
പൊലീസ് ഉദ്യോഗസ്ഥൻ്റെ വേഷമിട്ട് പരിപാടിയിൽ പങ്കെടുക്കാൻ പോയി വിവാദമായതൊന്നും മറക്കരുത്, തൊപ്പി വെച്ച് ഒരാൾ അൽപത്തരം കാട്ടിയെന്ന് പറയുമ്പോൾ അത് പാവങ്ങൾക്ക് കൊടുത്തെന്ന് പറയുന്നത് എന്തിനാണ്, വയ്യാത്ത കുഞ്ഞിന് എന്തിനാണ് തൊപ്പി ? കേന്ദ്ര സഹമന്ത്രി സുരേഷ്‌ഗോപിക്കെതിരെ വീണ്ടും ആഞ്ഞടിച്ച് മന്ത്രി കെ.ബി. ഗണേഷ്‌കുമാർ
തിരുവനന്തപുരം: തൊപ്പി പരാമർശം വിവാദമായതിനിടെ കേന്ദ്ര സഹമന്ത്രി സുരേഷ്‌ഗോപിക്കെതിരെ വീണ്ടും ആഞ്ഞടിച്ച് മന്ത്രി കെ.ബി. ഗണേഷ്‌കുമാർ. പൊലീസ് ഉദ്യോഗസ്ഥൻ്റെ വേഷമിട്ട് എറണാകുളത്ത് പരിപാടിയിൽ പങ്കെടുക്കാൻ പോയി വിവാദമായതൊന്നും സുരേഷ്‌ഗോപി മറക്കരുതെന്ന് ഗണേഷ് കുമാർ പറഞ്ഞു.
മാധ്യമങ്ങളിൽ അതിൻ്റെ ക്ലിപ്പിങ്ങുകൾ ഉണ്ടാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കാറിന്റെ പിറകിൽ സൂക്ഷിച്ചിരുന്ന തൊപ്പി വയ്യാത്ത കുഞ്ഞിന് കൊടുത്തെന്നാണ് ഇപ്പോൾ പറയുന്നതെന്നും വയ്യാത്ത കുഞ്ഞിന് എന്തിനാണ് തൊപ്പിയെന്നും ഗണേഷ്‌കുമാർ ചോദിച്ചു. തൊപ്പി വെച്ച് ഒരാൾ അൽപത്തരം കാട്ടിയെന്ന് പറയുമ്പോൾ, അത് പാവങ്ങൾക്ക് കൊടുത്തെന്ന് പറയുന്നത് എന്തിനാണ്.
മുമ്പ് സിൽക്ക് സ്‌മിത കടിച്ച ആപ്പിൾ വലിയ തുകക്ക് തമിഴ്‌നാട്ടിൽ ലേലത്തിനു പോയെന്ന് കേട്ടിട്ടുണ്ട്. അത് ശരിയാണോ എന്ന് അറിയില്ല. അതുപോലെ ഈ തൊപ്പിയും ലേലത്തിൽ വെക്കാമായിരുന്നു. എങ്കിൽ കുറച്ചു കൂടി ‘ഇംപാക്‌ട് ഉണ്ടാകുമായിരുന്നു. താൻ തൊപ്പി ഉണ്ടെന്നേ പറഞ്ഞുള്ളൂ. എന്തായാലും അത് സമ്മതിച്ചല്ലോ. പൊലീസ് ഉദ്യോഗസ്ഥന്റെ വേഷമിട്ട് എറണാകുളത്ത് പരിപാടിയിൽ പങ്കെടുക്കാൻ പോയി വിവാദമായതൊന്നും സുരേഷ്ഗോപി മറക്കരുത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

മാധ്യമങ്ങളിൽ അതിൻ്റെ ക്ലിപ്പിങ്ങുകൾ ഉണ്ടാകും. സമൂഹമാധ്യമങ്ങളിൽ തനിക്കെതിരെ എഴുതുന്നവന്മാർ ജനിക്കുന്നതിന് മുമ്പ് താൻ കേൾക്കുന്നതാണ് ആ ആരോപണങ്ങൾ. താൻ ഷോ കാണിക്കുന്ന ആളല്ല. ഇതിനേക്കാൾ വലിയ തീയിൽകൂടി നടന്നയാളാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ഗോപിയെ വിമർശിച്ച് മന്ത്രിയും നടനുമായ കെ.ബി ഗണേഷ് കുമാർ കഴിഞ്ഞ ദിവസം രംഗത്തെത്തിയത്.
സുരേഷ് ഗോപിക്കല്ല കുഴപ്പം, അദ്ദേഹത്തെ ജയിപ്പിച്ചവർക്കാണെന്നും വർഷങ്ങൾക്ക് മുൻപ് ഇദ്ദേഹം ഭരത് ചന്ദ്രനായി അഭിനയിച്ച ശേഷം കാറിന്റെ പുറകിൽ എപ്പോഴും ഒരു എസ്.പിയുടെ തൊപ്പി വെച്ചാണ് സഞ്ചരിച്ചിരുന്നയാളാണെന്നും അത്രയേ അദ്ദേഹത്തെ കുറിച്ച് പറയുന്നുള്ളൂവെന്നും ഗണേഷ്‌കുമാർ പരിഹസിച്ചിരുന്നു. എന്നാൽ, ഗണേഷ് കുമാർ പറഞ്ഞ ‘കമീഷണർ തൊപ്പി’ ഇപ്പോൾ എവിടെയെന്ന ചോദ്യം സമൂഹമാധ്യമങ്ങളിൽ ഉയർന്നതോടെ വ്യക്തത വരുത്തി സുരേഷ് ഗോപി രംഗത്ത് വന്നു.
തൻ്റെ കൈയിൽ ആ തൊപ്പിയില്ലായെന്നും ഇടുക്കി തൊടുപുഴയിൽ അച്ഛൻ്റെയും രണ്ടാനമ്മയുടെയും ക്രൂരമർദ്ദനത്തിന് ഇരയായ ഷെഫീഖ് എന്ന കുട്ടിക്ക് 2014ൽ കൈമാറിയെന്നാണ് അദ്ദേഹം പറയുന്നത്. പാലക്കാട് മാധ്യമങ്ങളോട് സംസാരിക്കവെയാണ് സുരേഷ് ഗോപിയെ ഗണേഷ് കുമാർ ട്രോളിയത്.
‘സുരേഷ് ഗോപിക്ക് കട്ട് പറയാൻ ഞാൻ സംവിധായകനല്ല. ആക്ഷനും റിയാക്ഷനുമൊക്കെ അവരവരുടെ ഇഷ്ടമാണ്. എന്നാൽ ജനങ്ങളാണ് കട്ട് പറയേണ്ടത്. കമീഷണർ റിലീസ് ചെയ്‌തപ്പോൾ കാറിന് പിന്നിൽ എസ്.പിയുടെ തൊപ്പി വെച്ചിരുന്നയാളാണ് സുരേഷ് ഗോപി. വർഷങ്ങൾക്കുമുമ്പ് ഭരത് ചന്ദ്രൻ ഐ.പി.എസ് ആയി അഭിനയിച്ചപ്പോഴായിരുന്നു പൊലീസ് തൊപ്പി കാറി പിന്നിൽ സ്ഥിരമായി വെച്ചിരുന്നത്.
സാധാരണ ഉന്നത പദവിയിലുള്ള പൊലീസുകാർ കാറിൽ യാത്ര ചെയ്യുമ്പോൾ അവരുടെ തൊപ്പി ഊരി സീറ്റിൻ്റെ പിന്നിൽ വെക്കാറുണ്ട്. അത്തരത്തിൽ സുരേഷ് ഗോപിയുടെ കാറിൽ കുറേക്കാലം എസ്.പിയുടെ ഐപിഎസ് എന്നെഴുതിയ തൊപ്പി വെച്ചിരുന്നു. അത് ഗ്ലാസിലൂടെ പുറത്തേക്ക് കാണുന്ന രീതിയിലായിരുന്നു വെച്ചിരുന്നത്. അത്രയേ അദ്ദേഹത്തെ കുറിച്ച് പറയാനുള്ളു.’-ഗണേഷ് കുമാർ പറഞ്ഞു.