കൊച്ചി ബ്ലൂ ടൈഗേഴ്സിനെതിരെ തൃശ്ശൂർ ടൈറ്റൻസിന് ജയം;തകർത്തടിച്ച് ഓപ്പണർ സഞ്ജു;ഒൻപതു സിക്സുകളും നാലു ഫോറുകളുമാണ് സഞ്ജു ബൗണ്ടറി കടത്തിയത്

Spread the love

തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗിൽ കൊച്ചി ബ്ലൂ ടൈഗേഴ്സിനെ ലാസ്റ്റ് ബോൾ ത്രില്ലറില്‍ വീഴ്ത്തി തൃശൂര്‍ ടൈറ്റന്‍സിന് മൂന്നാം ജയം. ആദ്യം ബാറ്റ് ചെയ്ത് കൊച്ചി ബ്ലൂ ടൈഗേഴ്സ് സഞ്ജു സാംസണിന്‍റെ വെടിക്കെട്ട് അര്‍ധസെഞ്ചുറി മികവില്‍ 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 188 റണ്‍സെടുത്തപ്പോള്‍ മറുപടി ബാറ്റിംഗിനിറങ്ങിയ തൃശൂര്‍ അഹമ്മദ് ഇമ്രാന്‍റെ അര്‍ധസെഞ്ചുറിയുടെയും അര്‍ജ്ജുന്‍ എ കെ, ക്യാപ്റ്റൻ സിജോമോന്‍ ജോസഫ് എന്നിവരുടെ ഫിനിഷിംഗിന്‍റെയും മികവില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി.

അഹമ്മദ് ഇമ്രാന്‍ 40 പന്തില്‍72 റണ്‍സടിച്ചപ്പോള്‍ അര്‍ജുന്‍ എ കെ 16 പന്തില്‍ 31 ഉം സിജോമോന്‍ ജോസഫ് 23 പന്തില്‍ 42ഉം റണ്‍സുമായി പുറത്താകാതെ നിന്നു. സീസണില്‍ ബ്ലൂ ടൈഗേഴ്സിന്‍റെ ആദ്യ തോല്‍വിയാണിത്. സ്കോര്‍ കൊച്ചി ബ്ലൂ ടൈഗേഴ്സ് 20 ഓവറില്‍ 188-7, തൃശൂര്‍ ടൈറ്റന്‍സ് 20 ഓവറില്‍ 189-5

189 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ തൃശൂരിന് പവര്‍പ്ലേയില്‍ തന്നെ ആനന്ദ് കൃഷ്ണനെയും(7), ഷോണ്‍ റോജറെയും(8) നഷ്ടമായി. പവര്‍ പ്ലേക്ക് പിന്നാലെ വിഷ്ണു മേനോനും(3) മടങ്ങി. എന്നാല്‍ ഒരറ്റത്ത് തകര്‍ത്തടിച്ച അഹമ്മദ് ഇമ്രാന്‍ തൃശൂരിന്‍റെ സ്കോറുയര്‍ത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പതിനാലാം ഓവറില്‍ അക്ഷയ് മനോഹറിനയും അതേ ഓവറില്‍ അഹമ്മദ് ഇമ്രാനെയും നഷ്ടമായി തോല്‍വി മുന്നില്‍ക്കണ്ട തൃശൂരിനെ അവസാന ഓവറുകളില്‍ ആഞ്ഞടിച്ച അര്‍ജ്ജുനും ക്യാപ്റ്റൻ സിജോമോന്‍ ജോസഫും ചേര്‍ന്നാണ് ആവേശ ജയമൊരുക്കിയത്.

അവസാന നാലോവറില്‍ 55 റൺസായിരുന്നു തൃശൂരിന് ജയിക്കാന്‍ വേണ്ടിയിരുന്നത്. മുഹമ്ദ് ആഷിഖ് എറിഞ്ഞ പതിനേഴാം ഓവറില്‍ രണ്ട് സിക്സ് അടക്കം 16 റണ്‍സടിച്ച ടൈറ്റന്‍സ് പതിനെട്ടാം ഓവറില്‍ 13 റണ്‍സ് കൂടി കൂട്ടിച്ചേര്‍ത്ത് അവസാന രണ്ടോവറില്‍ ലക്ഷ്യം 25 റണ്‍സാക്കി.

മുഹമ്മദ് ആഷിഖ് എറിഞ്ഞ പത്തൊമ്പതാം ഓവറില്‍ 10 റണ്‍സ് കൂടി നേടി അവസാന ഓവറിലെ ലക്ഷ്യം 15 റണ്‍സാക്കി. അവസാന ഓവറിലെ ആദ്യ മൂന്ന് പന്തില്‍ മൂന്ന് റണ്‍സ് മാത്രമെ തൃശൂരിന് നേടാനായുള്ളു. എന്നാല്‍ നാലാം പന്തില്‍ സിക്സ് നേടി സിജോമോന്‍ തൃശൂരിനെ ലക്ഷ്യത്തോട് അടുപ്പിച്ചു.

അഞ്ചാം പന്തില്‍ രണ്ട് റണ്‍സോടിയതോടെ അവസാന പന്തില്‍ ലക്ഷ്യം നാലു റണ്‍സായി. സിജോമോന്‍ ജോസഫ് അവസാന പന്തില്‍ സ്ട്രൈറ്റ് ബൗണ്ടറിയിലേക്ക് പായിച്ച പന്ത് ഫീല്‍ഡര്‍ തടുത്തിട്ടെങ്കിലും കാല്‍ ബൗണ്ടറി റോപ്പ് കടന്നതിനാല്‍ ടിവി അമ്പയറുടെ പരിശോധനക്കൊടുവില്‍ തൃശൂര്‍ ജേതാക്കളായി.