‘കേരളം കുതിപ്പിന്റെ പാതയില്‍’: സംസ്ഥാന സർക്കാരിന്‍റെ നേട്ടങ്ങള്‍ എണ്ണി പറഞ്ഞ് ഗവർണർ; നയപ്രഖ്യാപന പ്രസംഗത്തോടെ നിയമസഭാ സമ്മേളനത്തിന് തുടക്കമായി 

Spread the love

തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിന്‍റെ കാലത്തെ അവസാനത്തെ നിയമസഭാ സമ്മേളനത്തിന് തുടക്കമായി. ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെയാണ് നിയമസഭാ സമ്മേളനം ആരംഭിച്ചത്.

video
play-sharp-fill

സംസ്ഥാന സർക്കാരിന്‍റെ നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞുകൊണ്ടായിരുന്നു ഗവർണറുടെ പ്രസംഗം. കേരളം വികസന പാതയില്‍ അതിവേഗം കുതിക്കുകയാണെന്നും ഇത് സംസ്ഥാനത്തിന് നിർണ്ണായക വർഷമാണെന്നും പ്രഖ്യാപിച്ചു. കഴിഞ്ഞ പത്ത് വർഷത്തിനിടെ കേരളം കൈവരിച്ച സാമൂഹിക മുന്നേറ്റം സമാനതകളില്ലാത്തതാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

അതിദാരിദ്ര്യ നിർമ്മാർജ്ജനത്തില്‍ കേരളം കൈവരിച്ച നേട്ടം ലോകത്തിന് തന്നെ മാതൃകയാണെന്ന് ഗവർണർ പറഞ്ഞു. ശിശു മരണനിരക്ക് വികസിത രാജ്യങ്ങളേക്കാള്‍ കുറയ്ക്കാൻ കഴിഞ്ഞതും, ഡിജിറ്റല്‍ സാക്ഷരതയും ഡിജിറ്റല്‍ സേവനങ്ങളും ഉറപ്പാക്കിയതും വലിയ നേട്ടങ്ങളായി അദ്ദേഹം അവതരിപ്പിച്ചു. ഡിജിറ്റല്‍ വേർതിരിവ് ഏറ്റവും കുറഞ്ഞ സംസ്ഥാനമായി കേരളം മാറിയെന്നും ഏക കിടപ്പാട നിയമം വിജയകരമായി നടപ്പിലാക്കാൻ സാധിച്ചുവെന്നും നയപ്രഖ്യാപനത്തില്‍ വ്യക്തമാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കേന്ദ്ര സര്‍ക്കാരിനെതിരായ വിമര്‍ശനങ്ങളും ഗവര്‍ണര്‍ നയപ്രഖ്യാപനത്തില്‍ വായിച്ചു. വായ്പാ പരിധി കേന്ദ്രം വെട്ടിക്കുറച്ചുവെന്നും തൊഴിലുറപ്പ് പദ്ധതി പഴയ നിലയില്‍ നടപ്പാക്കുന്നത് തുടരണമെന്നും പ്രസംഗത്തില്‍ പറയുന്നു. കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാന അധികാരങ്ങള്‍ക്കുമേല്‍ കൈ കടത്തുന്നുവെന്ന വിമര്‍ശവും നയപ്രഖ്യാപന പ്രസംഗത്തിലുണ്ട്.

വിവിധ പദ്ധതികളില്‍ കേന്ദ്രത്തില്‍നിന്നു ലഭിക്കാനുള്ള കുടിശിക 5650 കോടി രൂപയാണ്. ജിഎസ്ടി വിഹിതത്തില്‍ കുറവുണ്ട്. വായ്പാ പരിധി കേന്ദ്രം വെട്ടിക്കുറച്ചു. ദേശീയപാത പദ്ധതിയില്‍ ചെലവഴിച്ചിരിക്കുന്ന തുക കടമെടുപ്പ് പരിധിയില്‍ പെടുത്തുന്നത് പ്രതിസന്ധിയാണെന്നും ഗവര്‍ണര്‍ പറഞ്ഞു.

ആദ്യദിവസമായ ഇന്ന് നയപ്രഖ്യാപനപ്രസംഗം മാത്രമേ ഉണ്ടാകൂ. അന്തരിച്ച സഭാംഗം കാനത്തില്‍ ജമീലയ്ക്ക് അന്ത്യോപചാരമര്‍പ്പിച്ച്‌ ബുധനാഴ്ച പിരിയും.22, 27, 28 തീയതികളില്‍ നയപ്രഖ്യാപന പ്രസംഗത്തിനുള്ള നന്ദിപ്രമേയ ചര്‍ച്ചയാണ്. 29ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ സംസ്ഥാന ബജറ്റ് അവതരിപ്പിക്കും. മാര്‍ച്ച്‌ 26ന് സഭ പിരിയും. അതിനിടയില്‍ തെരഞ്ഞെടുപ്പു പ്രഖ്യാപനമുണ്ടായാല്‍ സമ്മേളനം വെട്ടിച്ചുരുക്കും.