
തിരഞ്ഞെടുപ്പ് അടുത്തതോടെ പരാജയ ഭീതിയിൽ പയ്യന്നൂരില്‍ സിപിഎം പ്രവര്‍ത്തകര്‍ വ്യാജ ആധാര്‍ കാര്‍ഡ് നിര്‍മിക്കുന്നുവെന്ന ആരോപണത്തില്‍ കൂടുതല്‍ വിവരങ്ങളുമായി എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ എംപി. നിയമസഭാ തിരഞ്ഞെടുപ്പില്‍ പരാജയം ഉറപ്പായതോടെ സിപിഎം ഉന്നത നേതൃത്വത്തിന്റെ പിന്തുണയോടെയാണ് വ്യാജ ആധാര്‍ കാര്‍ഡ് നിര്‍മാണം നടക്കുന്നതെന്ന് കെസി വേണുഗോപാല്‍ പറഞ്ഞു. സിപിഎം പഴയ തന്ത്രങ്ങള്‍ പൊടിതട്ടിയെടുക്കുന്നതിന്റെ തെളിവാണ് പയ്യന്നൂരില്‍നിന്നും തളിപ്പറമ്പില്‍നിന്നും പുറത്തു വരുന്നത്. പയ്യന്നൂരില്‍ സിപിഎം ഓഫിസിലാണ് വ്യാജ ആധാര്‍ കാര്‍ഡ് നിര്‍മാണം നടക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
കല്യാശേരിയിലെ നിരവധി വോട്ടുകള്‍ പയ്യന്നൂരിലും ചേര്‍ത്ത് ഇരട്ട വോട്ട് രേഖപ്പെടുത്തിയിരിക്കുകയാണ്. ഇരട്ട വോട്ടുകള്‍ക്ക് വ്യാജ ആധാര്‍ കാര്‍ഡ് ഉണ്ടാക്കി കള്ളവോട്ട് ചെയ്യാനുള്ള ശ്രമമാണ് നടത്തുന്നത്. ജനാധിപത്യത്തെ അട്ടിമറിക്കാന്‍ ഉന്നതനേതാക്കളുടെ അനുമതിയോടെയാണ് ഇതു നടക്കുന്നത്. ഇതു സംബന്ധിച്ച് ഇലക്ഷന്‍ കമ്മീഷന് സ്ഥാനാര്‍ഥി പരാതി നല്‍കിയിട്ടുണ്ട്. തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇക്കാര്യം ഗൗരവമായി കാണണമെന്നും കെസി വേണുഗോപാല്‍ പറഞ്ഞു. കൂടാതെ പാലക്കാടും തൃക്കരിപ്പൂരിലുമെല്ലാം എതിര്‍ സ്ഥാനാര്‍ഥികളുടെ പോസ്റ്ററുകള്‍ നശിപ്പിക്കുകയാണെന്ന് കെസി വേണുഗോപാല്‍ ആരോപിച്ചു. സന്ദീപ് വാര്യരെ തടഞ്ഞു. ജി സുധാകരന്റെ ഡ്രൈവറെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. സിപിഎമ്മില്‍ നിന്ന് പുറത്തു വന്നവരെ ടിപി ചന്ദ്രശേഖരന്റെ അനുഭവം ഓര്‍മിപ്പിച്ചാണ് സിപിഎം നേരിടുന്നതെന്നും കെസി വേണുഗോപാല്‍ ആരോപിച്ചു.


