video
play-sharp-fill

Friday, July 18, 2025

കീമിൽ കേരള സിലബസ് വിദ്യാർത്ഥികൾക്ക് നിരാശ; പ്രവേശന നടപടികൾ തുടരാമെന്ന് സുപ്രീം കോടതി; കേസ് നാലാഴ്‌ചക്കകം പരിഗണിക്കും

Spread the love

ദില്ലി: പഴയ മാനദണ്ഡ പ്രകാരമുള്ള പുതിയ കീം റാങ്ക് പട്ടിക അടിസ്ഥാനമാക്കി പ്രവേശന നടപടികൾ തുടരാമെന്ന് സുപ്രീം കോടതി. ഇതോടെ ഈ വർഷം കേരള സിലിബസ് വിദ്യാർത്ഥികൾക്ക് പട്ടികയിൽ തുല്യത ലഭിക്കുന്ന വിധത്തിൽ പ്രവേശനം ലഭിക്കില്ലെന്ന് ഉറപ്പായി. കേസ് നാലാഴ്ചയ്ക്കകം കേൾക്കാമെന്ന് വ്യക്തമാക്കിയ കോടതി, സംസ്ഥാനമടക്കം എല്ലാ കക്ഷികൾക്കും മറുപടി സത്യവാങ്മൂലം സമർപ്പിക്കാൻ നോട്ടീസ് അയച്ചു.

വിദ്യാർത്ഥികൾക്ക് പ്രശ്നം ഉണ്ടാകാതിരിക്കാനാണ് അപ്പീൽ നൽകാത്തതെന്ന് കേരളം സുപ്രീം കോടതിയിൽ വ്യക്തമാക്കി. ഈ വർഷം ഇനി റാങ്ക് പട്ടികയിൽ ഒന്നും ചെയ്യാനാവില്ലെന്നും പ്രവേശന നടപടികൾ സമയബന്ധിതമായി പൂർത്തിയാക്കേണ്ടതുണ്ടെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി. വിഷയത്തിൽ ഈ ഘട്ടത്തിൽ ഇടപെടുന്നത് അനിശ്ചിതത്വത്തിന് ഇടയാക്കുമെന്നും സുപ്രീം കോടതി പറഞ്ഞു.

റാങ്ക് പട്ടിക റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ കേരള സിലബസ് വിദ്യാർത്ഥികൾ നൽകിയ ഹർജിയാണ് സുപ്രീംകോടതി പരിഗണിച്ചത്. ഈ ഹർജിക്കെതിരെ സിബിഎസ്ഇ വിദ്യാർത്ഥികളുടെ തടസഹർജിയും കോടതി പരിഗണിച്ചിരുന്നു. പ്രോസ്പെക്സിൽ മാറ്റം വരുത്തിയതിൽ സുപ്രീംകോടതി ഇന്നലെ ചോദ്യങ്ങൾ ഉന്നയിച്ചിരുന്നു. പ്രോസ്പെക്സിൽ മാറ്റം വരുത്താൻ സർക്കാറിന് അധികാരം ഉണ്ടെന്നായിരുന്നു കേരള സിലബസ് വിദ്യാർത്ഥികളുടെ വാദം. റാങ്ക് ലിസ്റ്റ് പ്രഖ്യാപിക്കുന്നതിന്റെ ഒരു മണിക്കൂർ മുൻപാണ് ഫോർമുലയിൽ മാറ്റം വരുത്തിയതെന്നും ഇത് നിയമവിരുദ്ധമാണെന്നും സിബിഎസ്ഇ വിദ്യാർത്ഥികളുടെ അഭിഭാഷകനും വാദിച്ചിരുന്നു.