
കോട്ടയം : കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സാപിഴവിനെ തുടര്‍ന്നു യുവാവ് മരിച്ച സംഭവത്തിൽ ആരോഗ്യ മന്ത്രിക്ക് കത്ത് നല്‍കി എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ എംപി.
കോട്ടയം മെഡിക്കല്‍ കോളേജില്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായ ആലപ്പുഴ കിടങ്ങാംപറമ്പില്‍ ആശാരിശേരി വീട്ടില്‍ മഹേഷ് കുമാറാണ് ചികിത്സാപിഴവിനെ തുടർന്ന് കഴിഞ്ഞ ദിവസം മരണമടഞ്ഞത്.
സംഭവത്തിൽ വിശദമായ അന്വേഷണം നടത്തി ഉത്തരവാദികളായ ഡോക്ടർമാർ അടക്കമുള്ള അധികൃതർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് കെസി വേണുഗോപാല്‍ ആവശ്യപ്പെട്ടു. ഇക്കാര്യം ആവശ്യപ്പെട്ടാണ് ആരോഗ്യ മന്ത്രി വീണ ജോർജിന് കെസി വേണുഗോപാല്‍ കത്തു നല്‍കിയത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കഴുത്തിനും വലതു കൈക്കും വേദനയെത്തുടർന്ന് സ്വകാര്യ ആശുപത്രിയില്‍ ചികിത്സിക്കവേ ശസ്ത്രക്രിയയ്ക്ക് നിർദ്ദേശിച്ചതിനെ തുടർന്നാണ് കോട്ടയം മെഡിക്കല്‍ കോളേജില്‍ മഹേഷ് ചികിത്സ തേടിയത്.
ഇക്കഴിഞ്ഞ ജനുവരി രണ്ടിന് ന്യൂറോ സർജറി വിഭാഗത്തില്‍ അഡ്മിറ്റ് ആകുകയും തുടർന്ന് ഇക്കഴിഞ്ഞ മാസം 23-ന് ശസ്ത്രക്രിയയ്ക്ക് വിധേയനാവുകയും ചെയ്തു.
എന്നാല്‍ ശസ്ത്രക്രിയയിലെ പിഴവുകാരണം അരയ്ക്കു താഴേക്ക് ചലനശേഷി നഷ്ടപ്പെടുകയും വീണ്ടും ശസ്ത്രക്രിയ നടത്തുകയും ഉണ്ടായി. തുടർന്നാണ് നില വഷളായി ജനുവരി 28 മുതല്‍ ക്രിട്ടിക്കല്‍ കെയർ ഐസിയുവില്‍ ചികിത്സയിലിരിക്കെ മാർച്ച് 6-ന് മരണമടഞ്ഞതെന്നും കെസി വേണുഗോപാല്‍ കത്തില്‍ ചൂണ്ടിക്കാട്ടി.



