
സ്വന്തം ലേഖകൻ
കോട്ടയം: ‘കേര’ വെളിച്ചെണ്ണയുടെ അഭാവം മുതലെടുത്ത് വിപണിയിലേക്ക് ഇടിച്ചുകയറി വ്യാജന്മാര്.
തമിഴ്നാട് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ലോബിയാണ് വിവിധ പേരുകളില്‍ വെളിച്ചെണ്ണ കേരള വിപണിയിലേക്ക് വ്യാപകമായി എത്തിക്കുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇവക്ക് പലതിനും ഗുണനിലവാരമില്ലെന്ന് ഭക്ഷ്യ സുരക്ഷാ വിഭാഗം മുന്നറിയിപ്പ് നല്കി. ഏറ്റവും കൂടുതല്‍ ആവശ്യക്കാരുണ്ടായിരുന്ന കേര വെളിച്ചണ്ണ ലഭ്യമാകാതായതോടെയാണ് വ്യാജന്മാര് വിപണി കീഴടക്കിയത്.
ഇത് പലതും ശരീരത്തിന് ഹാനികരമാണ്. ഈ സാഹചര്യത്തില്‍ ഭക്ഷ്യസുരക്ഷ വകുപ്പ് പരിശോധന കര്‍ശനമാക്കേണ്ടതാണ്.
നിരവധി തവണ മായം കണ്ടെത്തിയതിനെതുടര്‍ന്ന് പല പാക്കറ്റ് വെളിച്ചെണ്ണകളും നിരോധിച്ചിരുന്നു. ഇവ പേരുമറ്റി വീണ്ടും വിപണിയിലെത്തുകയാണ്.
പുതിയ സാഹചര്യത്തില്‍ ഇത്തരം ബ്രാന്‍ഡുകള്‍ വാങ്ങാന്‍ ഉപഭോക്താക്കള്‍ നിര്‍ബന്ധിതരാകുന്ന അവസ്ഥയുണ്ടെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു. വെളിച്ചെണ്ണ ഉല്പാദനത്തിനനുസരിച്ച് നാളികേരം ലഭ്യമല്ലെന്നും അതിനാല്‍തന്നെ മായം വ്യാപകമാണെന്നും ഉപഭോക്തൃസംഘടനകള്‍ ആക്ഷേപം ഉയര്‍ത്തുന്നുണ്ട്.
‘കേര’ വിപണിയില്‍ കിട്ടാതായതോടെ സ്വകാര്യ കമ്പനികളുടെ വെളിച്ചെണ്ണക്ക് ആവശ്യക്കാര്‍ ഏറിയിട്ടുണ്ട്. ഇത് കേരഫെഡിൻ്റെ വിപണിയിലെ മുന്‍തൂക്കം ഇല്ലാതാക്കുമെന്നാണ് ആശങ്ക. കേരളത്തിൻ്റെ സ്വന്തം വെളിച്ചെണ്ണയുടെ ജനപ്രീതി ഇല്ലാതാക്കാനുള്ള ശ്രമങ്ങള്‍ പ്രമുഖ കമ്പനികളും നടത്തുന്നുണ്ട്.
സംസ്ഥാനത്തെ നാളികേര കര്‍ഷകരെ സഹായിക്കുകയെന്ന ലക്ഷ്യത്തോടെയാണ് കേരഫെഡിന് തുടക്കമിട്ടത്. കര്‍ഷകരില്‍നിന്ന് നാളികേരം സംഭരിച്ച് വെളിച്ചെണ്ണ ഉല്പാദിപ്പിക്കുകയും അതുവഴി നാളികേരത്തിന് ന്യായവില ഉറപ്പാക്കുകയും ചെയ്യുകയെന്നതാണ് കേരഫെഡ് വഴി സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. എന്നാല്‍, സംസ്ഥാനത്തുനിന്നുള്ള തേങ്ങസംഭരണം പേരിനുമാത്രമാണ്.
അന്തര്‍സംസ്ഥാനങ്ങളില്‍നിന്നുള്ള തേങ്ങ വാങ്ങിയാണ് പ്രധാനമായും കേരഫെഡില്‍ വെളിച്ചെണ്ണ ഉല്പാദിപ്പിക്കുന്നത്.