കേന്ദ്ര സർക്കാർ ജീവനക്കാർ സന്തോഷത്തിൽ:വൈകാതെ ശമ്പളം കൂടുമെന്ന പ്രതീക്ഷയിലാണ്:അടിസ്ഥാന ശമ്പളം 41000 രൂപ വരെ ഉയര്‍ത്താന്‍ സാധ്യതയുണ്ട് എന്നാണ് കരുതുന്നത്.

Spread the love

ഡൽഹി: വൈകാതെ ശമ്പളം കൂടുമെന്ന പ്രതീക്ഷയില്‍ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍. എട്ടാം ശമ്പള കമ്മീഷന്റെ പ്രഖ്യാപനം ഉടനെ ഉണ്ടാകുമെന്നും അവര്‍ കരുതുന്നു.
ഇക്കാര്യത്തില്‍ ഇതുവരെ ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ലെങ്കിലും ജീവനക്കാര്‍ പ്രതീക്ഷയിലാണ്. അടിസ്ഥാന ശമ്പളം 41000 രൂപ വരെ ഉയര്‍ത്താന്‍ സാധ്യതയുണ്ട് എന്നാണ് കരുതുന്നത്.

കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളവും പെന്‍ഷനും വര്‍ധിപ്പിക്കുന്നതിന് ഇനി അടിസ്ഥാനമാക്കുക എട്ടാം ശമ്പള കമ്മീഷനാണ്. ഇതുവരെ കമ്മീഷനെ പ്രഖ്യാപിച്ചിട്ടില്ല. പ്രഖ്യാപിച്ചുകഴിഞ്ഞാല്‍ മാസങ്ങള്‍ നീളുന്ന പ്രക്രിയ നടക്കേണ്ടതുണ്ട്. ഇക്കാര്യം മനസിലാക്കി വരുന്ന ജനുവരി മുതല്‍ വര്‍ധനവ് ആവശ്യപ്പെടുകയാണ് ജീവനക്കാര്‍. 2016ല്‍ സമാനമായ സാഹചര്യത്തില്‍ വര്‍ധനവ് നടപ്പാക്കിയ കാര്യവും അവര്‍ എടുത്തുകാട്ടുന്നു.

എട്ടാം ശമ്പള കമ്മീഷനെ എപ്പോള്‍ നിയമിക്കും എന്ന കാര്യത്തില്‍ വ്യക്തത വേണം എന്നാണ് ജീവനക്കാരുടെ യൂണിയന്റെ ആവശ്യം. 2026 ജനുവരി ഒന്ന് മുതല്‍ പുതിയ ശമ്പളം ലഭിക്കുന്ന തരത്തില്‍ സംവിധാനത്തില്‍ മാറ്റം വേണം എന്ന് പ്രമുഖ യൂണിയന്‍ നേതാവായ ശിവ ഗോപാല്‍ മിശ്ര ആവശ്യപ്പെട്ടു. കമ്മീഷനെ നിയോഗിക്കുന്നത് വൈകിയാലും വര്‍ധനവ് ജനുവരി ഒന്ന് മുതല്‍ വേണം എന്നാണ് അദ്ദേഹം ആവശ്യപ്പെടുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സാധാരണ ശമ്പള കമ്മീഷന്റെ കാലാവധി 10 വര്‍ഷം പിന്നിടാറില്ല. 2016 ജനുവരി ഒന്നിനാണ് ഏഴാം ശമ്പള കമ്മീഷനെ നിയോഗിച്ചത്. എട്ടാം ശമ്പള കമ്മീഷനും സമാനമായ രീതിയില്‍ വരുന്ന ജനുവരി ഒന്നിന് പ്രഖ്യാപിക്കുമെന്നാണ് മിശ്ര കരുതുന്നത്. ഇനി നടപടികള്‍ വൈകിയാലും പുതുക്കിയ ശമ്പളവും പെന്‍ഷനും ജനുവരി മുതല്‍ ലഭിക്കുന്ന രീതിയില്‍ മാറ്റം വരുത്തണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു.

2016ല്‍ ഏഴാം ശമള കമ്മീഷന്‍ നടപ്പാക്കിയത് ആ വര്‍ഷം ജൂലൈയിലാണ്. എന്നാല്‍ ശമ്പള വര്‍ധനവ് ജനുവരി മുതല്‍ ലഭിച്ചിരുന്നു എന്നും മിശ്ര പറയുന്നു. എട്ടാം ശമ്പളകമ്മീഷന്‍ നടപ്പാക്കിയാല്‍ 49 ലക്ഷം ജീവനക്കാര്‍ക്കും 65 ലക്ഷം പെന്‍ഷന്‍കാര്‍ക്കും നേട്ടമാകും. എട്ടാം ശമ്പള കമ്മീഷനില്‍ നിന്ന് ജീവനക്കാര്‍ വളരെ അധികം കാര്യങ്ങള്‍ പ്രതീക്ഷിക്കുന്നുണ്ട്.
എട്ടാം ശമ്പള കമ്മീഷന്‍ വരുന്ന ജനുവരിയില്‍ നടപടികള്‍ തുടങ്ങുമെന്നാണ് കേന്ദ്ര മന്ത്രി അശ്വനി വൈഷ്ണവ് അടുത്തിടെ പറഞ്ഞത്. പുതിയ കമ്മീഷന്‍ വന്നാല്‍ അടിസ്ഥാന ശമ്പളം 34500 മുതല്‍ 41000 രൂപ വരെ ഉയരുമെന്നാണ് പ്രതീക്ഷ. ഫിറ്റ്‌മെന്റ് നിരക്ക് 2.86 ആയി നിശ്ചയിച്ചേക്കുമെന്നും കരുതുന്നു. ശമ്പളം വര്‍ധിപ്പിക്കുന്നതില്‍ നിര്‍ണായകമാണ് ഫിറ്റ്‌മെന്റ് ഫാക്ടര്‍. നിലവിലെ വിപണി-സാമ്പത്തിക സാഹചര്യങ്ങള്‍, രൂപയുടെ മൂല്യം എന്നിവയെല്ലാം അടിസ്ഥാനമാക്കിയാണ് ഇത് നിശ്ചയിക്കുക.

മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന ജീവനക്കാര്‍ക്ക് പാരിതോഷികം നല്‍കണം എന്ന ആവശ്യവും ഉദ്യോഗസ്ഥരുടെ സംഘടനകള്‍ മുന്നോട്ടുവച്ചിരുന്നു. ക്ഷാമബത്ത, വീട്ടുവാടക അലവന്‍സ്, യാത്രാ അലവന്‍സ് എന്നിവയില്‍ എല്ലാം പുതിയ കമ്മീഷന്‍ മാറ്റം വരുത്തും. വലിയ പ്രതീക്ഷയോടെയാണ് ലക്ഷക്കണക്കിന് കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ കാത്തിരിക്കുന്നത്.