
തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ്, കോണ്‍ഗ്രസ് പുനഃസംഘടനകളില്‍ നിര്‍ണായക പങ്കു വഹിച്ചതിനു പിന്നാലെ എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ സംസ്ഥാന രാഷ്ട്രീയത്തില്‍ സജീവമാകുന്നു.
2026 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ വേണുഗോപാല്‍ പാര്‍ട്ടിയെയും മുന്നണിയെയും നയിക്കാനും സാധ്യതയുണ്ട്. പാര്‍ട്ടിയിലെ ചോദ്യം ചെയ്യപ്പെടാനാകാത്ത നേതാവായി വേണുഗോപാല്‍ മാറിയതായി കെ സി വേണുഗോപാല്‍ അനുയായികള്‍ സൂചിപ്പിച്ചു.
പ്രതിപക്ഷ നേതാവ് വിഡി സതീശനുമായി ഷാഫി പറമ്പില്‍ അകന്നതിനു പിന്നാലെ, കെ സി വേണുഗോപാലുമായി ചേര്‍ന്ന് കോണ്‍ഗ്രസിനുള്ളില്‍ പുതിയ അധികാര അച്ചുതണ്ടായി മാറിയിരിക്കുകയാണ്. കെ സി വേണുഗോപാലിന്റെ സംസ്ഥാന രാഷ്ട്രീയത്തിലേക്കുള്ള സുഗമമായ പ്രവേശനത്തിനായി, കെപിസിസി വര്‍ക്കിങ് പ്രസിഡന്റ് എ പി അനില്‍കുമാര്‍ കെ സിയുടെ ‘ഗ്രൂപ്പ് മാനേജരായി’ പ്രവര്‍ത്തിക്കുകയാണെന്ന് പാര്‍ട്ടിക്കുള്ളില്‍ അഭിപ്രായമുണ്ട്.
കെപിസിസി ഭാരവാഹികളുടെ അഴിച്ചുപണിയോടെ, പുതിയ അധികാര ഗ്രൂപ്പ് പാര്‍ട്ടിയില്‍ പിടിമുറുക്കി. പുനഃസംഘടനയില്‍ 16 ജനറല്‍ സെക്രട്ടറിമാര്‍, രണ്ട് വൈസ് പ്രസിഡന്റുമാര്‍, മൂന്ന് വര്‍ക്കിങ് പ്രസിഡന്റുമാര്‍, നിരവധി രാഷ്ട്രീയകാര്യ സമിതി അംഗങ്ങള്‍ എന്നിവര്‍ക്കു പുറമേ, യൂത്ത് കോണ്‍ഗ്രസിന്റെ നിയന്ത്രണവും കെ സി ഗ്രൂപ്പ് കൈക്കലാക്കിയിട്ടുണ്ട്. ഇതോടെ സംസ്ഥാന കോണ്‍ഗ്രസിലും കെ സി വേണുഗോപാല്‍ നിര്‍ണായക സ്വാധീനം ഉറപ്പാക്കുകയാണ്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കൂടാതെ, ഇതാദ്യമായി കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടിയിലും കെസി വേണുഗോപാല്‍ പിടിമുറുക്കിയിരിക്കുന്നു. 22 കോണ്‍ഗ്രസ് എംഎല്‍എമാരില്‍ 6 പേര്‍ ഇപ്പോള്‍ കെസിയുടെ വിശ്വസ്തരാണ്. രമേശ് ചെന്നിത്തലയെ 5 പേരും ‘എ’ ഗ്രൂപ്പിന് 3 പേരും പ്രതിപക്ഷ നേതാവ് വി ഡി സതീശനെ രണ്ടു പേരുമാണ് പിന്തുണയ്ക്കുന്നത്. രണ്ട് എംഎല്‍എമാര്‍ സ്വതന്ത്ര നിലപാട് സ്വീകരിച്ചു. പാര്‍ട്ടിയില്‍ പിടിമുറുക്കുക എന്ന നിലപാടോടെ, പുനഃസംഘടനയില്‍ വേണുഗോപാല്‍ ജാഗ്രതയോടെയാണ് ഇടപെട്ടതെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു.
എ ഗ്രൂപ്പിന്റെ നിരവധി ആവശ്യങ്ങള്‍ വേണുഗോപാല്‍ പരിഗണിച്ചിരുന്നു. കെ സുധാകരനും രമേശ് ചെന്നിത്തലയും മുന്നോട്ടുവച്ച നിര്‍ദ്ദേശങ്ങളും ഒരു പരിധിയോളം പരിഗണിച്ചു. അതായിരുന്നു അദ്ദേഹത്തിന്റെ ഗെയിം പ്ലാന്‍. ഇതൊരു വലിയ പട്ടികയാണെന്ന് ആരും പരാതിപ്പെടുന്നില്ല. ഒരു മുതിര്‍ന്ന നേതാവ് പറഞ്ഞു. മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിത്വം ആഗ്രഹിക്കുന്ന രമേശ് ചെന്നിത്തലയും വി ഡി സതീശനും രാഷ്ട്രീയ യാഥാര്‍ത്ഥ്യം അംഗീകരിക്കാന്‍ നിര്‍ബന്ധിതരായെന്നും പാര്‍ട്ടി നേതാക്കള്‍ സൂചിപ്പിക്കുന്നു.
നിരവധി നേതാക്കളും എംഎല്‍എമാരും വിട്ടുപോയതോടെ, ‘എ’ ‘ഐ’ ഗ്രൂപ്പുകളെ, പുതിയ അധികാര അച്ചുതണ്ട് ഗണ്യമായി ദുര്‍ബലപ്പെടുത്തിയിട്ടുണ്ട്. അതേസമയം എ, ഐ ഗ്രൂപ്പുകളുടെ ഒരുമിച്ചുള്ള പോരാട്ടമാണ്, കെസി വേണുഗോപാല്‍ ഗ്രൂപ്പ് പ്രതീക്ഷിക്കുന്ന ഏറ്റവും വലിയ വെല്ലുവിളി. വേണുഗോപാലിന്റെ നീക്കങ്ങള്‍ രഹസ്യവും കണക്കുകൂട്ടലോടെയുള്ളതുമായിരുന്നുവെന്ന് കെസിയുമായി അടുപ്പമുള്ള ഒരു മുതിര്‍ന്ന നേതാവ് അഭിപ്രായപ്പെട്ടു.
ആദ്യം ആര്‍ക്കും സമീപിക്കാവുന്ന ഒരു ഹൈക്കമാന്‍ഡ് നേതാവായിരുന്നു കെ സി വേണുഗോപാല്‍. പിന്നീട് ഗ്രൂപ്പ് രാഷ്ട്രീയം കൂടുതല്‍ വഷളാകുന്ന അവസരത്തിനായി അദ്ദേഹം കാത്തിരുന്നു. പുതിയ അധികാരഘടനയില്‍ മാറ്റം വന്നതോടെ, തന്റെ സ്ഥാനം ഉറപ്പിക്കാനായി വേണുഗോപാല്‍ പ്രവര്‍ത്തിച്ചു. കോണ്‍ഗ്രസ് നേതാവ് സൂചിപ്പിച്ചു. അതേസമയം ഹൈക്കമാന്‍ഡിലെ സ്വാധീനമുള്ള നേതാവില്‍ നിന്നും ഗ്രൂപ്പ് നേതാവായി കെ സി വേണുഗോപാല്‍ മാറുന്നതിലൂടെ, പ്രവര്‍ത്തകര്‍ക്കിടയില്‍ കെ സി വേണുഗോപാലിനുള്ള വിശ്വാസം നഷ്ടമായേക്കുമെന്ന വിലയിരുത്തലുമുണ്ട്.