഞ്ഞമില്ല; ജീവനി പദ്ധതിയിലൂടെ എല്ലായിടത്തും കൃഷിയുമായി കൃഷി വകുപ്പ്

സ്വന്തം ലേഖകൻ

കോട്ടയം: കേരളത്തിലേക്കുള്ള വഴികൾ അയൽ സംസ്ഥാനങ്ങൾ അടക്കുമ്പോൾ ഉണ്ടാകുന്ന കാർഷിക വിളകളുടെ ലഭ്യതക്കുറവും, അമിത വിലക്കയറ്റവും പരിഹരിക്കുന്നതിനായി നമ്മുടെ വീട്ടിലെ മണ്ണിൽ വിത്തിട്ട് കൃഷി ചെയ്ത് നാം സ്വയംപര്യാപ്തർ ആകണമെന്ന് കൃഷി മന്ത്രി വി.എസ് സുനിൽകുമാർ.

നമ്മുടെ കൃഷി നമ്മുടെ ആരോഗ്യം മാത്രമല്ല നമ്മുടെ അഭിമാനവുമാണ് അതിനാൽ വിഷരഹിതമായ പച്ചക്കറികൾക്കായി കൃഷി വകുപ്പിൻ്റെ ജീവനി പദ്ധതിയിലൂടെ എല്ലാവരും കൃഷി ചെയ്യുക. അവരവർക്ക് പറ്റുന്ന രീതിയിൽ സാധ്യമായ സ്ഥലങ്ങളിൽ ക്യഷി ചെയ്തു കൊണ്ട് ക്യഷി വകുപ്പിൻ്റെ ജിവനി പദ്ധതിയിൽ പങ്കാളികളാകണമെന്നും മന്ത്രി വി.എസ് സുനിൽകുമാർ അഭ്യർത്ഥിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജിവനി പദ്ധതിയിലൂടെ 50 ലക്ഷം കുടുംബങ്ങൾക്ക് വിത്ത് പാക്കറ്റുകളും തൈകളും കൃഷി വകുപ്പ് വിതരണം ചെയ്യും. ആറിനം പച്ചക്കറി വിത്തുകളടങ്ങിയ ഒരു പാക്കറ്റ് വീതമാണ് ഒരു വീട്ടിലേക്ക് നൽകുക.

ചീര ,വെണ്ട, മുളക്, തക്കാളി, പയറ്, വഴുതന എന്നിവയുടെ വിത്തുകളാണ് പാക്കറ്റിലുള്ളത്. സർക്കാർ ഫാമിൽ നിന്നും വി.എഫ് പി.സി.കെ യിൽ നിന്നുമാണ് ഇവ ശേഖരിച്ചത്. ഇരുപത് രൂപ വില വരുന്ന വിത്തുകൾ സൗജന്യമായാണ് വിതരണം ചെയ്യുന്നത്. ലോക്ക് ഡൗൺ സാഹചര്യത്തിൽ ആരോഗ്യ വകുപ്പിന്റെ നിർദ്ദേശങ്ങൾ കര്‍ശനമായി പാലിച്ചാണ് പ്രവര്‍ത്തനങ്ങള്‍.

കർഷകർക്കും പൊതുജനങ്ങൾക്കും കൃഷി സംബന്ധമായ സംശയനിവാരണത്തിനും മറ്റുമായി അതാത് കൃഷി ഓഫീസർമാരുടെ ഫോൺ നമ്പറിൽ നേരിട്ട് ബന്ധപ്പെടാവുന്നതാണ്. കോട്ടയം പ്രിൻസിപ്പൽ കൃഷി ഓഫീസുമായി ഔദ്യോഗിക സമയത്ത് 04812562263 എന്ന നമ്പരിൽ ബന്ധപ്പെടാം.

സംശയനിവാരണത്തിനായി തിരുവനന്തപുരത്ത് പ്രവർത്തിക്കുന്ന കിസാൻ കോൾ സെൻ്ററിലെ 1800-425-1661 എന്ന നമ്പറിലോ 9400022020 എന്ന മൊബൈൽ നമ്പറിലോ ജനങ്ങൾക്ക് ബന്ധപ്പെടാവുന്നതാണ്.

വീട്ടുവളപ്പിലെ സംയോജിത കൃഷി മാതൃകകളുടെ ഗവേഷണത്തിനായി കാർഷിക സർവകലാശാലയുടെ കീഴിൽ കരമനയിൽ പ്രവർത്തിക്കുന്ന ഫാമിംഗ് സിസ്റ്റം റിസർച്ച് സെൻ്ററുമായും കർഷകർക്ക് നേരിട്ട് സംശയദുരീകരണം നടത്താവുന്നതാണ് .9847022929, 9446104347 എന്നീ നമ്പറുകളിൽ ഫാമിംഗ് സിസ്റ്റം സെൻ്ററുമായി ബന്ധപ്പെടാവുന്നതാണ്.

വിത്ത് വിതരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ജില്ലാ കളക്ടർ പി.കെ. സുധീർ ബാബു കളക്ട്രേറ്റിൽ നിർവ്വഹിച്ചു. അസിസ്റ്റന്റ് കളക്ടർ ശിഖാ സുരേന്ദ്രൻ, പ്രിൻസിപ്പൽ കൃഷി ഓഫിസർ സലോമി തോമസ്, അസിസ്റ്റന്റ് പി.എ.ഒ ജോ ജോസ്, ഡെപ്യൂട്ടി ഡയറക്ടർ ബീന ജോർജ്ജ് തുടങ്ങിയവർ പങ്കെടുത്തു.