
തിരുവനന്തപുരം : . ഇന്ത്യയും ന്യൂസിലാൻഡും തമ്മിലുള്ള അഞ്ചാം ട്വന്റി-20 ക്രിക്കറ്റ് മത്സരത്തിന്റെ ആവേശത്തിലാഴ്ന്നുകഴിഞ്ഞു തലസ്ഥാന നഗരം.
കഴിഞ്ഞദിവസം നഗരത്തിലെത്തിയ ടീമുകൾ ഇന്നലെ സ്റ്റേഡിയത്തിൽ പരിശീലനം നടത്തി. ഇന്ത്യൻ താരങ്ങൾ ശ്രീ പത്മനാഭസ്വാമി ദർശനം നടത്തി. ഇന്ന് വൈകിട്ട് ഏഴിനാണ് മത്സരം തുടങ്ങുന്നത്. സ്വന്തം തട്ടകത്തിലിറങ്ങുന്ന സഞ്ജുവിലാണ് കണ്ണുകളെല്ലാം.
അടുത്തമാസം തുടങ്ങുന്ന ലോകകപ്പിന് മുമ്പ് ഫോം വീണ്ടെടുക്കാൻ അവസാന അവസരമാണ് സഞ്ജുവിനിത്. പരമ്പര നാലുകളികളിലും കളിച്ച സഞ്ജു കഴിഞ്ഞ കളിയിൽ 15 പന്തുകളിൽ നേടിയ 24 റൺസാണ് ടോപ്സ്കോർ. സഞ്ജുവിന്റെ ബാറ്റിൽ നിന്ന് സിക്സും ഫോറുകളും പറക്കട്ടേയെന്ന മലയാളി പ്രാർത്ഥനകൾ ഫലിച്ചാൽ കാര്യവട്ടം ആവേശക്കടലാകും.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇന്നലെ വൈകുന്നേരം നാലരയോടെയാണ് ഇന്ത്യൻ ടീം പരിശീലനത്തിനായി ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലെത്തിയത്.
സഞ്ജുസാംസൺ, ഇഷാൻ കിഷൻ, ജസ്പ്രീത് ബുംറ, അക്ഷർ പട്ടേൽ,ശ്രേയസ് അയ്യർ, അർഷ്ദീപ് സിംഗ് തുടങ്ങിയവരാണ് പ്രധാനമായും പ്രാക്ടീസ് സെഷനിൽ പങ്കെടുത്തത്. കഴിഞ്ഞ മത്സരത്തിൽ സ്പിന്നർ മിച്ചൽ സാന്റ്നറുടെ പന്തിൽ ബൗൾഡായ സഞ്ജു ഇന്നലെ അക്ഷർ പട്ടേലിനെയും ആംത്രോയറെയും 20 മിനിട്ടിലേറെ നേരം നേരിട്ടു.
ഇഷാൻ അക്ഷറിനെയും പേസറായ അർഷ്ദീപിനെയും നേരിട്ടു. തുടർന്ന് ശ്രേയസ് അയ്യർ ബാറ്റിംഗ് പരിശീലനത്തിനെത്തി. ഇഷാൻ പിന്നീട് മറ്റൊരു പരിശീലന പിച്ചിൽ സ്പിന്നർമാരായ രവി ബിഷ്ണോയ്യേയും വരുൺ ചക്രവർത്തിയേയും നേരിട്ടു. ജസ്പ്രീത് ബുംറയും കുറച്ചുനേരം ബാറ്റിംഗ് പ്രാക്ടീസ് നടത്തിയിരുന്നു. പിന്നീട് ഇഷാൻ കിഷൻ വിക്കറ്റ് കീപ്പിംഗ് പ്രാക്ടീസും സഞ്ജു ഫീൽഡിംഗ് പ്രാക്ടീസും നടത്തി.
നേരത്തേ ന്യൂസിലാൻഡ് ടീം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ പരിശീലനത്തിനെത്തിയിരുന്നു. ഉച്ചയ്ക്ക് ഒന്നരയോടെ ക്യാപ്ടൻ മിച്ചൽ സാന്റ്നറുടെ നേതൃത്വത്തിലെത്തിയ അവർ നാലരയോടെയാണ് മടങ്ങിയത്. നഗരത്തിലെ ഹയാത്ത് റീജൻസിയിലാണ് കിവീസ് ടീമിന്റെ താമസം. ഇന്ത്യൻ ടീം കോവളം ലീല റാവിസിലും.
കാര്യവട്ടത്ത് അവസാന ട്വന്റി-20 മത്സരത്തിൽ ഇന്ത്യ പുതിയ ഓപ്പണിംഗ് ജോഡിയെ പരീക്ഷിക്കുമോ?. സ്ഥിരം ഓപ്പണർ അഭിഷേക് ശർമ്മയെ മാറ്റി സഞ്ജുവിനെയും ഇഷാൻ കിഷനെയും ഇന്ന് ഓപ്പണിംഗിന് അയയ്ക്കാൻ കോച്ച് ഗംഭീറും ക്യാപ്ടൻ സൂര്യയും തീരുമാനിക്കുമോ എന്നാണ് അറിയേണ്ടത്.
ഇന്നലെ അഭിഷേക് പരിശീലനത്തിന് എത്താത്തത് ഈ അഭ്യൂഹങ്ങൾക്ക് ശക്തിപകരുന്നു.നാലുമത്സരങ്ങളിൽ ഓപ്പണർ റോൾ കിട്ടിയെങ്കിലും സഞ്ജുവിന് തന്റെ പ്രതിഭയ്ക്ക് ഒത്ത പ്രകടനം പുറത്തെടുക്കാൻ സഞ്ജുവിന് കഴിഞ്ഞിട്ടില്ല.
ആദ്യ മത്സരത്തിൽ 10 റൺസ്, രണ്ടാം മത്സരത്തിൽ 6 റൺസ്, മൂന്നാം മത്സരത്തിലാകട്ടെ പൂജ്യം എന്നിങ്ങനെയായിരുന്നു സഞ്ജുവിന്റെ സ്കോറിംഗ്. നാലാം മത്സരത്തിൽ 15 പന്തുകളിൽ മൂന്ന് ഫോറും ഒരു സിക്സമടക്കം 24 റൺസ് നേടാനായെങ്കിലും സ്പിന്നർ മിച്ചൽ സാന്റ്നറുടെ പന്തിൽ ബൗൾഡാകേണ്ടിവന്നു.
ഔട്ടായരീതിയെക്കുറിച്ച് സുനിൽ ഗാവസ്കറടക്കമുള്ളവരിൽ നിന്ന് വിമർശനങ്ങളും കേൾക്കേണ്ടിവന്നു.
ഇതിൽ നിന്നൊക്കെ രക്ഷപെടണമെങ്കിൽ കാര്യവട്ടത്ത് സഞ്ജുവിന്റെ ബാറ്റിൽ നിന്ന് മികച്ച ഒരു ഇന്നിംഗ്സ് പിറന്നേ മതിയാകൂ.
കഴിഞ്ഞ ഓണക്കാലത്ത് കേരള ക്രിക്കറ്റ് ലീഗിൽ കൊച്ചി ബ്ളൂ ടൈഗേഴ്സിനായാണ് സഞ്ജു അവസാനമായി ഈ ഗ്രൗണ്ടിൽ കളിക്കാനിറങ്ങിയത്. അന്ന് ഒരു സെഞ്ച്വറിയും മൂന്ന് അർദ്ധസെഞ്ച്വറികളുമായി സഞ്ജു തകർത്താടുകയായിരുന്നു.
ആ മികവാണ് സഞ്ജുവിൽ നിന്ന് ആരാധകർ പ്രതീക്ഷിക്കുന്നതും.പരമ്പര ഇന്ത്യ നേടിക്കഴിഞ്ഞതിനാൽ മത്സരഫലം പ്രാധാന്യമല്ല. ലോകകപ്പിന് മുമ്പ് പരീക്ഷണങ്ങൾ നടത്താൻ കോച്ച് ഗംഭീറിനുള്ള അവസാന അവസരമാണിത്.
ലോകകപ്പിൽ ഓപ്പണറായി ഇഷാനെ കളിപ്പിക്കണമെങ്കിൽ ഇന്ന് ഒരു അവസരം നൽകി പരീക്ഷിക്കാം. ആൾറൗണ്ടർ ഹാർദിക് പാണ്ഡ്യയും ഇന്ന് കളിച്ചേക്കില്ല. അക്ഷർ പട്ടേൽ,ശിവം ദുബെ,റിങ്കു സിംഗ് തുടങ്ങിയവർ ടീമിലുണ്ടാകും.
ടീമുകൾ ഇവരിൽ നിന്ന്
ഇന്ത്യ : സൂര്യകുമാർ യാദവ് (ക്യാപ്ടൻ), സഞ്ജു സാംസൺ, അഭിഷേക് ശർമ്മ,ഇഷാൻ കിഷൻ,ശ്രേയസ് അയ്യർ,അക്ഷർ പട്ടേൽ, റിങ്കുസിംഗ്,ഹാർദിക് പാണ്ഡ്യ,ശിവം ദുബെ,ഹർഷിത് റാണ,അർഷ്ദീപ് സിംഗ്,ജസ്പ്രീത് ബുംറ,കുൽദീപ് യാദവ്, രവി ബിഷ്ണോയ്, വരുൺ ചക്രവർത്തി.
ന്യൂസിലാൻഡ് : മിച്ചൽ സാന്റ്നർ (ക്യാപ്ടൻ), ഡെവോൺ കോൺവേയ്,ബെവോൺ ജേക്കബ്സ്, ടിം റോബിൻസൺ, മാർക്ക് ചാപ്മാൻ, സാക്ക് ഫ്ളോക്സ്, ഡാരിൽ മിച്ചൽ, ജെയിംസ് നീഷം,ഗ്ളെൻ ഫിലിപ്പ്സ്,രചിൻ രവീന്ദ്ര,ക്രിസ്റ്റ്യൻ ക്ളാർക്ക്, ജേക്കബ്സ് ഡഫി,മാറ്റ് ഹെൻറി,കൈൽ ജാമീസൺ, ഇഷ് സോധി.



