കെനിയയില്‍ വാഹനാപകടത്തില്‍ മരിച്ച മലയാളികളുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതില്‍ ഇടപെട്ട് മുഖ്യമന്ത്രി; വിദേശകാര്യ മന്ത്രിക്ക് കത്തയച്ച് പിണറായി

Spread the love

തിരുവനന്തപുരം: കെനിയയില്‍ വാഹനാപകടത്തില്‍ മരിച്ച മലയാളികളുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാൻ വിദേശകാര്യ മന്ത്രാലയം ഇടപെടണമെന്ന് ആവശ്യം ഉന്നയിച്ച്‌ വിദേശകാര്യ മന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി പിണറായി വിജയൻ.

പരുക്കേറ്റവർക്ക് ആവശ്യമായ ചികിത്സ ലഭ്യമാക്കണമെന്നും മുഖ്യമന്ത്രി അഭ്യർത്ഥിച്ചു. അതേസമയം കെനിയയിലെ നെഹ്റൂറുവിലുണ്ടായ ബസ് അപകടത്തില്‍ മരണമടഞ്ഞ മലയാളികളുടെ വിയോഗത്തില്‍ മുഖ്യമന്ത്രി അനുശോചിച്ചു.

നെയ്റോബിയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ മരണപ്പെട്ടവരുടെ വിവരങ്ങള്‍ ഔദ്യോഗികമായി അറിയിച്ചിട്ടില്ലെങ്കിലും 5 മലയാളികള്‍ മരണപ്പെട്ടതായാണ് വിവരമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നോർക്ക റൂട്സ് വഴി ലോകകേരള സഭാംഗങ്ങള്‍ വിഷയത്തില്‍ ഇടപെട്ടിട്ടുണ്ട്. പരിക്കേറ്റ മലയാളികള്‍ ഉള്‍പ്പെടെയുളള ഇന്ത്യന്‍ പൗരന്മാരെ നെയ്റോബിയിലെ ആശുപത്രികളിലേയ്ക്ക് മാറ്റുമെന്ന് ലോക കേരള സഭാഗങ്ങള്‍ അറിയിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി വിവരിച്ചു.

ജൂണ്‍ ഒന്‍പതിന് ഇന്ത്യന്‍ സമയം വൈകിട്ട് എഴു മണിയോടെയാണ് (കെനിയന്‍ സമയം വൈകിട്ട് 4.30 ന്) വിനോദസഞ്ചാരത്തിന് എത്തിയ 28 പേരടങ്ങുന്ന ഇന്ത്യന്‍സംഘം സഞ്ചരിച്ച ടൂറിസ്റ്റ് ബസ് അപകടത്തില്‍ പെട്ടത്. ഖത്തറില്‍ നിന്നും വിനോദസഞ്ചാരത്തിനായി എത്തിയവരാണിവര്‍.

നെയ്റോബിയില്‍ നിന്നും 150 കിലോമീറ്റര്‍ അകലെ നെഹ്റൂറുവിലായിരുന്നു അപകടം. അപകടവിവരം അറിഞ്ഞയുടന്‍ തന്നെ കെനിയയിലെ ലോകകേരള സഭ മുന്‍ അംഗങ്ങളായ ജി പി രാജ്മോഹന്‍, സജിത് ശങ്കര്‍ എന്നിവരും കേരള അസോസിയേഷന്‍ ഓഫ് കെനിയയിലെ അംഗങ്ങളും സ്ഥലത്തെത്തിയിരുന്നുവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.