
തിരുവനന്തപുരം : കാണികൾക്ക് ആവേശം പകർന്ന് സഞ്ജുവിന്റെ സ്പെഷ്യൽ സെഞ്ച്വറി ഷോ.കെ.സി.എല്ലിലെ തന്നെ ഏറ്റവും ഉയർന്ന ചേസിംഗ് വിജയമാണ് ഇന്നലെ കൊല്ലം സെയ്‌ലേഴ്സിനെതിരെ സഞ്ജുവിന്റെ കൊച്ചി ബ്ളൂ ടൈഗേഴ്സ് നേടിയത്. ആദ്യം ബാറ്റ് ചെയ്ത് 236/5 എന്ന സ്കോർ ഉയർത്തിയ കൊല്ലത്തിനെതിരെ ആറ് വിക്കറ്റ് നഷ്ടത്തിൽ അവസാനപന്തിലാണ് കൊച്ചി വിജയിച്ചത്.
51 പന്തുകളിൽ 14 ഫോറുകളും ഏഴു സിക്സുകളുമായി തകർത്താടുകയായിരുന്ന സഞ്ജു പുറത്തായശേഷം 18 പന്തുകളിൽ അഞ്ച് സിക്സും മൂന്നുഫോറുമടക്കം 45 റൺസടിച്ച മുഹമ്മദ് ആഷിഖാണ് വിജയത്തിലത്തിച്ചത്.
ആദ്യം ബാറ്റ് ചെയ്ത കൊല്ലം സെയ്‌ലേഴ്സിന് വേണ്ടി സച്ചിൻ ബേബിയും(91) വിഷ്ണു വിനോദും (94) ചേർന്ന് നിശ്ചിത 20 ഓവറിൽ 236/5 എന്ന ടൂർണമെന്റിലെ ഏറ്റവും ഉയർന്ന സ്കോറാണ് കെട്ടിപ്പെടുത്തത്. മൂന്നാം ഓവറിൽ അഭിഷേക് നായർ(11) പുറത്തായശേഷം ക്രീസിൽ ഒരുമിച്ച സച്ചിനും വിഷ്ണുവും ചേർന്ന് 143 റൺസിന്റെ കൂട്ടുകെട്ടാണ് സൃഷ്ടിച്ചത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
വിഷ്ണുവിനോദ് 41 പന്തുകളിൽ മൂന്നുഫോറും 10 സിക്സും പറത്തിയപ്പോൾ സച്ചിൻ ബേബി 44 പന്തുകളിൽ ആറുവീതം ഫോറും സിക്സുമടിച്ചു.മറുപടിക്കിറങ്ങിയ കൊച്ചിൻ ബ്ളൂടൈഗേഴ്സിനായി സഞ്ജു ഓപ്പണറായി എത്തുകയായിരുന്നു. തുടക്കം മുതൽ ഫോറുകളും സിക്സുകളും പായിച്ച സഞ്ജു ബാറ്റിംഗ് നന്നായി ആസ്വദിച്ചു.
വിനൂപ് (11),ഷാനു(39), സലി(5),നിഖിൽ(1) എന്നിവർ പുറത്തായെങ്കിലും സഞ്ജു ടീമിനെ മാന്യമായ നിലയിലേക്ക് എത്തിച്ചശേഷമാണ് മടങ്ങിയത്.