കേണൽ സോഫിയ ഖുറേഷിക്കെതിരായ ബിജെപി മന്ത്രിയുടെ വിദ്വേഷ പരാമർശം: എഫ്‌ഐആർ ദുർബലം, അന്വേഷണത്തിന് മേൽനോട്ടം വഹിക്കുമെന്ന് മധ്യപ്രദേശ് ഹൈക്കോടതി

Spread the love

ദില്ലി: കേണൽ സോഫിയ ഖുറേഷിക്കെതിരായ ബിജെപി മന്ത്രിയുടെ വിദ്വേഷ പരാമർശം സംബന്ധിച്ച അന്വേഷണത്തിന് മധ്യപ്രദേശ് ഹൈക്കോടതി മേൽനോട്ടം വഹിക്കും. അന്വേഷണം നീതിപൂർവ്വം നടക്കുന്നുവെന്ന് ഉറപ്പാക്കുമെന്ന് മധ്യപ്രദേശ് ഹൈക്കോടതി വ്യക്തമാക്കി. സംസ്ഥാന പൊലീസ് സമർപ്പിച്ച എഫ്‌ഐആറിന്റെ ഉള്ളടക്കത്തിൽ കോടതി അതൃപ്തി പ്രകടിപ്പിച്ചു. ബാഹ്യ സമ്മർദ്ദങ്ങളില്ലാതെ പൊലീസ് കേസ് നീതിപൂർവ്വം അന്വേഷിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ അന്വേഷണം നിരീക്ഷിക്കാൻ നിർബന്ധിതരായെന്ന് ജസ്റ്റിസ് അതുൽ ശ്രീധരൻ, ജസ്റ്റിസ് അനുരാധ ശുക്ല എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് പറഞ്ഞു.

കേണല്‍ സോഫിയ ഖുറേഷിയെ മന്ത്രി വിജയ് ഷാ അധിക്ഷേപിച്ചത് ‘ഭീകരരുടെ സഹോദരി’ എന്നാണ്. അപമാനകരവും അപകടകരവുമാണ് മന്ത്രിയുടെ പരാമർശമെന്ന് കഴിഞ്ഞ ദിവസം ഹൈക്കോടതി നിരീക്ഷിച്ചു.

മന്ത്രിക്കെതിരെ എഫ്‌ഐആർ ഫയൽ ചെയ്യാൻ സംസ്ഥാന പൊലീസ് ഡയറക്ടർ ജനറലിനോട് നിർദേശിക്കുകയും ചെയ്തു. ഉദ്യോഗസ്ഥയെ മാത്രമല്ല, സായുധ സേനയെ മൊത്തത്തിൽ അവഹേളിക്കുകയാണ് മന്ത്രി ചെയ്തതെന്ന് കോടതി വിമർശിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബിഎൻഎസിലെ 152, 196(1)(ബി), 197(1)(സി) വകുപ്പുകൾ പ്രകാരമാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. എഫ്‌ഐആർ പൂർണ്ണമായും പരിശോധിച്ച ശേഷം, ആരോപണവിധേയന്‍റെ നടപടികളെക്കുറിച്ച് ഒരു പരാമർശം പോലും ഇല്ലെന്ന് കോടതി വിമർശിച്ചു.

കേസിന്റെ സ്വഭാവവും എഫ്‌ഐആർ രജിസ്റ്റർ ചെയ്ത രീതിയും കണക്കിലെടുക്കുമ്പോൾ, കോടതിക്ക് വിശ്വാസം തോന്നുന്നില്ലെന്ന് കോടതി വ്യക്തമാക്കി. അന്വേഷണ ഉദ്യോഗസ്ഥരുടെ സ്വാതന്ത്ര്യത്തിൽ ഇടപെടാതെ അന്വേഷണം നിരീക്ഷിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ കോടതി നിർബന്ധിതമായിരിക്കുകയാണെന്നും കോടതി വ്യക്തമാക്കി.  ബാഹ്യ സമ്മർദ്ദങ്ങളോ നിർദ്ദേശങ്ങളോ സ്വാധീനിക്കാതെ നിയമ പ്രകാരം അന്വേഷണം നടക്കുന്നുവെന്ന് ഉറപ്പാക്കുമെന്ന് കോടതി വ്യക്തമാക്കി.

ഇന്ത്യയുടെ പരമാധികാരത്തെയോ ഐക്യത്തെയോ അഖണ്ഡതയെയോ അപകടപ്പെടുത്തുന്ന ഏതൊരു പ്രവൃത്തിയെയും ജീവപര്യന്തം തടവ് വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണെന്ന് ബിഎൻഎസിലെ സെക്ഷൻ 152 വ്യവസ്ഥ ചെയ്യുന്നു.

കോടതിയുടെ മുൻ ഉത്തരവ് പാലിച്ചിട്ടുണ്ടെന്നും എഫ്ഐആറിന്റെ ഒരു പകർപ്പ് കൈമാറിയെന്നും സംസ്ഥാനത്തിനുവേണ്ടി ഹാജരായ അഡ്വക്കേറ്റ് ജനറൽ പ്രശാന്ത് സിംഗ് കോടതിയെ അറിയിച്ചു.

അതേസമയം എഫ്‌ഐആറിനെ പരാമർശിച്ചുകൊണ്ട് കോടതി പറഞ്ഞതിങ്ങനെ- “നിങ്ങൾ അത് വായിച്ചിട്ടുണ്ടാകും. കേസ് റദ്ദാക്കാൻ കഴിയുന്ന തരത്തിലാണ് ഇത് തയ്യാറാക്കിയിരിക്കുന്നത്. ആരാണ് ഇത് തയ്യാറാക്കിയത്?

ഉള്ളടക്കം എഫ്‌ഐആറിൽ ഉണ്ടായിരിക്കണം. കോടതി ഉത്തരവ് അനുബന്ധമായി ചേർത്തിട്ടുണ്ടെങ്കിൽ, അത് എഫ്‌ഐആറിന്റെ ഭാഗമായി വായിക്കാമോ?” കോടതി നൽകുന്ന ഏത് നിർദ്ദേശവും പാലിക്കുമെന്നും ഉദ്ദേശ്യം ബഹുമാനപ്പെട്ട കോടതി സംശയിക്കരുതെന്നും അഡ്വക്കേറ്റ് ജനറൽ മറുപടി നൽകി.

സമഗ്രത, അച്ചടക്കം, ത്യാഗം, നിസ്വാർത്ഥത, ധൈര്യം എന്നിവ പ്രതിഫലിപ്പിക്കുന്ന ഈ രാജ്യത്തെ ഏതൊരു പൗരനും സ്വയം തിരിച്ചറിയാൻ കഴിയുന്ന, സായുധ സേനയെ വിജയ് ഷാ ലക്ഷ്യം വച്ചെന്ന് കോടതി വിമർശിച്ചു. കേണൽ സോഫിയ ഖുറേഷിക്കെതിരെ അധിക്ഷേപകരമായ ഭാഷ ഉപയോഗിച്ചു. വിംഗ് കമാൻഡർ വ്യോമിക സിങ്ങിനൊപ്പം കേണൽ സോഫിയ ഖുറേഷിയും പാകിസ്ഥാനെതിരെ നമ്മുടെ സായുധ സേന ആരംഭിച്ച സിന്ദൂർ എന്ന ഓപ്പറേഷന്റെ പുരോഗതി രാജ്യത്തെ അറിയിച്ച സായുധ സേനയുടെ മുഖമായിരുന്നുവെന്ന് ഇവിടെ പരാമർശിക്കേണ്ടതുണ്ട്. ഖുറേഷിക്കെതിരെ ക്ഷമിക്കാനാവാത്ത പ്രസ്താവനകൾ മന്ത്രി നടത്തിയെന്നും കോടതി വിമർശിച്ചു.

കേണൽ സോഫിയ ഖുറേഷിക്കെതിരായ വിദ്വേഷ പരാമർശത്തിൽ മന്ത്രി വിജയ് ഷാക്കെതിരെ സുപ്രീംകോടതിയും രൂക്ഷവിമർശനം നടത്തി.

ഭരണഘടനാ സ്ഥാനങ്ങളിൽ ഇരിക്കുന്നവർ ഇത്തരം പരാമർശങ്ങൾ നടത്തരുതെന്ന് കോടതി താക്കീത് നല്‍കി. കേസെടുത്തതിനെതിരെ മന്ത്രി നല്‍കിയ ഹര്‍ജിയിലായിരുന്നു കോടതിയുടെ പ്രതികരണം. മന്ത്രിക്കെതിരെ മധപ്രദേശിലെ മാന്‍പൂര്‍ പൊലീസാണ് കേസെടുത്തത്.

കേണല്‍ സോഫിയ ഖുറേഷിക്കെതിരെ മന്ത്രി വിജയ് ഷാ നടത്തിയ ‘ഭീകരരുടെ സഹോദരി’  പരാമർശത്തില്‍ കടുത്ത അതൃപ്തിയാണ് സുപ്രീംകോടതി രേഖപ്പെടുത്തിയത്. മന്ത്രി പദവിയിലിരുന്ന് ഒരിക്കലും നടത്തരുതാത്ത പ്രസ്താവന. രാജ്യം ദുര്‍ഘട സന്ധിയിലൂടെ കടന്ന് പോകുമ്പോള്‍ ഭരണഘടന പദവിയിലിരിക്കുന്നവരും ഉത്തരവാദിത്തം കാട്ടണമെന്ന് കോടതി പറഞ്ഞു.

മന്ത്രിയുടെ ഹര്‍ജിയില്‍ വിശദമായ വാദം നാളെ കേള്‍ക്കാനിരിക്കേ കോടതി നിലപാട് വ്യക്തമാണ്. ഹര്‍ജി പരിഗണിക്കും വരെ അറസ്റ്റടക്കം നടപടികള്‍ പാടില്ലെന്ന് കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.

മന്ത്രിയുടെ പ്രസ്താവനയില്‍ സ്വമേധയാ ഇടപെട്ട ജബല്‍പൂര്‍ ഹൈക്കോടതി നിര്‍ദ്ദേശിച്ച അഞ്ച് മണിക്കൂര്‍ സമയ പരിധിക്കുള്ളിലാണ് മാന്‍പൂര്‍ പൊലീസ് മന്ത്രിക്കെതിരെ കേസെടുത്തത്. അതേസമയം തന്‍റെ വാക്കുകള്‍ വളച്ചൊടിക്കുകയായിരുന്നു എന്നാണ് മന്ത്രിയുടെ ന്യായീകരണം.