
ആലപ്പുഴ: സംസ്ഥാനത്തെ കാർഷിക മേഖലയെ കാലാവസ്ഥാ വ്യതിയാനങ്ങൾക്കെതിരെ കൂടുതൽ പ്രതിരോധശേഷിയുള്ളതാക്കുകയും മൂല്യവർദ്ധക വിപണന ശൃംഖല ആധുനികവൽക്കരിക്കുകയും ചെയ്യുന്നതിനായി ലോകബാങ്കിന്റെ സഹായത്തോടെ നടപ്പിലാക്കുന്ന ‘കേരള കാലാവസ്ഥാ അതിജീവന കാർഷിക മൂല്യ വർദ്ധക വിപണന ശൃംഖല നവീകരണ’ (കേര) പദ്ധതി മാർച്ച് 2-ന് സംസ്ഥാനതലത്തിൽ ഉദ്ഘാടനം ചെയ്യും.
മാർച്ച് 2-ാം തീയതി തിങ്കളാഴ്ച വൈകിട്ട് 3 മണിക്ക് ചേർത്തല വി.ടി.എം. ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ കൃഷിവകുപ്പ് മന്ത്രി പി. പ്രസാദ് ഉദ്ഘാടനം നിർവഹിക്കും.
2365 കോടി രൂപയുടെ ബജറ്റിലാണ് പദ്ധതി നടപ്പാക്കുന്നത്. കാർഷിക ഉൽപ്പന്നങ്ങളുടെ മൂല്യ ശൃംഖല ശക്തിപ്പെടുത്തുകയും, കാലാവസ്ഥാ മാറ്റങ്ങളെ അതിജീവിക്കാൻ കർഷകരെ പ്രാപ്തരാക്കുകയും ചെയ്യുന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. സംസ്ഥാനത്തെ കാർഷിക മേഖലയ്ക്ക് ദീർഘകാല സ്ഥിരതയും പുതുമയും നൽകുന്നതിനും പദ്ധതി ലക്ഷ്യമിടുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പദ്ധതി നടപ്പാക്കുന്നതിൽ കേരള കാർഷിക വികസന ഡയറക്ടറേറ്റ്, വ്യവസായ-വാണിജ്യ വകുപ്പ്, പ്ലാന്റേഷൻ ഡയറക്ടറേറ്റ്, കേരള കാർഷിക സർവകലാശാല, ജലവിഭവ വകുപ്പ്, കിൻഫ്ര, കേരള സ്റ്റാർട്ടപ്പ് മിഷൻ തുടങ്ങിയ വകുപ്പുകളും സ്ഥാപനങ്ങളും പങ്കാളികളാകും. ഇന്റർനാഷണൽ റൈസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്, സി.ഡബ്ല്യു.ആർ.ഡി.എം. തുടങ്ങിയ സാങ്കേതിക സ്ഥാപനങ്ങളുടെ സഹകരണവും പദ്ധതിക്ക് ലഭ്യമാകും.



